പ്രണയം പെയ്തിറങ്ങുന്ന മാസമാണ് ഫെബ്രുവരി. പ്രണയ മഴയില്‍ നനഞ്ഞ് നില്‍ക്കുന്ന ഫെബ്രുവരി 14 പ്രണയിക്കാനുള്ള, പ്രണയിക്കുന്നവര്‍ക്കുള്ള ദിനമാണ്. പ്രണയത്തെ ആഘോഷമാക്കുന്ന ദിനം. എന്തും കാഴ്ചയാക്കുന്ന പുതിയ സംസ്‌കാരത്തില്‍ ഒഴിച്ച് നിറുത്താനാവാത്ത സ്ഥാനമുണ്ട് ഈ ദിനത്തിന്. എന്നിരിക്കിലും പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഈ ദിനം പ്രത്യേക അനുഭവമാണ്. ഈ ദിനം പ്രണയങ്ങള്‍ ജനിക്കുന്നു, നിലവിലുള്ളവ സുദൃഢമാകുന്നു, മുറിഞ്ഞ് പോയവ കൂടിച്ചേരുന്നു. പ്രണയത്തില്‍ മുങ്ങിയ ചുവന്ന ഹൃദയങ്ങള്‍. വസന്തം തളിരിടുന്ന ഫെബ്രുവരിയെ പ്രണയം ചുവന്ന പട്ടുടുപ്പിക്കുന്ന ദിനം. പ്രണയത്തിനായി ഒരു ദിനം മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ ഫെബ്രുവരി പതിനാലിന് പകരം വയ്ക്കാന്‍ മറ്റൊരു ദിനമില്ല.
ഇലപൊഴിയുന്ന ശിശിരത്തില്‍ നിന്നും തളിരിടുന്ന വസന്തത്തിലേക്ക് പ്രവേശിക്കുന്ന മാസമാണ് ഫെബ്രുവരി. തണുത്തുറഞ്ഞ് ഇലകള്‍ പൊഴിഞ്ഞ് ശിശിരം പടിയിറങ്ങുമ്പോള്‍ പുതു പ്രതീക്ഷകളുടെ നനുത്ത നാമ്പായി വസന്തമെത്തുന്നു. പ്രണയം മനസിലേക്ക് കുളിര്‍കാറ്റായി എത്തുന്നതുപോലെ. മനുഷ്യനും പ്രകൃതിയും ബന്ധപ്പെട്ട് കിടക്കുന്നു. പ്രകൃതിയ്ക്കുമുണ്ട് വികാരങ്ങള്‍. അവ ഋതുക്കളായി പ്രതിഫലിക്കുന്നു. പ്രകൃതിയുടെ പ്രണയകാലമാണ് വസന്തം, മനുഷ്യന്റേയും. ഈ ദിനത്തെ പ്രണയ ദിനമായി മാറ്റിയതിന് കാലത്തിന്റേയും പ്രകൃതിയുടെ ന്യായവാദങ്ങളുണ്ടെങ്കിലും വാലന്റൈന്‍സ് ഡേ എന്ന ഈ ദിനത്തിന് പിന്നില്‍ ഒരു ത്യാഗത്തിന്റെ കഥയുണ്ട്.
ത്യാഗമാണ് പ്രണയത്തിന്റെ പൂര്‍ണത. പ്രണയത്തിന് വേണ്ടി സ്വന്തം ജീവന്‍ ദാനം ചെയ്ത വാലന്റൈന്‍ എന്ന വൈദീകന്റെ ജീവത്യാഗത്തിന്റെ ഓര്‍മ ദിനമാണ് ഫെബ്രുവരി പതിനാല്. ആ ത്യാഗത്തിന്റെ ഓര്‍മയിലാണ് ഓരോ പ്രണയദിനങ്ങളും കടന്ന് പോകുന്നത്. പ്രണയത്തിന്റെ ആഘോഷമാണ് യുവമിഥുനങ്ങള്‍ക്ക് വാലന്റൈന്‍സ് ഡേ. എന്നാല്‍ കാലങ്ങള്‍ക്ക് മുമ്പ് പ്രണയദിനത്തെ കച്ചവടത്തിന്റെ ദിനമാക്കി മാറ്റുന്നതിന് മുമ്പ് സങ്കടത്തിന്റെ, നൊമ്പരത്തിന്റെ ദിനമായിരുന്നു. പ്രണയത്തിന് വേണ്ടി നിലകൊണ്ട ഒരു വിശുദ്ധന്റെ വേര്‍പാടിന്റെ നൊമ്പരം.
എഡി 469-ലാണ് പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14-ന് വിശുദ്ധ വാലന്റൈന്റെ ഓര്‍മദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രണിക്കുന്നവരുടെ മദ്ധ്യസ്ഥനെന്നാണ് റോമിലെ സെന്റ് വാലന്റൈന്‍ അറിയപ്പെടുന്നത്. മതപീഡനങ്ങളുടെ കാലമായിരുന്നു ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിച്ചിരുന്ന മൂന്നാം നൂറ്റാണ്ട്. അക്കാലത്ത് ക്ലോഡിയസ് രണ്ടാമന്റെ കല്പനകള്‍ക്ക് വിരുദ്ധമായി തന്റെ ദൗത്യം നിര്‍വഹിച്ചുപോന്ന വ്യക്തിയായിരുന്നു സെന്റ് വാലന്റൈന്‍. അന്നദ്ദേഹം റോമിലെ ഒരു പള്ളിയിലെ വികാരിയായിരുന്നു. ക്ലോഡിയസ് രണ്ടാമന്റെ മണ്ടന്‍ കല്പന പ്രണയം നിഷേധിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ശ്രദ്ധേയ ഇടപെടല്‍ നടത്തുന്നത്. അതിന് പകരം നല്‍കേണ്ടി വന്നത് സ്വജീവനും.
ശക്തമായ ഒരു സൈന്യത്തെ വാര്‍ത്തെടുക്കുന്നതില്‍ ബദ്ധ ശ്രദ്ധ പുലര്‍ത്തിയിരുന്നു ക്ലോഡിയസ് രണ്ടാമന്‍. പ്രണയവും വിവാഹവും യുവാക്കളെ കൂടുതല്‍ വൈകാരികമാക്കുമെന്നും സൈന്യത്തില്‍ ചേരാനുള്ള അവരുടെ താല്പര്യം നഷ്ടമാക്കുമന്നും കണ്ട് ഒരു കല്പന പുറപ്പെടുവിച്ചു. യുവാക്കള്‍ വിവാഹം കഴിക്കാന്‍ പാടില്ല. മണ്ടന്‍ ആശയമെന്ന് ഇതിനെ വിശേഷിപ്പിച്ചെങ്കിലും ആ ഉഗ്രശാസനയെ എതിര്‍ക്കാന്‍ ആരും ധൈര്യം കാണിച്ചില്ല. എന്നാല്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ വാലന്റൈന്‍ ധൈര്യം കാണിച്ചു.
പ്രണയവും വിവാഹവും നിഷേധിക്കപ്പെട്ട യുവാക്കളുടെ ജീവിതം ഇരുട്ടറയില്‍ അടയ്ക്കപ്പെട്ടതിന് സമാനമായി. ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാനാവാതെ അവര്‍ ഉരുകി. യുവാക്കള്‍ കൂടുതല്‍ മൂകരായി. വാളും പരിചയുമായി യുദ്ധഭൂമിയിലേക്ക് പോകുന്ന യുവാക്കളുടെ ദൃശ്യം വിശുദ്ധ വാലന്റൈനെ സംബന്ധിച്ച് ഹൃദയഭേദകമായിരുന്നു. ചക്രവര്‍ത്തിയുടെ ഉത്തരവിന് വിപരീതമായി അദ്ദേഹം വിവാഹങ്ങള്‍ നടത്തിക്കൊടുത്തു. യുവാക്കള്‍ വീണ്ടും ഊര്‍ജസ്വലരായി. എന്നാല്‍ ഈ വിവരം രഹസ്യമായി അറിഞ്ഞ ചക്രവര്‍ത്തിയുടെ സൈന്യം വാലന്റൈനെ പിടികൂടി. 270 ഫെബ്രുവരി 14-ന് അദ്ദേഹത്തെ ശിരഛേദം ചെയ്തു.
വിശുദ്ധ വാലന്റൈന്‍ എന്ന പേരില്‍ വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് രണ്ട് കഥകള്‍ പ്രചരിക്കുന്നുണ്ട്. രണ്ട് കഥയും വ്യത്യസ്തമാണെങ്കിലും ഇരുവരേയും ഫെബ്രുവരി 14-ന് ക്ലോഡിയസ് രണ്ടാമന്‍ കൊലപ്പെടുത്തി എന്നതില്‍ തര്‍ക്കമില്ല. ഒരാള്‍ റോമിലെ പുരോഹിതനായിരുന്നു എന്ന് പറയപ്പെടുമ്പോള്‍ രണ്ടാമന്‍ ടെര്‍ണിയുടെ മെത്രാനായിരുന്നുവെന്നും പറയപ്പെടുന്നു. ടെര്‍ണിയുടെ മെത്രാനായിരുന്ന വാലന്റൈന്‍ കൊല്ലപ്പെടുന്നത് ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിനായിരുന്നു. ബിഷപ്പ് വാലന്റൈനാണ് വാലന്റൈന്‍ സന്ദേശങ്ങള്‍ക്ക് പിന്നില്‍.
ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ച് നിന്ന വിശുദ്ധ വാലന്റൈന്‍ ഒരിക്കല്‍ റോമിലെ ജഡ്ജിയുടെ തടവിലായി. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അദ്ദേഹം അടിയുറച്ചു നിന്നു. അന്ധയായ തന്റെ മകള്‍ക്ക് സൗഖ്യം നല്‍കാമോ എന്ന് അദ്ദേഹം വാലന്റൈനോട് ചോദിച്ചു. സൗഖ്യം ലഭിച്ചില്ലെങ്കില്‍ വാലന്റൈനെ വധിക്കും കാഴ്ച ലഭിച്ചാല്‍ വാലന്റൈന്‍ പറയുന്നത് ജഡ്ജി അനുസരിക്കും, ഇതായിരുന്നു വ്യവസ്ഥ. ജഡ്ജിയുടെ മകളുടെ കണ്ണിന് മുകളില്‍ കരംവച്ച് വാലന്റൈന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ആ മകള്‍ക്ക് കാഴ്ച ലഭിച്ചു. പകരമായി ജഡ്ജിയുടെ കുടുംബം മുഴുവന്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നു.
ക്ലോഡിയസ് രണ്ടാമന്റെ തടവിലായ വാലന്റൈന്‍ ജഡ്ജിയുടെ മകള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. മരണം വിധിക്കപ്പെട്ട ശേഷം അദ്ദേഹം അയച്ച സന്ദേശങ്ങളില്‍ നിന്നാണ് വാലന്റൈന്‍ സന്ദേശങ്ങളുടെ പിറവി. റോമന്‍ കത്തോലിക്ക സഭയിലെ വിശുദ്ധനായ വാലന്റൈന്റെ പേര് പിന്നീട് റോമന്‍ കാത്തലിക് കലണ്ടറില്‍ നിന്നും നീക്കി. 1969-ലാണ് അദ്ദേഹത്തേ നീക്കിയത്. രക്തസാക്ഷിയായി അറിയപ്പെടുന്ന ആളും അവരുടെ പ്രവര്‍ത്തകളും ദൈവം മാത്രം അറിയുന്നതായിരിക്കണമെന്ന് എ.ഡി 496 പോപ്പ് ജെലേസിയസ് ഒന്നാമന്‍ പ്രഖ്യാപിച്ചു. സ്വന്തം പേരില്‍ പ്രശസ്തനായ വാലന്റൈനെ കലണ്ടറില്‍ നിന്നും നീക്കിയത് ഇതിന്റെ പേരിലായിരുന്നു.
യഥാര്‍ത്ഥ വാലന്റൈന്‍ ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും കാത്തോലിക്കാ സഭയിലെ വിശുദ്ധന്മാരുടെ ഔദ്യോഗിക പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. ഒരു വര്‍ഷത്തില്‍ ഒന്നിലധികം വാലന്റൈന്‍സ് ആഘോഷിക്കാനുള്ള അവസരമുണ്ട്. പിന്നീടിങ്ങോട്ട് നിരവധി വിശുദ്ധ വാലന്റൈന്‍മാരെ കാണാം. ഫെബ്രുവരി 14 എന്നുള്ളത് നവംബര്‍ മൂന്നിനും ആഘോഷിക്കാം. വിറ്റെര്‍ബോയിലെ വിശുദ്ധ വാലന്റൈന്റെ ഓര്‍മദിനമാണ് അന്ന്. പരമ്പരാഗത വാലന്റൈന്‍സ് ഡേ ജനുവരി ഏഴിനാണ്. റൊയേഷ്യയിലെ സെന്റ് വാലന്റൈന്റെ ഓര്‍മ്മദിനമാണ് അന്ന്. സ്ത്രീകളുടെ വാലന്റൈനാണ് പാലസ്തീനിലെ വിശുദ്ധ വലന്റീന, കന്യകയായ ഈ രക്തസാക്ഷിയുടെ ഓര്‍മദിനം ജൂലൈ 25-നാണ്.
വാലന്റൈനിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ എന്നത് മാത്രമല്ല ഫെബ്രുവരി 14-നെ പ്രണയദിനമാക്കി മാറ്റുന്നതിനുള്ള കാരണം. പ്രകൃതിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഇതിനേക്കാള്‍ അനുയോജ്യമായ ഒരു ദിനം ഇല്ലെന്ന് ബോധ്യമാകും. പ്രണയം എന്നത് നിറങ്ങളാണ്. മുകുളങ്ങള്‍ നാമ്പിടുന്ന അവസ്ഥയാണ്. ഋതു ചംക്രമണം പരിശോധിക്കുമ്പോള്‍, ശിശിരം അവസാനിച്ച് വസന്തം തുടങ്ങുന്ന സമയമാണ് ഫെബ്രുവരി 14. പ്രണയവും പ്രതീക്ഷയും നാമ്പിടുന്ന സമയം.
ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം എന്തെന്ന് ചോദിച്ചാല്‍ അധികം ആലോചിക്കേണ്ടി വരില്ല. പ്രണയത്തോളം പവിത്രവും, നിര്മ്മലവുമായ മറ്റൊരു വികാരം മനുഷ്യര്‍ക്കിടയിലില്ല. പരിധികളില്ലാത്ത സ്‌നേഹം പരസ്പരം കൈമാറുന്നത് തന്നെയാണ് പ്രണയം. അതില്‍ വിട്ടുവീഴ്ചകളും, കൈമാറലുകളും, തിരിച്ചറിയലുകളും എല്ലാം ഉള്‍പ്പെടുന്നു. ലോകമെമ്പാടും വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന അസുലഭ നിമിഷത്തിനായി പ്രണയത്തെ കരുതലോടെ ചേര്‍ത്തു പിടിച്ച് കാത്തിരിക്കാം.
”ഹാപ്പി വാലന്റൈന്‍സ് ഡേ…”