കൊലപാതക കേസിൽ പിടിയിലായ പ്രതിയുടെ വധശിക്ഷ 30 വർഷത്തിന് ശേഷം നടപ്പാക്കി. തെക്കു-കിഴക്കൻ അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലാണ് സംഭവം. തന്റെ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടു പോവുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പിടിയിലായ വില്ലി ജെയിംസ് പൈക്കിന് (59) 1996ൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ബുധനാഴ്ച രാത്രി 11.03-നാണ് ഇയാളുടെ സിരകളിൽ മാരകമായ വിഷമിശ്രിതം കുത്തിവച്ച് ശിക്ഷ നടപ്പാക്കിയത്. 2020 ജനുവരിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.
1993 ലാണ് പെൺ സുഹൃത്തായിരുന്ന അലിസിയ ലിൻ യാർബ്രോ കൊല്ലപ്പെട്ടതിനെത്തുടർന്ന് ജെയിംസ് അറസ്റ്റിലാകുന്നത്. നടപടിക്രമങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും കോവിഡ് -19 ന് ശേഷം വധശിക്ഷ പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥകൾ സംസ്ഥാനം പാലിച്ചിട്ടില്ലെന്നും സൂചിപ്പിച്ച് വധശിക്ഷ റദ്ദു ചെയ്യാൻ ജെയിംസിന്റെ അഭിഭാഷകൻ യുഎസ് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അപ്പീൽ കോടതി തള്ളി. ജെയിംസിനെ ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം ബാധിച്ചിരിക്കുന്നുവെന്നും അത് അദ്ദേഹത്തിന്റെ മാനസിക നിലയെ പോലും ബാധിക്കുന്നുവെന്നും അഭിഭാഷകർ വാദിച്ചെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നില്ല.
ജെയിംസും കൂട്ടാളിയായ ചെസ്റ്റർ ആഡംസും കൗമാരക്കാരനായിരുന്ന മറ്റൊരു യുവാവും ചേർന്ന് ഒരു തോക്ക് സംഘടിപ്പിക്കുകയും അലിസിയയുടെ വീട്ടിൽ കവർച്ചയ്ക്ക് പദ്ധതിയിടുകയും ചെയ്തു. ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം അർദ്ധരാത്രിയിൽ മറ്റൊരാളുടെ ഭാര്യയായി കഴിയുന്ന അലിസിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂവർ സംഘം വീട്ടിൽ തനിച്ചായിരുന്ന അലിസിയയുടെ ആഭരണങ്ങൾ തട്ടിയെടുക്കുകയും ഒപ്പമുണ്ടായിരുന്ന അലിസിയയുടെ കൈക്കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ച് അലിസിയയെ കാറിൽ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് അലിസിയയെ സംഘം ആക്രമിക്കുകയും തുടർന്ന് ആൾ ഒഴിഞ്ഞ പ്രദേശത്ത് എത്തി കാറിൽ നിന്ന് വലിച്ചിറക്കിയ അലിസിയയ്ക്ക് നേരെ ജെയിംസ് മൂന്ന് തവണ നിറയൊഴിക്കുകയും ചെയ്തു. 1993 നവംബർ 17 നാണ് അലിസിയയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അറസ്സ് ചെയ്ത ജെയിംസും ചെസ്റ്ററും ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല എന്നാൽ കൗമാരക്കാരനായ മൂന്നാം പ്രതി കുറ്റം സമ്മതിക്കുകയും സംഭവം പോലീസിനോട് വിശദീകരിക്കുകയും ചെയ്തു.
1996 ജൂണിൽ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ആയുധം കാട്ടിയുള്ള കവർച്ച, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി ജെയിംസിന് കോടതി വധശിക്ഷ വിധിച്ചു. പ്രതി തടവിൽ കഴിയുന്ന ജാക്സൺ ജെയിലിന് പുറത്ത് വധശിക്ഷക്കെതിരെ പ്രതിഷേധവുമായി ഒരാൾ എത്തിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആറോളം കുടുംബാംഗങ്ങളും വൈദികനും അഭിഭാഷകനും ജെയിംസിനെ സന്ദർശിച്ചിരുന്നുവെന്നും അവസാന ആഹാരമായി ചിക്കൻ സാൻവിച്ചും ചീസ് ബർഗറുമാണ് ജെയിംസ് ആവശ്യപ്പെട്ടതെന്നും ജോർജിയ ഡിപ്പാർട്മെന്റ് ഓഫ് കറക്ഷൻസിലെ അധികൃതർ അറിയിച്ചു.