Thursday, April 3, 2025

HomeAmericaഅമേരിക്കയില്‍ പതിനായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു; കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് മേല്‍നോട്ടം വഹിച്ച് ഇലോണ്‍ മസ്‌ക്

അമേരിക്കയില്‍ പതിനായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു; കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് മേല്‍നോട്ടം വഹിച്ച് ഇലോണ്‍ മസ്‌ക്

spot_img
spot_img

യുഎസിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് വ്യാഴാഴ്ചയോടെ 9,500 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. യുഎസിലെ ഉദ്യോഗസ്ഥവൃന്ദത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും തീരുമാനത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസ് സര്‍ക്കാര്‍ ഏജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE) തലവന്‍ കൂടിയാണ് മസ്‌ക്.

ഇതിനോടകം 1000ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി യുഎസിലെ വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പ് (Department of Veterans Affairs) അറിയിച്ചു. 3000 ലേറെ ജീവനക്കാരെ പിരിച്ചുവിടാന്‍ യുഎസ് ഫോറസ്റ്റ് സര്‍വീസും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പിരിച്ചുവിടല്‍ സംബന്ധിച്ച ഇമെയില്‍ സന്ദേശം അയച്ചുതുടങ്ങിയതായി പല മുതിര്‍ന്ന ജീവനക്കാരും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അടുത്തിടെ ജോലിയ്ക്ക് കയറി പ്രൊബേഷനില്‍ തുടരുന്നവര്‍ക്കും പിരിച്ചുവിടല്‍ ഉത്തരവ് അയച്ചതായി മുതിര്‍ന്ന ജീവനക്കാര്‍ അറിയിച്ചു.

അതേസമയം, ഊര്‍ജ വകുപ്പ്, വെറ്ററന്‍സ് അഫയേഴ്‌സ്, കൃഷി, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ്, എന്നീ വകുപ്പുകള്‍ തൊഴില്‍സംരക്ഷണം കുറവുള്ള ജീവനക്കാരെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ പോലെയുള്ള വകുപ്പുകളില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഈ വെട്ടിക്കുറയ്ക്കല്‍ കരാര്‍ തൊഴിലാളികളെയും മോശമായി ബാധിച്ചു.

കൂട്ടപ്പിരിച്ചുവിടലിനെ പിന്തുണച്ച് ട്രംപ്

സര്‍ക്കാര്‍ ഏജന്‍സികളിലെ കൂട്ടപ്പിരിച്ചുവിടലിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തി. വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും ഇത് സര്‍ക്കാരിന്റെ സാമ്പത്തികബാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തികബാധ്യത വര്‍ധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം കൈകൊള്ളേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇലോണ്‍ മസ്‌കിന്റെ സമീപനത്തെയും ട്രംപ് ഭരണകൂടത്തിലെ അദ്ദേഹത്തിന്റെ സ്വാധീനത്തെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏകദേശം 280,000 ജീവനക്കാരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസിലെത്തിയത്. അതില്‍ ഭൂരിഭാഗം പേരും പ്രൊബേഷന്‍ കാലയളവിലാണ്. നിലവില്‍ ഇവരെല്ലാം പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു.

ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ പ്രതിവര്‍ഷം 98 മില്യണ്‍ ഡോളറിലധികം(ഏകദേശം 800 കോടിരൂപ) ലാഭിക്കാന്‍ സാധിക്കുമെന്ന് വെറ്ററന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ ലാഭം വെറ്ററന്‍സ് അഫയേഴ്‌സ് ഗുണഭോക്താക്കള്‍ക്കുള്ള ആരോഗ്യസംരക്ഷണം, ആനൂകൂല്യങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുമെന്നും വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിയമപരമായ വെല്ലുവിളികള്‍

പിരിച്ചുവിടല്‍ ആരംഭിച്ചതോടെ അമേരിക്കയിലെ 14 സംസ്ഥാനങ്ങള്‍ പരാതിയുമായി രംഗത്തെത്തി. ഇലോണ്‍ മസ്‌കിന്റെ നിയമനം നിയമവിരുദ്ധമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെയാണ് മസ്‌കിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം മോശം പ്രകടനമോ പെരുമാറ്റച്ചട്ടലംഘനമോ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാവുന്നതാണ്. അന്യായമായി പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അപ്പീല്‍ അധികാരങ്ങള്‍ ഉറപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം വ്യാഴാഴ്ചത്തെ പിരിച്ചുവിടല്‍ ഏറെയും ബാധിച്ചത് പ്രൊബേഷനില്‍ തുടര്‍ന്നിരുന്ന ജീവനക്കാരെയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments