വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിനെ പുറത്താക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടുള്ള പരസ്യം റദ്ദാക്കി വാഷിംഗ്ടണ്‍ പോസ്റ്റ്. പത്രത്തിന്റെ ചില പതിപ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്യം മുന്നറിയിപ്പുകളൊന്നുമില്ലാതെ പിന്‍വലിക്കുകയായിരുന്നുവെന്ന് പരസ്യം നല്‍കിയ അഭിഭാഷക സംഘടനയായ കോമണ്‍ കോസ് ആരോപിച്ചു.
പരസ്യം പിന്‍വലിക്കുന്നതായി വെള്ളിയാഴ്ച പത്രം അറിയിച്ചതായി കോമണ്‍ കോസ് പറഞ്ഞു. റാപ്പറൗണ്ട് എന്നറിയപ്പെടുന്ന പൂര്‍ണ്ണ പേജ് പരസ്യം വൈറ്റ് ഹൗസ്, പെന്റഗണ്‍ എന്നിവയ്ക്ക് കൈമാറേണ്ടിയിരുന്ന പതിപ്പുകളുടെ മുന്‍, പിന്‍ പേജുകളില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ ആക്ഷന്‍ ഫണ്ടുമായി സഹകരിച്ചാണ് പരസ്യം ആസൂത്രണം ചെയ്തത്. രണ്ട് പരസ്യങ്ങള്‍ക്കുമായി ഗ്രൂപ്പുകള്‍ക്ക് 1,15,000 ഡോളര്‍ ചിലവു വന്നിട്ടുണ്ട്.
ഞങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം തന്നെ കൃത്യമായി പാലിച്ചിട്ടും പരസ്യം പിന്‍വലിച്ചത് എന്തു കൊണ്ടാണെന്ന് അറിയണമെന്നും, തങ്ങള്‍ ഇതിനെപ്പറ്റി ചോദിച്ചിരുന്നതായും കോമണ്‍ കോസിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ വിര്‍ജീനിയ സോളമണ്‍ പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ആയിരുന്നു ഇതിന് നല്‍കിയ മറുപടി. വാഷിംഗ്ടണ്‍ പോസ്റ്റ് പരസ്യം പിന്‍വലിച്ച വാര്‍ത്ത നേരത്തെ ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരസ്യം പിന്‍വലിക്കാനുള്ള തീരുമാനം ആരുടേതാണെന്നോ എന്തുകൊണ്ടാണെന്നോ വ്യക്തമല്ല.
ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ന്യൂസ് റൂമിന്റെ നിലപാടില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പ്രസിഡന്റ് ഭരണകൂടത്തെ പിന്തുണച്ച് കൊണ്ടുള്ള പത്രത്തിന്റെ നിലപാട് മാറ്റവും ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മിസ്റ്റര്‍ ബെസോസിന്റെ മുന്‍നിര ഇരിപ്പിടവും ചര്‍ച്ചയായിരുന്നു.