ബെര്‍ലിന്‍: ജര്‍മ്മന്‍ തിരഞ്ഞെടുപ്പിലെ തീവ്രവലതുപക്ഷ പാർട്ടിയായ അൾട്ടർനേറ്റീവ് ഫോർ ജർമനി (എഡിഎഫ്) മുന്നേറ്റത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമാന്യ ബുദ്ധിയില്ലാത്ത ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ജര്‍മനിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാഗതം ചെയ്ത് ട്രംപ് പറഞ്ഞു.
“അമേരിക്കന്‍ ജനങ്ങളെപ്പോലെ ജര്‍മനിയിലെ ജനങ്ങളും അവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൊതുബോധമില്ലാത്ത അജണ്ടയില്‍, പ്രത്യേകിച്ച് കുടിയേറ്റം, ഊര്‍ജമേഖല എന്നിവയില്‍ മടുത്തു. ജര്‍മനിക്ക് ഇത് ഒരു മികച്ച ദിവസമാണ്,” സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
ജര്‍മനിയുടെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ഒരു സുപ്രധാനമാറ്റമാണ് തിരഞ്ഞെടുപ്പ് ഫലം അടയാളപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഡെമോക്രോറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രീഡ്റീഷ് മേര്‍ട്സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സഖ്യം തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചിരിക്കുകയാണ്.
ടെക് കോടീശ്വരനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഖ്യകക്ഷിയുമായ എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള പ്രമുഖ യുഎസ് നേതാക്കളുടെ അംഗീകാരം നേടിയ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) റെക്കോഡ് നേട്ടം കൈവരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
യുഎസില്‍ നിന്ന് ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ ആവശ്യപ്പെട്ട് ഫ്രീഡ്റീഷ് മെര്‍സ്
യൂറോപ്പിനെ അമേരിക്കയില്‍ നിന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സഹായിക്കുമെന്ന് 69കാരനായ മെര്‍സ് വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തെ ട്രംപ് സ്വാഗതം ചെയ്തിട്ടും തന്റെ വിജയത്തിന് ശേഷം മെര്‍സ് അമേരിക്കയെ ലക്ഷ്യം വെച്ചുകൊണ്ട് തുറന്ന പരാമര്‍ശങ്ങള്‍ നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഷിംഗ്ടണില്‍ നിന്ന് നടത്തിയ അഭിപ്രായങ്ങള്‍ “ആത്യന്തികമായി അതിരുകടന്നതാണെന്ന്” അദ്ദേഹം വിമര്‍ശിച്ചു. അവയ്ക്ക് റഷ്യയുടെ ശത്രുതാപരമായ ഇടപെടലുകളുമായി സാമ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “രണ്ട് വശങ്ങളില്‍ നിന്നുള്ള വലിയ സമ്മര്‍ദത്തിലാണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളുടെ സമ്പൂര്‍ണ മുന്‍ഗണന യൂറോപ്പില്‍ ഐക്യം കൈവരിക്കുക എന്നതാണ്. യൂറോപ്പില്‍ ഐക്യം കൊണ്ടുവരാന്‍ കഴിയും,” മറ്റ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
“അമേരിക്കയില്‍ നിന്ന് ഘട്ടം ഘട്ടമായി യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിന് യൂറോപ്പിനെ എത്രയും വേഗം ശക്തിപ്പെടുത്തുകയെന്നതായിരിക്കും മെര്‍സിന്റെ മുന്‍ഗണനയെന്ന്” റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാറ്റോ അതിന്റെ നിലവിലെ രൂപത്തില്‍ കാണാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. പതിറ്റാണ്ടുകളായി യൂറോപ്പിന്റെ സുരക്ഷയ്ക്ക് അടിത്തറ പാകിയ സംഘടനയാണ് നോര്‍ത്ത് അറ്റലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (NATO).
അധികാര രാഷ്ട്രീയത്തില്‍ അധികം പരിചയസമ്പത്തിലാത്ത മെര്‍സ് ജര്‍മന്‍ ചാന്‍സലറാകാന്‍ പോകുകയാണ്. യൂറോപ്പിലെ ഏറ്റവു വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനി ധാരാളം വെല്ലുവികള്‍ നേരിടുന്നുണ്ട്. കുടിയേറ്റത്തെച്ചൊല്ലി ജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. അമേരിക്കയുടെയും റഷ്യയുടെയും ചൈനയുടെയും ഇടയില്‍ അവര്‍ സുരക്ഷാ ഭീഷണിയും നേരിടുന്നുണ്ട്.
അതേസമയം, എഎഫ്ഡിയുമായി മെര്‍സിന്റെ പാര്‍ട്ടി കൈകോര്‍ക്കുമോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ചെറിയ പാര്‍ട്ടികളുടെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല.
തീവ്ര വലതുപക്ഷത്തിന്റെ ഉദയം
മെര്‍സിന്റെ സിഡിയുവിന് 28.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടെര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടി(എഎഫ്ഡി) 20 ശതമാനം വോട്ടുകള്‍ നേടി. “ഞായറാഴ്ച പുറത്തുവന്ന ഫലം ഒരു തുടക്കം മാത്രമാണെന്നും അടുത്ത തവണ ഒന്നാം സ്ഥാനത്തെത്തുമെന്നും” എഎഫ്ഡി നേതാവ് ആലീസ് വീഡല്‍ പറഞ്ഞു. “സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങളുടെ നേരെ കൈ നീട്ടിയിരിക്കുകയാണെന്നും” അവര്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പതനം
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശം ഫലമാണ് ചാന്‍സലര്‍ ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നേടിയത്. 16.5 ശതമാനം വോട്ട് വിഹിതമാണ് അവര്‍ നേടിയത്.