വാഷിംഗ്ടൺ: മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണമെന്ന്ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി എത്തിയ മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രതികരണം. അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നുo ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മോദി വ്യക്തമാക്കി.
.നിയമ വിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല. ഇതു ലോകമാകെ ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു.104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലേക്കു യുഎസ് നാടുകടത്തിയതു വിവാദമായി ഒരാഴ്‌ച കഴിഞ്ഞാണു മോദിയുടെ പ്രസ്താവന. “ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടുംകേട്ടും ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണു പലരും എത്തുന്നത്.മനുഷ്യക്കടത്തിലൂടെയാണു പലരെയും കൊണ്ടുവരുന്നത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ആ മുഴുവൻ വ്യവസ്‌ഥയ്ക്കെതിരെയാണ്. ഇതിനു ട്രംപ് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പുണ്ട്.”- മോദി പറഞ്ഞു. 2008ലെ മുംബൈ ഭീകാരാക്രമണക്കേസിലെ കുറ്റവാളി തഹാവൂർ റാണയെ കൈമാറുമെന്നു ട്രംപ് പറഞ്ഞതിനോടും മോദി പ്രതികരിച്ചു.