Saturday, March 15, 2025

HomeAmericaലോക്‌സഭാങ്കത്തിന് ഗോദയുണര്‍ന്നു: ജനവിധിക്കായി കേരള മുന്നണികള്‍ കളത്തിലിറങ്ങി

ലോക്‌സഭാങ്കത്തിന് ഗോദയുണര്‍ന്നു: ജനവിധിക്കായി കേരള മുന്നണികള്‍ കളത്തിലിറങ്ങി

spot_img
spot_img

സ്വന്തം ലേഖകന്‍

പണ്ടൊക്കെ ഈ തിരഞ്ഞെടുപ്പ് എന്നു പറയുന്നത് ഒരു ഉത്സവമായിരുന്നു. ഗോദയില്‍ ഇറങ്ങുന്ന രാഷ്ട്രീയ ഫയല്‍വാന്‍മാര്‍ പോരടിക്കുന്ന കാഴ്ച സുന്ദരമായിരുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയുള്ള ആ മത്സരം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ചൂണ്ടുവിരലിലൂടെ വിധിയെഴുതിയ ഒരാള്‍ വിജയിക്കും. അങ്ങനെ ജനപ്രതിനിധി ആകുന്ന വ്യക്തി അതാത് സഭകളിലിരുന്ന് ജനക്ഷേമം ചെയ്യുന്ന കാലം കഴിഞ്ഞു. ഇന്ന് ജനക്ഷേമത്തിന് പകരം സ്വയം ക്ഷേമമാണ് മുദ്രാവാക്യമായി മാറ്റപ്പെട്ടത്.

പഴയ അംബാസിഡര്‍ കാറിന്റെ ക്യാരിയറിന്റെ മേളില്‍ കെട്ടിവച്ച കോളാമ്പിയിലൂടെയുള്ള പ്രചാരണത്തിന് വലിയൊരു ഗൃഹാതുരത്വമുണ്ട്. ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ അന്നൊക്കെ ജനങ്ങള്‍ ആവേശത്തോടെ പോളിങ്ങ് ബൂത്തിലേക്ക് പോകുവാന്‍ മനസാ വാചാ കര്‍മണാ തയ്യാറെടുത്തിരിക്കും. ഇടതുപക്ഷമോ വലതുപക്ഷമോ ഇനി അഥവാ ഒരു നിഷ്പക്ഷമതിയോ തിരഞ്ഞെടുക്കപ്പെടും. അതോടെ അങ്കം തീരുകയായി. വിജയിച്ച എല്ലാവരും ഒരുമിച്ച് പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെ ഇരുന്ന് തങ്ങളുടെ മണ്ഡലത്തിനോട് ആവുന്നത്ര നീതി പുലര്‍ത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വോട്ടര്‍മാരെ കഴിയുന്നത്ര പാട്ടിലാക്കാനുള്ള ശ്രമങ്ങളാണ് ഇനി നടക്കുക. വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി ഇതിനായി ഇറങ്ങും. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് കേരളത്തില്‍ പ്രധാന പോരാട്ടമെങ്കിലും മിക്ക മണ്ഡലങ്ങളിലും ത്രികോണ മല്‍സരമായിരിക്കും നടക്കുക. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ കൂടി സ്വാധീനം ചെലുത്തുന്നതിനാല്‍ ത്രികോണ മത്സര സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

2016 മുതല്‍ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ് സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 ല്‍ 19 സീറ്റും യു.ഡി.എഫ് സ്വന്തമാക്കുകയായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കു ന്നതിനൊപ്പം ശേഷിക്കുന്ന ഒരു സീറ്റ് കൂടി ഇടതു മുന്നണിയില്‍ നിന്നും പിടിച്ചു വാങ്ങണമെന്ന അതിനേഹത്തിലാണ് യു.ഡി.എഫ്. ഇതിനായി സിറ്റിംഗ് എം.പിമാരില്‍ ഭൂരിഭാഗം പേരും ഇത്തവണ യു.ഡി.എഫിനായി ഗോദയിലിറങ്ങിയിട്ടുണ്ട്.

വടകരയില്‍ സിറ്റിംഗ് എം.പിയായ കെ മുരളീധരന്‍ തൃശൂരിലേക്ക് മാറി എന്നതും വടകരയിലേക്ക് ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരത്തിനെത്തിയതും, മുസ്ലീം ലീഗിന്റെ രണ്ട് എം.പിമാര്‍ പരസ്പരം മണ്ഡലം മാറിയതും മാത്രമാണ് വ്യത്യാസം.കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫിലെത്തിയതിനാല്‍ ജോസഫ് വിഭാഗത്തിന്റെ ഫ്രാന്‍സിസ് ജോര്‍ജ് ആണ് സ്ഥാനാര്‍ഥി യായിരിക്കുന്നത്. കോട്ടയം ഒഴികെ 2019-ലെ അതേ പാറ്റേണില്‍ തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിന്യസിച്ചിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി എന്നിവര്‍ ജനവിധി തേടുമ്പോള്‍, തിരുവനന്തപുരത്ത് ശശി തരൂര്‍, കോഴിക്കോട് എം.കെ രാഘവന്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) എന്നിവര്‍ പ്രചാരണത്തില്‍ കൊടിപാറിക്കും. കഴിഞ്ഞ തവണ എല്‍.ഡി.എഫ് കൊണ്ടുപോയ ഒരേയൊരു സീറ്റായ ആലപ്പുഴയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ കെ.സി വേണുഗോപാലാണ് ബാറ്റണ്‍ ഏന്തുന്നത്.

മന്ത്രിമാരെയും സിറ്റിംഗ് എം.എല്‍.എമാരുമടക്കം കരുത്തരെയാണ് എല്‍.ഡി.എഫ് മത്സരിപ്പിക്കുന്നത്. സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനും വടകരയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയുമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍. മുന്‍ മന്ത്രിമാരായ തോമസ് ഐസക് പത്തനംതിട്ടയിലും, സി രവീന്ദ്രനാഥ് ചാലക്കുടിയിലും പോരിനിറങ്ങിയിട്ടുണ്ട്.

പൊന്നാനിയില്‍ കെ.എച്ച് ഹംസ, മലപ്പുറത്ത് വസീഫ്, കോഴിക്കോട് എളമരം കരീം, കാസര്‍കോട് ബാലകൃഷ്ണന്‍, കണ്ണൂരില്‍ എം.വി ജയരാജന്‍, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, കൊല്ലത്ത് മുകേഷ്, പാലക്കാട് എ വിജയരാഘവന്‍, തൃശൂരില്‍ വി.എസ് സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍കുമാര്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, എറണാകുളത്ത് കെ.ജെ ഷൈന്‍, ആറ്റിങ്ങലില്‍ വി ജോയ് എന്നിവരാണ് എല്‍.ഡി.എഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്.

എന്‍.ഡി.എയും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇറക്കിയിട്ടുള്ളത്. തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ അനില്‍ ആന്റണി, കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ വി മുരളീധരന്‍, കോഴിക്കോട് എം.ടി രമേശ്, പാലക്കാട് സി കൃഷ്ണകുമാര്‍, മലപ്പുറത്ത് അബ്ദുള്‍ സലാം, പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യന്‍, വടകരയില്‍ പ്രഫുല്‍ കൃഷ്ണ, കണ്ണൂരില്‍ രഘുനാഥ് എന്നിവര്‍ ജനവിധി തേടുകയാണ്.

ആശയങ്ങളുടെ പോരാട്ടമാണ് ഇനി നടക്കുക. വോട്ടര്‍മാരുടെ മനസിലേക്ക് തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും എത്തിക്കുക എന്നതാണ് മുന്‍പ് വിജയിച്ച പാര്‍ട്ടികള്‍ ലക്ഷ്യം വെക്കുക. എന്നാല്‍ കഴിഞ്ഞ തവണ ജയിച്ചവരുടെ വീഴ്ച്ചകളും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നം. കവല പ്രസംഗങ്ങള്‍ നടത്തിയും, പൊതുയോഗങ്ങള്‍ നടത്തിയും ഇത് ചിലര്‍ പ്രായോഗികമാക്കും. വര്‍ത്തമാനകാലത്തെ ഹിറ്റ് ഗാനങ്ങളുടെ പാരഡിയില്‍ പറയേണ്ടതൊക്കെ താളത്തില്‍ പറയുന്ന രീതിയും ഉണ്ടാവും. കാര്‍ട്ടൂണുകളും ട്രോളുകളും മീമുകളും റീലുകളുമൊക്കെ ഇപ്പോള്‍ ട്രെന്‍ഡാണ്. റീലുകളുടെ കാലമായതി നാല്‍ വലിയ രീതിയിലുള്ള റീലുകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടാവും.

വ്യത്യസ്തങ്ങളായ ചിഹ്നങ്ങള്‍ പതിച്ച പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ കൊണ്ട് സംസ്ഥാനത്തെ ചുമരുകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ നടന്നും ചിരിച്ചും കൈവീശിയും ഉള്ള ചിത്രങ്ങള്‍ പ്രധാന കവലകളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നേതാക്കള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ സേവനത്തില്‍ ഡിസൈനര്‍മാ രെക്കൊണ്ട് മനോഹര പോസ്റ്റര്‍ നിര്‍മ്മിക്കുകയാണ്. ലക്ഷങ്ങളും കോടികളും ചിലവിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുക.

മേല്‍ക്കൂര മാറ്റിയ ജീപ്പിന് പുറത്ത് വലിയ മാലകളണിഞ്ഞ് ഒരു മാലക്കട തന്നെ സാവകാശം നീങ്ങിപ്പോകുന്ന കാഴ്ച ഇനി വരും ദിവസങ്ങളില്‍ കാണാനാവും. ശക്തി പ്രകടനങ്ങള്‍ക്ക് ജനങ്ങള്‍ക്കിനി സാക്ഷികളാവാം. ഡിജിറ്റല്‍ കാലമെന്നത് ചിലര്‍ക്കൊക്കെ കഷ്ടകാലവുമാവും. മുന്‍പ് എപ്പോഴെങ്കിലും പറഞ്ഞത് ബൂമറാങ്ങായി തിരിച്ച് അടിക്കും. പറഞ്ഞതിന്റെ വീഡിയോയാണ് പ്രചരിക്കുക എന്നതിനാല്‍ മറുപടി പറയുക പോലും പ്രയാസമാകും.

സാങ്കേതിക രംഗം വലിയ രീതിയില്‍ വളര്‍ന്നിരിക്കെ, ഓരോ വോട്ടര്‍മാരെയും തിരക്കി സ്ഥാനാര്‍ഥിയുടെ തന്നെ ശബ്ദത്തില്‍ ഫോണ്‍കോളുകള്‍ അഭ്യര്‍ഥനകളും എത്തും. സ്ഥാനാര്‍ഥി നേരിട്ട് അയയ്ക്കുന്ന ഈമെയിലുകളും വാട്സ്ആപ്പ് മെസേജുകളും വോട്ടര്‍മാരുടെ കൈകളിലേക്ക് എത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജീവമായിരിക്കുന്ന ഈ കാലത്ത് വീഡിയോ കോളുകളായും സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തിയാല്‍ അതിശയപ്പെടേണ്ടതായില്ല.

രണ്ടു വട്ടം തുടര്‍ച്ചയായി എല്‍.ഡി.എഫിനെ വാഴ്ത്തുകയും അതിനു മുമ്പ് അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ യു.ഡി.എഫിനെ അംഗീകരിക്കുകയും ചെയ്ത കേരളത്തിലെ ജനങ്ങള്‍ ഒന്നു മാറി ചിന്തിച്ചാല്‍ നമ്മുടെ സെക്രട്ടേറിയറ്റിന് കാവി നിറം കൈവരും… അവിടെ സംഘികളുടെ ഹിന്ദ് വിളികള്‍ ഉയര്‍ന്നു കേള്‍ക്കുകയും ചെയ്യും.

അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി ഇന്നും സ്വപ്നം കാണുന്ന മലയാളികളുടെ ആഗ്രഹ സാക്ഷാത്ക്കാരത്തിന് ഇനിയെത്രനാള്‍ കാത്തിരിക്കും എന്ന് ഈ തിരഞ്ഞെടുപ്പ് വിധിയെഴുതും. പാഴാക്കാന്‍ നമുക്ക് വോട്ടില്ല. ബൂത്തിലെ ക്യൂവില്‍ നിന്ന് വെറുതെ കളയാന്‍ സമയവുമില്ല. രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത ഉറപ്പായും തീരുമാനിക്കും തങ്ങളുടെ 20 ലോക്‌സഭാംഗങ്ങളെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments