വാഷിങ്ടൻ: കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി വൈറ്റ് ഹൗസിന്റെ പ്രണയദിന സന്ദേശം. ‘‘റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റ് നീലയാണ്. നിയമവിരുദ്ധമായി ഇവിടെ വരൂ, ഞങ്ങൾ നിങ്ങളെ നാടുകടത്തും’’ – വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രണയദിന ആശംസയിൽ പറയുന്നു.
‘വയലറ്റുകൾ നീലയാണ്, റോസാപ്പൂക്കൾ ചുവപ്പാണ്’ എന്ന വരികൾ എഡ്മണ്ട് സ്പെൻസറുടെ വിഖ്യാതമായ ‘ദി ഫിയറി ക്വീൻ’ എന്ന കവിതയിലെ ആണ്. സ്നേഹം ശക്തവും വികാരഭരിതവുമാണ്. ചുവന്ന റോസാപ്പൂവ് അതിനെ പ്രതിനിധീകരിക്കുന്നു. അതേസമയം പ്രണയം വിശ്വസ്തവും ആഴത്തിലുള്ളതും ആത്മാർത്ഥവുമാണ്. നീല നിറം അതിനെയും പ്രതിനിധീകരിക്കുന്നു. സാധാരണയായി പ്രണയദിനത്തിൽ ഈ വരികൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അതിർത്തി മേധാവി തോമസ് ഹോമന്റെയും കർക്കശമായ മുഖങ്ങൾ നൽകിയായിരുന്നു വൈറ്റ് ഹൗസിന്റെ എക്സ് പോസ്റ്റ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ട്രംപ്. യുഎസിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക്, തോമസ് ഹോമൻ മുന്നറിയിപ്പ് നൽകിയതും വിവാദമായിരുന്നു