ജെറുസലേം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രായേൽ സന്ദർശനം ഏറെ നിർണായകമാണ്. ബന്ദിമോചനത്തിന്റെ ആറാംഘട്ടത്തിന് പിന്നാലെ മിഡിൽ ഈസ്റ്റ് പര്യടനം ആരംഭിച്ചിരിക്കുകയാണ് മാർക്കോ റൂബിയോ. വാഷിംഗ്‌ടണിന്റെ ഉന്നത നയതന്ത്രജ്ഞനെന്ന നിലയിൽ പ്രദേശത്തേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ റൂബിയോയുടെ നടപടികൾ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാനും 2 ദശലക്ഷത്തിലധികം ഫലസ്‌തീനികളെ മാറ്റിപ്പാർപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായി വിമർശിക്കപ്പെട്ട നിർദേശം റൂബിയോ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് വംശീയ ഉന്മൂലനത്തിന് തുല്യമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
15 മാസത്തിലേറെ നീണ്ടുനിന്ന ആക്രമണത്തിൽ ഇസ്രായേൽ ബോംബിട്ട് തകർത്ത തീരദേശ പ്രദേശത്തെ മിഡിൽ ഈസ്റ്റിന്റെ റിവിയേരയാക്കി മാറ്റാനുള്ള ട്രംപിന്റെ പദ്ധതി അതേപടി നടപ്പാക്കാനുള്ള നീക്കങ്ങളുമായാണ് റൂബിയോ ജറുസലേമിലേക്ക് എത്തിയത്. റൂബിയോയെ ആലിംഗനം ചെയ്‌ത് സ്വീകരിച്ച നെതന്യാഹു പറഞ്ഞത് ‘ട്രംപിന്റെ പിന്തുണയോടെ ഞങ്ങൾക്ക് ഈ ജോലി പൂർത്തിയാക്കാൻ കഴിയും’ എന്നാണ്.
വൈറ്റ് ഹൗസ് സന്ദർശന വേളയിലും നെതന്യാഹു ട്രംപിന്റെ ആശയം ഇരുകയ്യും നീട്ടി സ്വാഗതം ചെയ്‌തെങ്കിലും വിദേശ നേതാക്കളിൽ നിന്നടക്കം വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്.
മൂന്ന് ഇസ്രായേലി തടവുകാർക്ക് പകരമായി ഇസ്രായേൽ 369 ഫലസ്‌തീൻ തടവുകാരെ വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടെൽ അവീവിനടുത്തുള്ള ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ റൂബിയോ വന്നിറങ്ങിയത്. യുദ്ധത്തിന് കൂടുതൽ ശാശ്വതമായ അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്‌ച ദോഹയിൽ ആരംഭിക്കാനിരിക്കെ റൂബിയോയുടെ വരവ് അത്ര ശുഭകരമായ വാർത്തകൾക്കുള്ളതല്ല എന്നാണ് വിദഗ്‌ധരടക്കം നിരീക്ഷിക്കുന്നത്.
അറബ് സർക്കാരുകളിൽ നിന്നുള്ള ബദൽ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും നടപ്പാക്കാൻ പോകുന്നത് ട്രംപിന്റെ ഒരേയൊരു പദ്ധതി മാത്രമായിരിക്കും എന്ന വാദം വാഷിംഗ്‌ടൺ ആവർത്തിക്കുന്നുണ്ട്.
ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഇസ്രായേലാണ്. ഇസ്രായേൽ എന്ത് തന്നെ തീരുമാനിച്ചാലും അമേരിക്ക അതിനെ പിന്തുണക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന മാധ്യമത്തിൽ എഴുതിയിരുന്നു. ഇതിന് തുടക്കമെന്നോണം അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട് ട്രംപ്. ജോ ബൈഡൻ ഭരണകൂടം യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനം ട്രംപ് നീക്കിയിരുന്നു. അമേരിക്കയിൽ നിന്ന് ഇസ്രായേലിന് എത്തിച്ചുകൊടുത്തത് ഭാരമേറിയ MK-84 ബോംബുകളാണ്. 900 കിലോഗ്രാം ഭാരമുള്ള ഈ ബോംബുകൾക്ക് എത്ര ഉറച്ച കോൺക്രീറ്റിലും ലോഹങ്ങളിലും വരെ തുളച്ചുകയറി തകർക്കാൻ കഴിയും. എത്ര ഉയരത്തിൽ നിന്നാണോ ഇത് വീഴുന്നത് അതിനനുസരിച്ചിരിക്കും സ്ഫോടനത്തിന്റെ വ്യാപ്‌തി.