കാലിഫോര്‍ണിയ: അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ അണ്ടര്‍ വാട്ടര്‍ കേബിള്‍ നിര്‍മ്മിക്കാനൊരുങ്ങി മെറ്റ. 31,000 മൈല്‍ ദൈര്‍ഘ്യമുള്ള ഈ കേബിള്‍ മെറ്റയുടെ എ.ഐ പദ്ധതികള്‍ക്ക് ഗുണകരമാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ‘പ്രൊജക്ട് വാട്ടര്‍വര്‍ത്ത്’ നിര്‍മ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും 10 ബില്യണ്‍ ഡോളര്‍ ചിലവാകുമെന്നും മെറ്റ അറിയിച്ചു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മറ്റ് തന്ത്രപ്രധാന മേഖലകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ശ്രമമെന്നും മെറ്റ അറിയിച്ചു.
24 ഫൈബര്‍-പെയര്‍ സിസ്റ്റമാണ് ഭൂമിയുടെ ചുറ്റളവിനേക്കാള്‍ ദൈര്‍ഘ്യമേറിയ കേബിളില്‍ ഉപയോഗിക്കുന്നത്. വിവിധ മേഖലകളില്‍ സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വികസന അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതിവേഗം വളരുന്ന ഇന്ത്യയില്‍, വാട്ടര്‍വര്‍ത്ത് പദ്ധതിയിലൂടെ പുരോഗതി വേഗത്തിലാക്കാനും രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു.
20 ലധികം സബ് സീ കേബിളുകള്‍ വികസിപ്പിച്ചുകൊണ്ട് കമ്പനി പങ്കാളികളുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിവരികയാണെന്നും മെറ്റ പറഞ്ഞു. പുതിയ പ്രോജക്ടില്‍ 24 ഫൈബര്‍ ജോഡികളുള്ള കേബിളുകള്‍ ഉള്‍പ്പെടുന്നു. മറ്റ് സിസ്റ്റങ്ങളില്‍ കാണപ്പെടുന്ന സാധാരണ 8 മുതല്‍ 16 വരെ ഫൈബര്‍ ജോഡികളേക്കാള്‍ വളരെ കൂടുതലാണ് ഇത്. ടെലികമ്മ്യൂണിക്കേഷന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ടെലിജിയോഗ്രഫിയുടെ കണക്കനുസരിച്ച്, നിലവില്‍ 600 ലധികം അണ്ടര്‍വാട്ടര്‍ കേബിള്‍ സംവിധാനങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ട്. ലോക സമുദ്രങ്ങളിലുടനീളമുള്ള ഭൂഖണ്ഡാന്തര ഗതാഗതത്തിന്റെ 95 ശതമാനത്തിലധികവും സബ് സീ കേബിളുകളാണ്.
ഇത് 23,000 അടി വരെ ആഴത്തിലായിരിക്കും കേബിള്‍ സ്ഥാപിക്കുന്നത്. കപ്പലുകളില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി തീരപ്രദേശങ്ങള്‍ക്ക് സമീപമുള്ള ആഴം കുറഞ്ഞ ജലാശയങ്ങള്‍ക്കടിയാലാകും കേബിള്‍ സ്ഥാപിക്കുക. ഇതിനായി പ്രത്യേക രീതികള്‍ ഉപയോഗിക്കുമെന്നും മെറ്റാ പ്രഖ്യാപിച്ചു.