സ്വന്തം ലേഖകന്‍
ഷിക്കാഗോ: ക്‌നാനായ റീജിയണിലെ ആദ്യ ദേവാലയമായ ഷിക്കാഗോ മെയ്‌വുഡ് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന ചര്‍ച്ച്, ഷിക്കാഗോ ബെന്‍സന്‍വില്ലിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെടുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് ക്‌നാനായക്കാര്‍ക്കായി സ്ഥാപിച്ച ആദ്യ പള്ളിയായ മെയ്‌വുഡ് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ അനുഗ്രഹീതമായ ഈ പുനര്‍ കൂദാശാ കര്‍മം 16-ാം തീയതി ശനിയാഴ്ച രാവിലെയാണ് നടക്കുന്നത്.
രാവിലെ പത്തു മുതല്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. പത്തേകാലിന് ഭക്തിസാന്ദ്രമായ പ്രദക്ഷിണം നടക്കും. പത്തരയ്ക്കാണ് പുനര്‍ കൂദാശാ കര്‍മ്മം. ക്‌നാനായ സമൂഹത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെന്റ് തോമസ് രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരേറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാ അധ്യക്ഷന്‍, ബിഷപ്പ് റൊണാള്‍ഡ് ഹിക്‌സ് എന്നിവര്‍ പുനര്‍ കൂദാശയ്ക്ക് കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് 12.30-ന് പൊതുസമ്മേളനമാണ്. ഒരു മണിക്ക് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. കൂടുതല്‍ സൗകര്യപ്രദമായ ബെന്‍സന്‍വില്ലിലേയ്ക്കുള്ള ഈ ദേവാലയത്തിന്റെ മാറ്റം അജപാലനശുശ്രൂഷയില്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന് ഇടവക സമൂഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഒട്ടേറെ പേരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളും സ്‌നേഹത്തിന്റെ കൈത്താങ്ങുമാണ് ഈ ദേവാലയം വാങ്ങുവാന്‍ ഇടയാക്കിയത്.
തിരുഹൃദയ ഇടവക കുടുംബത്തിന്റെ ഏറ്റവും അനുഗ്രഹീതമായ പുനര്‍ കൂദാശകര്‍മ്മത്തില്‍ ഇടവക ജനത്തോടൊപ്പം ദൈവത്തിന് നന്ദി അര്‍പ്പിക്കുവാന്‍ ഏവരെയും ഏറെ സന്തോഷത്തോടെ ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ പറഞ്ഞു. വൈദികരും, സന്ന്യസ്തരും അല്‍മായ പ്രതിനിധികളും വിശ്വാസ സമൂഹവും സമീപത്തുള്ള ഇതര ക്രൈസ്തവ സഭകളുടെ ആത്മീയ നേതൃത്വവും മറ്റും ഈ ശുഭ മുഹൂര്‍ത്തത്തില്‍ സന്നിഹിതരാകും.
കുടിയേറ്റത്തിന്റെ നാള്‍വഴികളില്‍ ക്‌നാനായ കത്തോലിക്കുുടെ ദൈവാശ്രയബോധത്തെയും വിശ്വാസജീവിതത്തെയും പ്രോജ്ജ്വലിപ്പിക്കുന്ന ഒരു ദേവാലയം 2006-ല്‍ ആണ് മെയ്‌വുഡില്‍ യാഥാര്‍ത്ഥ്യമായത്. കാലവും സാഹചര്യങ്ങളും മാറിയപ്പോള്‍ പുതിയൊരു ദേവാലയം വേണമെന്ന ആഗ്രഹ സാക്ഷാത്കാരമാണ് ബെന്‍സന്‍വില്ലിലേയ്ക്കുള്ള മാറ്റം. മതബോധനത്തിനുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിശാലമായ പാര്‍ക്കിങ് ലോട്ട്, മള്‍ട്ടിപര്‍പ്പസ് ജിം തുടങ്ങിയവ പുതിയ പള്ളിയുടെ പ്രത്യേകതകളില്‍ ചിലതാണ്.