വാഷിങ്ടൺ: ചെലവ് വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചുവിടാനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉപദേശം നൽകുന്ന വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന് തിരിച്ചടി നൽകി യു.എസ് വിദേശകാര്യ മന്ത്രാലയം.ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ലയിൽനിന്ന് വാഹനങ്ങൾ വാങ്ങാനുള്ള പദ്ധതി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അവസാനിപ്പിച്ചു.400 ദശലക്ഷം ഡോളറിന്റെ കവചിത ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള പദ്ധതിയാണ് ഒഴിവാക്കിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജോ ബൈഡൻ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് കവചിത ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടത്. അന്ന് ടെസ്ല മാത്രമാണ് താൽപര്യം പ്രകടിപ്പിച്ചിരുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പറഞ്ഞു. നിലവിൽ കവചിത ഇലക്ട്രിക് വാഹന കരാറിൽ ജർമൻ കമ്പനിയായ ബി.എം.ഡബ്ല്യു കൂടി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആർക്കും കരാർ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസ് എംബസികൾക്ക് വാഹനം നൽകിയതിനടക്കം 41.9 ദശലക്ഷം ഡോളർ ടെസ്ലക്ക് നേരത്തേ ലഭിച്ചിരുന്നു.