വാഷിങ്ടണ്‍: സൈനികരുള്‍പ്പെടെ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപും മസ്‌കും. യുഎസിലെ ഗവണ്‍മെന്റ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉപദേഷ്ടാവ് എലോണ്‍ മസ്‌കിന്റെയും ശ്രമം വ്യാപിക്കുന്നു.
ആഭ്യന്തരം, ഊര്‍ജം, വെറ്ററന്‍സ് അഫയേഴ്സ്, കൃഷി, ആരോഗ്യം, മനുഷ്യ സേവനങ്ങള്‍ എന്നീ വകുപ്പുകളിലെ ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടി പ്രൊബേഷണറി ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ്. വൈറ്റ് ഹൗസില്‍ നിന്നുള്ള കണക്കനുസരിച്ച്, വാഗ്ദാനം ചെയ്ത പണം വാങ്ങി സ്വമേധയാ പിരിഞ്ഞു പോകാമെന്ന് സമ്മതിച്ച ഏകദേശം 75,000 തൊഴിലാളികള്‍ക്ക് പുറമേയാണ് പിരിച്ചുവിടലുകള്‍ എന്ന് റോയിട്ടേഴ്സും മറ്റ് പ്രധാന യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇത് 2.3 ദശലക്ഷം വരുന്ന തൊഴിലാളികളുടെ ഏകദേശം 3 ശതമാനമാണ്.
ഫെഡറല്‍ ഗവണ്‍മെന്റ് ഒരു അധിക വീര്‍പ്പുമുട്ടലിലാണെന്നും, ഇതിനകം തന്നെ സര്‍ക്കാരിന് വളരെയധികം പണം നഷ്ടപ്പെടുന്നുവെന്നും ട്രംപ് പറയുന്നു. യുഎസ് സര്‍ക്കാരിന് നിലവില്‍ ഏകദേശം 36 ട്രില്യണ്‍ ഡോളര്‍ കടമുണ്ട്. ഫെഡറല്‍ ചെലവുകള്‍ക്ക് മേലുള്ള നിയമസഭയുടെ ഭരണഘടനാപരമായ അധികാരത്തില്‍ ട്രംപ് കടന്നുകയറ്റം നടത്തുകയാണെന്നാണ് ഡെമോക്രാറ്റുകള്‍ അവകാശപ്പെട്ടു. ട്രംപിന്റെ സഹപ്രവത്തകരായ റിപ്പബ്ലിക്കന്‍മാര്‍ ഈ നീക്കങ്ങളെ വലിയതോതില്‍ പിന്തുണച്ചിട്ടുമുണ്ട്.
മിസ്റ്റര്‍ മസ്‌കിന്റെ പരിഷ്‌കരണങ്ങളിലെ വേഗത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് ഉള്‍പ്പെടെയുള്ള ചിലരില്‍ നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് പുറമേ, ട്രംപും മസ്‌കും കരിയര്‍ ജീവനക്കാരുടെ സിവില്‍ സര്‍വീസ് സംരക്ഷണം നിര്‍ത്തലാക്കാനും, മിക്ക യുഎസ് വിദേശ സഹായങ്ങളും മരവിപ്പിക്കാനും, യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്, കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ സിഎഫ്പിബി എന്നിവ പോലുള്ള ചില സര്‍ക്കാര്‍ ഏജന്‍സികളെ പൂര്‍ണ്ണമായി അടച്ചുപൂട്ടാനും ശ്രമിച്ചു.
യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും പ്രൊബേഷണറി തൊഴിലാളികളില്‍ പകുതിയോളം പേരെയും നിര്‍ബന്ധിതമായി പുറത്താക്കുകയാണ്. യുഎസ് ഫോറസ്റ്റ് സര്‍വീസ് അടുത്തിടെ നിയമിച്ച 3,400 പേരെയും നാഷണല്‍ പാര്‍ക്ക് സര്‍വീസ് 1,000 പേരെയും ഉടനെ പിരിച്ചുവിടുമെന്ന് വിവരങ്ങള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.