വാഷിങ്ടൺ: വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിൽ ‘അവർ ജേർണി ടുഗതർ’ എന്ന തൻ്റെ ബുക്കിൽ ഒപ്പിട്ട് മോദിക്ക് സമ്മാനിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരവും സുരക്ഷയും ഉഭയകക്ഷി ബന്ധവുമായെല്ലാം ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു മോദിക്ക് ട്രംപ് സമ്മാനം നൽകിയത്.
അമേരിക്കൻ പ്രസിഡൻ്റായുള്ള ട്രംപിൻ്റെ ആദ്യ ഊഴത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ കാലയളവ് ദൃശ്യവത്കരിക്കുന്ന ഫോട്ടോബുക്കാണ് ട്രംപ് മോദിക്ക് സമ്മാനിച്ചത്. 2019 സെപ്റ്റംബറിൽ മോദി അമേരിക്കയിൽ എത്തിയപ്പോൾ പങ്കെടുത്ത ഹൗഡി മോദി പരിപാടിയുടെ ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്.
ഓവൽ ഓഫീസിലെത്തിയ മോദിയെ ആശ്ലേഷത്തോടെയാണ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്. ‘എൻ്റെ പ്രധാനമന്ത്രി, നിങ്ങൾ മഹാനാണ്’ എന്നെഴുതി തൻ്റെ ഒപ്പ് ചാർത്തിയ ഫോട്ടോബുക്കാണ് സംയുക്ത വാർത്താസമ്മേളനത്തിനിടെ ട്രംപ് മോദിക്ക് സമ്മാനിച്ചത്. പുസ്തകത്തിലെ ചിത്രങ്ങളും ട്രംപ് മോദിക്ക് കാണിച്ചു കൊടുത്തു. 2020 ഇന്ത്യ സന്ദർശന വേളയിൽ അമേരിക്കൻ പ്രസിഡൻ്റ് പങ്കെടുത്ത നമസ്തേ ട്രംപ് പരിപാടിയിലെ ചിത്രങ്ങളും അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപിനൊപ്പം താജ് മഹലിന് മുമ്പിൽ നിൽക്കുന്ന പുസ്തകത്തിലെ ചിത്രങ്ങളും ട്രംപ് മോദിയെ കാണിച്ചു കൊടുത്തു.

മോദിക്കൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചത് ബഹുമതിയാണ്. ദീർഘകാലമായി എൻ്റെ വലിയ സുഹൃത്താണ് മോദി, ഞങ്ങൾക്കിടയിലെ ബന്ധം വളരെ മികച്ചതാണ്, കഴിഞ്ഞ നാല് വർഷത്തോളമായി ആ ബന്ധം ഞങ്ങൾ സൂക്ഷിക്കുന്നു എന്നായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള ട്രംപിൻ്റെ പ്രതികരണം.
ഇതിനിടെ ഇന്ത്യയുടെ ഉയർന്ന താരിഫിനെതിരെയും മോദി പ്രതികരിച്ചു. അമേരിക്ക ഇന്ത്യയുമായി പരസ്പര നികുതിയിലാണ്. ഇന്ത്യയെന്താണോ നികുതി ചുമത്തുന്നത് ഞങ്ങളും അത് ചുമത്തും എന്നായിരുന്നു മോദിയുടെ പ്രതികരണം.
അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നും ആരംഭിച്ച് ഇസ്രയേലിലൂടെ അമേരിക്കയിലെത്തുന്നതാണ് വ്യാപാര ഇടനാഴി. എല്ലാ സഖ്യരാജ്യങ്ങളെയും റോഡ്, റെയിൽ, സമുദ്രാന്തര കേബിളുകൾ എന്നിവ വഴി പരസ്പരം ബന്ധിക്കുന്നതാവും ഇടനാഴി. ഇത് വലിയൊരു മുന്നേറ്റമായിരിക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.