തിരുവനന്തപുരം: മിസ്സൂറി സിറ്റി മേയര്‍ പദവിയില്‍ രണ്ടാം തവണയും വിജയിച്ചു വരാന്‍ കഴിഞ്ഞതിലൂടെ റോബിന്‍ ഇലക്കാട്ട് ആഗോള മലയാളി സമൂഹത്തിന്റെ അഭിമാനഭാജനമായിത്തീര്‍ന്നിരിക്കുകയാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. കേരള നിയമസഭയില്‍ സന്ദര്‍ശനം നടത്തിയ റോബിന്‍ ഇലക്കാട്ടിനെ നിയമസഭാ ചേംബറില്‍ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം അദ്ദേഹത്തെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു ഷംസീര്‍.
തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയും മുന്‍ സ്പീക്കറുമായിരുന്ന എം.ബി രാജേഷും മേയര്‍ റോബിന്‍ ഇലക്കാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസി ലോകത്ത് കഠിനാദ്ധ്വാനത്തിലൂടെ ഉന്നത സ്ഥാനത്ത് എത്തിച്ചേര്‍ന്ന റോബിന്‍ ഇലക്കാട്ടിന് കേരള നിയമസഭയുടെ പ്രത്യേക പുരസ്‌കാരം സ്പീക്കര്‍ സമ്മാനിച്ചു. അഭിനന്ദന ചടങ്ങില്‍ മുന്‍ മന്ത്രിയും കടുത്തുരുത്തി നിയമസഭാംഗവുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പൂച്ചെണ്ട് നല്‍കി അനുമോദനം അര്‍പ്പിച്ചു.
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറുമുള്ളൂര്‍ ഗ്രാമത്തില്‍ നിന്നും മിസ്സൂറി സിറ്റിയുടെ പ്രഥമ പൗരനായി മേയര്‍ സ്ഥാനത്ത് എത്തിച്ചേര്‍ന്ന റോബിന്‍ ഇലക്കാട്ടിന് ജന്മനാടിന്റെ അഭിനന്ദനം പ്രകടിപ്പിച്ചു കൊണ്ടുള്ള മംഗളപത്രം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍. എ സമര്‍പ്പിച്ചു.
നിയമസഭാ സന്ദര്‍ശന വേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, റവന്യു മന്ത്രി കെ. രാജന്‍, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, ഡോ. മാത്യു കുഴല്‍നാടന്‍, പി.ജെ ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയ ജന നേതാക്കളുമായി നേരില്‍ കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു. ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയും മേയറോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.