സാന്‍ഫ്രാന്‍സിസ്‌കോ: യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കോ.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തലത്തിലാണ് യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നത്. എന്നാല്‍ യു.എസ് അതിര്‍ത്തിക്കുള്ളിലെ ഉള്‍ക്കടിനു മാത്രമാണ് ഈ ഉത്തരവ് ബാധകമെന്ന വാദം ഉന്നയിച്ചുകൊണ്ട് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഗൂഗിളിന് കത്തയച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെക്‌സിക്കന്‍ ഉള്‍ക്കടലിനെ പുനര്‍നാമം ചെയ്യാന്‍ യാതൊരു അവകാശവും ഗൂഗിളിനില്ല. മൂന്ന് രാജ്യങ്ങളാണ് മെക്‌സിക്കന്‍ ഉള്‍ക്കടല്‍ പങ്കിടുന്നത്, ഇതില്‍ യാതൊരു മാറ്റത്തിനും ഞങ്ങള്‍ തയ്യാറല്ലെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് നിര്‍ദേശിച്ചതനുസരിച്ച് മെക്‌സിക്കോ ഉള്‍ക്കടല്‍ ഇനിമുതല്‍ അമേരിക്കാ ഉള്‍ക്കടല്‍ എന്നാകും ഔദ്യോഗികമായി അറിയപ്പെടുകയെന്ന് യു.എസ്. ആഭ്യന്തരവകുപ്പ് ജനുവരി 20-ന് അറിയച്ചതിന് പിന്നാലെയായിരുന്നു ഗൂഗിളിന്റെ അറിയിപ്പെത്തിയത്.
ഗൂഗിളിന്റെ മറുപടിക്കായി കാത്തിരിക്കുമെന്നും പേര് നടപടി തിരിച്ചെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കത്തില്‍ പറയുന്നു.