കൊളറാഡോ ∙ വീട്ടിൽ വളർത്തിയിരുന്ന പല്ലിയുടെ കടിയേറ്റ യുവാവ് മരിച്ചു. ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റാണ് കൊളറാഡോ സ്വദേശിയായ ക്രിസ്റ്റഫർ വാർഡിന്‍റെ (34) മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഫെബ്രുവരി 12 നാണ് വീട്ടിൽ വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട രണ്ട് പല്ലികളിൽ ഒന്ന് ക്രിസ്റ്റഫർ വാർഡിനെ കടിച്ചത്. കടിയേറ്റ ഉടൻ തന്നെ വാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം മരിച്ചു.
പല്ലി കടിച്ചപ്പോൾ, ഹൃദയത്തിന്‍റെയും കരളിന്‍റെയും പ്രവർത്തനത്തെ ബാധിക്കുന്ന വിഷം വാർഡിന്‍റെ ശരീരത്തിലെത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടെ യുഎസിൽ ആദ്യമായിട്ടാണ് ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റുള്ള മരണം സംഭവിക്കുന്നത്.
പല്ലിയുടെ കടിയേറ്റ ഉടൻ ശ്വാസം തടസ്സം അനുഭവപ്പെടുകയും പലതവണ ഛർദ്ദിക്കുകയും ചെയ്തെന്ന് വാർഡിന്റെ കാമുകി പറഞ്ഞു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് വീട്ടിൽ വളർത്തിയിരുന്ന രണ്ടു പല്ലികളെയും ലേക്‌വുഡിലെ മൃഗസംരക്ഷണ അധികൃതർക്കു കൈമാറിയെന്നും കാമുകി അറിയിച്ചു. വാർഡ് വളർത്തിയിരുന്ന വിവിധ ഇനത്തിൽപ്പെട്ട 26 ചിലന്തികളെയും മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.