വാഷിങ്ടൺ: യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുന്നത് പരിശോധിക്കാൻ നിർദേശം നൽകി ഡോണൾഡ് ട്രംപ്. അധിക തീരുവ ചുമത്തുന്നത് പരിശോധിക്കാൻ ട്രംപ് വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ഇത് അമേരിക്കയുടെ വരുമാനം ഉയരുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ആഗോള വ്യപാര യുദ്ധത്തിലേക്ക് നീക്കം നയിച്ചേക്കുമെന്നും ആശങ്കയുണ്ട്. യു.എസിൽ പണപ്പെരുപ്പം ഉയരുമ്പോഴാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഏപ്രിൽ ഒന്നിനകം അധിക തീരുവ ചുമത്തുന്നതിൽ പരിശോധന പൂർത്തിയാകുമെന്ന് നിയുക്ത യു.എസ് കോമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുറ്റ്നിക്ക് പറഞ്ഞു. ഏപ്രിൽ രണ്ടിന് അധിക തീരുവ ചുമത്തുന്നതിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു അധിക തീരുവയെന്നത്. ഇതിനുള്ള നീക്കങ്ങൾക്കാണ് ട്രംപ് ഇപ്പോൾ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നത്.
മറ്റ് രാജ്യങ്ങൾ ഞങ്ങൾക്കുമേൽ നികുതിയും തീരുവ ചുമത്തിയാൽ അതേ രീതിയിലുള്ള മറുപടിയുണ്ടാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നത് സംബന്ധിച്ച് പരിശോധന നടത്തുമ്പോൾ വാറ്റ് നികുതിയുള്ള രാജ്യങ്ങളേയും പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് ട്രംപ് അധിക തീരുവ ചുമത്തുന്ന നിർണായക ഉത്തരവിൽ ഒപ്പുവെച്ചത്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധത്തിന് തുടക്കം കുറിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇന്ത്യയിലേക്ക് സുഗമമായി ഇറക്കുമതി ചെയുന്നതിനടക്കം തടസ്സം നേരിടുകയാണെന്ന് ഇന്ത്യയിലെ തീരുവ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞിരുന്നു.