ഗാസയില്‍ തുടരുന്ന അതിരൂക്ഷമായ വെടിവെയ്പ്പിലും സ്‌ഫോടനത്തിലും ഒറ്റദിവസം നഷ്ടമായത് 82 ജീവനുകള്‍. വെള്ളിയാഴ്ച്ച രാത്രിയില്‍ ഐ ഡി എഫ് നടത്തിയ ആക്രമണങ്ങളില്‍ 82 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടെന്നു ആരോഗ്യ വകുപ്പ് പറഞ്ഞു. വെടിവെയ്ക്ക് രൂക്ഷമായതോടെ ഗാസയിലെ സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണമോ മറ്റു സഹായങ്ങളോ ലഭ്യമാകാത്ത സ്ഥിതുയുമാണ്.
അവിടെ മാനുഷിക സഹായം എത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ച താത്കാലിക പോര്‍ട്ട് തുറക്കാന്‍ രണ്ടു മാസമെങ്കിലും വേണ്ടി വരുമെന്നു പെന്റഗണ്‍ അറിയിച്ചു. റമദാന്‍ കാലത്തു ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയില്ല.
നിലവില്‍ ഗാസയിലെ മരണ സംഖ്യ 30,960 ആയി ഉയര്‍ന്നു.
ഗാസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രയേല്‍ തടസം നില്‍ക്കുന്നതു കൊണ്ടാണ് ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്ന ഗാസയില്‍ ആകാശത്തു നിന്നു ഭക്ഷണം ഇറക്കുന്നതിനു പുറമെ പോര്‍ട്ട് പണിയാന്‍ ബൈഡന്‍ ഉത്തരവിട്ടത്. ഈ ജോലി തീര്‍ക്കാന്‍ 1,000 സൈനികരെങ്കിലും വേണമെന്നും രണ്ടു മാസമെടുക്കുമെന്നും പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. നേവിയും ആര്‍മിയും ഈ ദൗത്യത്തില്‍ പങ്കെടുക്കും.
തീരത്തു നിന്ന് അകലെയുള്ള പോര്‍ട്ടില്‍ നിന്നു സഹായം ചെറു യാനങ്ങളിലേക്കു മാറ്റി കരയില്‍ എത്തിക്കാനാണ് പരിപാടി. എന്നാല്‍ യുഎസ് സൈനികര്‍ ഗാസയില്‍ പ്രവേശിക്കില്ലെന്നു റൈഡര്‍ പറഞ്ഞു.
ഗാസയില്‍ നിന്ന് ഏറ്റവും അടുത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ സൈപ്രസില്‍ നിന്നു ചരക്കു കയറ്റി കപ്പലുകള്‍ അയക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. പ്രതിദിനം രണ്ടു മില്യണ്‍ ഭക്ഷണ പൊതികളും മറ്റു സഹായവും എത്തിക്കാനാവും.