ഷിബു കിഴക്കേകുറ്റ്
ഷിക്കാഗോ: മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എസ് 90 ക്ലബ് ഓഫ് ഷിക്കാഗോയുടെ നവനേതൃത്വത്തിന്റെ സ്ഥാനമേറ്റെടുക്കലും വാലന്റൈന്‍സ് ഡേ സെലിബ്രേഷനും വര്‍ണോജ്വലമായി. ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം ചിക്കാഗോ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ ആയിരുന്നു ആഘോഷങ്ങള്‍നടന്നത്.

തെന്നിന്ത്യയിലെ പ്രശസ്ത ഗായകന് വിജയ് യേശുദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബിന്റെ പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി ഏവര്‍ക്കും നല്ലൊരു സംഗീത സായാഹ്നമേകി. 1990-നും 1999-നും മദ്ധ്യേ ജനിച്ച ഒരുപറ്റം മലയാളി യുവാക്കള്‍ ചിക്കാഗോയില്‍ 3 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് എസ് 90 ക്ലബ് ഓഫ് ഷിക്കാഗോ. നാട്ടിലും അമേരിക്കയിലും ആയി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഫാമിലി ആന്റ് ഫ്രണ്ട്സ് ഗാദറിങ്സ്, കമ്മ്യൂണിറ്റി ഇവന്റ്സ് മുതലായവയാണ് ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്.


സമ്മേളനത്തോടനുബന്ധിച്ച് അടുത്ത 2 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പുതിയതായി ഈ ക്ലബ്ബിലേക്ക് 3 വിമെന്‍സ് കോഓര്‍ഡിനേറ്റഴ്സിനെയും തിരഞ്ഞെടുത്തു. പരിപാടിയില്‍ വിജയ് യേശുദാസ് അദ്ദേഹത്തിന്റെ കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ചു. നിരവധി മനോഹരഗാനങ്ങള്‍ ആലപിച്ച് അദ്ദേഹം ഈയൊരു സായംസന്ധ്യയെ അവിസ്മരണീയമാക്കി.