ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) തലവനായി സെനറ്റ് തെരഞ്ഞെടുത്തു. ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് കാഷ് പട്ടേലിന്റെ നിയമനം. സെനറ്റില്‍ 49 നെതിരെ 51 വോട്ടുകളോടെയാണ് കാഷ് പട്ടേലിന്റെ നിയമനം അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ലിസ മുര്‍കോവ്‌സ്‌കിയും സൂസന്‍ കോളിന്‍സും കാഷ് പട്ടേലിന്റെ നാമനിര്‍ദേശത്തെ എതിര്‍ത്തിരുന്നു.
എഫ്ബിഐ തലവനായി നിയമനം ലഭിച്ചതിന് പിന്നാലെ തന്നെ പിന്തുണച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയ്ക്കും കാഷ് പട്ടേല്‍ നന്ദി അറിയിച്ചു.
’’ എഫ്ബിഐയ്ക്ക് ഒരു പാരമ്പര്യമുണ്ട്. സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിബദ്ധത പുലര്‍ത്തുന്നതുമായ എഫ്ബിഐയെയാണ് അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലെ രാഷ്ട്രീയവല്‍ക്കരണം പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കി. എന്നാല്‍ അതെല്ലാം ഇന്നോടെ അവസാനിക്കും,’’ കാഷ് പട്ടേല്‍ എക്‌സില്‍ കുറിച്ചു.
എഫ്ബിഐയ്ക്ക് മേലുള്ള വിശ്വാസം പുനസ്ഥാപിക്കാനായി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്ക് അഭിമാനിക്കാവുന്ന ഒരു എജന്‍സിയായി എഫ്ബിഐയെ പുനര്‍നിര്‍മിക്കുമെന്നും അതിനായി തന്റെ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
’’ അമേരിക്കക്കാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ ഇതൊരു മുന്നറിയിപ്പായി കണക്കാക്കണം. ലോകത്തിന്റെ ഏതുമൂലയിലൊളിച്ചാലും അത്തരക്കാരെ ഞങ്ങള്‍ വേട്ടയാടും,’’ കാഷ് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ പ്രതികരണം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെനറ്റില്‍ കാഷ് പട്ടേലിന് ലഭിച്ച പിന്തുണയില്‍ പ്രതികരിച്ച് രംഗത്തെത്തി. എഫ്ബിഐ മേധാവിയായി കാഷ് പട്ടേലിനെ ലഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ട്രംപ് തന്നെയാണ് കാഷ് പട്ടേലിനെ എഫ്ബിഐ തലവനായി നാമനിര്‍ദേശം ചെയ്തത്. യുഎസ് അതിര്‍ത്തി വഴിയുള്ള മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവയെ പ്രതിരോധിക്കാന്‍ കാഷ് പട്ടേലിന് സാധിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കാഷ് പട്ടേല്‍ ഒരു മികച്ച അഭിഭാഷകനും അന്വേഷകനുമാണെന്നും അഴിമതിയ്‌ക്കെതിരെ പോരാടാനും നീതി സംരക്ഷണത്തിനുമായി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്നും ട്രംപ് പറഞ്ഞു. അതേസമയം പട്ടേലിന്റെ നാമനിര്‍ദേശത്തെ ഡെമോക്രോറ്റുകള്‍ ശക്തമായി എതിര്‍ത്തു.
കാഷ് പട്ടേല്‍ അപകടകാരിയാണെന്നും രാജ്യത്തിന്റെ സുപ്രധാന നിയമ നിര്‍വഹണ സംവിധാനത്തെ രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഡെമോക്രാറ്റിക് നേതാവ് ഡിക് ഡര്‍ബിന്‍ പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ ശത്രുക്കളുടെ പട്ടിക താന്‍ സൂക്ഷിക്കുന്നില്ലെന്നും നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും കാഷ് പട്ടേല്‍ സെനറ്റിലെ ജുഡീഷ്യറി കമ്മിറ്റിയോട് പറഞ്ഞു.
ആരാണ് കാഷ് പട്ടേല്‍ ?
കാശ്യപ് പ്രമോദ് പട്ടേല്‍ എന്ന കാഷ് പട്ടേല്‍ 1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലാണ് ജനിച്ചത്. ഗുജറാത്തില്‍ നിന്നും കുടിയേറിയവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. നിയമത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ട്രംപിന്റെ ആദ്യ സര്‍ക്കാറില്‍ പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷണല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ പദവികളില്‍ സേവനമനുഷ്ടിച്ചിരുന്നു. കൂടാതെ ഫെഡറല്‍ ഡിഫെന്‍ഡറായും നീതിന്യായ വകുപ്പിലെ കൗണ്ടര്‍ ടെററിസം പ്രോസിക്യൂട്ടറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ റഷ്യയും ട്രംപിന്റെ 2016ലെ തിരഞ്ഞെടുപ്പ് പ്രചരണവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള എഫ്ബിഐയുടെ അന്വേഷണത്തെ വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. പിന്നീട് ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായ പട്ടേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ കൗണ്ടര്‍ ടെററിസം വിഭാഗത്തിലും പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.