സോണി കണ്ണോട്ടുതറ
ഒർലാണ്ടോ :ഒർലാണ്ടോയിലെ കലാ സാംസ്‌കാരിക രംഗങ്ങളിൽ സാന്നിധ്യം അറിയിച്ച സെബാസ്റ്റ്യൻ തൂമ്പുങ്കൽ ( ഷാജി തൂമ്പുങ്കൽ) രചിച്ച ബൈബിൾ നാടക ഗ്രന്ഥം സൂസന്നയുടെ പ്രകാശന സമ്മേളനം ഫാത്തിമപുരം ഫാത്തിമ വെൽഫെയർ ലീഗ് ഹാളിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉദ്ഘാടനം ചെയ്യതു.

പുസ്തകം പ്രകാശനം ചെയ്തത് അമേരിക്കൻ മലയാളിയായ ഡോ. ജോർജ് പടനിലത്തിൽ നിന്നും പുസ്തകം ഏറ്റുവാങ്ങിയത് അമേരിക്കൻ വ്യവസായി ചാക്കോച്ചൻ ജോസഫ് ആണ്. ഫാത്തിമ വെൽഫെയർ ലീഗ് പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ രാജു ചാക്കോ,തങ്കച്ചൻ വലിയപറമ്പിൽ, ജോഷി തൂമ്പുങ്കൽ, വൈ എം സി എ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ,മുൻ മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, ,ഫാത്തിമാപുരം പള്ളി കോ -വികാരി ഫാ. സ്റ്റെഫിൻ മാമ്പ്ര, ജേക്കബ് ജോബ് ഐ പി എസ്, തൂമ്പുങ്കൽ കുടുംബയോഗം പ്രസിഡന്റ് ചാണ്ടി കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.

ശ്രീ. സെബാസ്റ്റ്യൻ തൂമ്പുങ്കൽ നിരവധി നാടകങ്ങളിലും, അമേരിക്കയിൽ തന്നെ നിർമിച്ചിട്ടുള്ള ഷോർട് ഫിലിംകളിലും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് , ഈ അനുഭവ സമ്പത്താണ് ഇത്തരം ഒരു നാടക രചനയ്ക്ക് പ്രജോതനമായത്.ഒർലാണ്ടോയിലെ പ്രമുഖ സംഘടനായ ഒരുമയുടെ പ്രസിഡന്റ് ആയും അഡ്വൈസറി ബോർഡ് അംഗമായും സെബാസ്റ്റ്യൻ തൂമ്പുങ്കൽ പ്രവർത്തിച്ചിട്ടുണ്ട് . ശ്രീമതി. ജാൻസി തൂമ്പുങ്കലാണ് സെബാസ്റ്റ്യൻ തൂമ്പുങ്കലിന്റെ സഹധർമ്മിണി.
