ന്യൂയോര്‍ക്ക്: വേർപിരിയുന്നുവെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് പരസ്പരം പ്രണയ ദിനാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമയും മിഷേലും. ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകൾ ചൂടുപിടിക്കുന്നതിനിടെയാണ് മിഷേലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒബാമ പ്രണയ സന്ദേശം എക്സിൽ കുറിച്ചത്. ‘മുപ്പത്തിരണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും നിങ്ങളന്‍റെ ശ്വാസം നിലയ്ക്കാൻ കാരണമാകുന്നു, ഹാപ്പി വാലന്‍റൈൻസ് ഡേ’-മിഷേലിനെ ടാഗ് ചെയ്ത് ഒബാമ എക്സിൽ കുറിച്ചു.
‘എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അത് നിങ്ങളാണ്, നിങ്ങളാണെന്‍റെ താങ്ങും തണലും, എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹാപ്പി വാലന്‍റൈൻസ് ഡേ’ പ്രിയപ്പെട്ടവനേ എന്നായിരുന്നു മിഷേലിന്‍റെ കുറിപ്പ്. അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്‌റെ വക്കിലാണെന്നുമുള്ള വാർത്തകൾ തള്ളിയാണ് ഇരുവരുടേയും പ്രണയദിനാശംസകൾ.
പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഇതും നടിയും ഒബാമയും ബന്ധത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ കഴിഞ്ഞ ജനുവരി 17ന് മിഷേലിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റിട്ടിരുന്നു. എന്‍റെ ജീവന്‍റെ ജീവനായ മിഷേലിന് ജന്മദിനാശംസകൾ എന്നായിരുന്നു ഒബാമയുടെ ആശംസ. 18ന് ഈ പോസ്റ്റ് മിഷേലും പങ്കുവെച്ചിരുന്നു. ലവ് യു ഹണി എന്ന കുറിപ്പോടെയാണ് മിഷേൽ ഒബാമയുടെ ജന്മദിനാശംസ ഷെയർ ചെയ്തത്.