Monday, March 10, 2025

HomeAmericaട്രംപുമായുള്ള ചര്‍ച്ച അടിച്ചുപിരിഞ്ഞതിന് പിന്നാലെ സമാധാന ശ്രമവുമായി യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കി

ട്രംപുമായുള്ള ചര്‍ച്ച അടിച്ചുപിരിഞ്ഞതിന് പിന്നാലെ സമാധാന ശ്രമവുമായി യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കി

spot_img
spot_img

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ച അടിച്ചുപിരിഞ്ഞതിന് പിന്നാലെ സമാധാന ശ്രമവുമായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിൽ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ റഷ്യയുമായി സമാധാനം സ്ഥാപിക്കാന്‍ വിസമ്മതിച്ചതായി ആരോപിച്ച് ട്രംപ് സെലന്‍സ്‌കിയ്ക്കെതിരേ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും ചര്‍ച്ചകള്‍ നിറുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍, ഇതിന് ശേഷം യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് സെലന്‍സ്‌കി പറഞ്ഞു. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. യുഎസുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘‘തീര്‍ച്ചയായും കഴിയുമെന്ന്’’ സെലന്‍സ്‌കി മറുപടി നല്‍കി.

യുഎസും-യുക്രൈനും തമ്മിലുള്ള ബന്ധം രണ്ട് പ്രസിഡന്റുമാര്‍ തമ്മിലുള്ള ബന്ധത്തേക്കാള്‍ വലുതാണെന്നും റഷ്യയുടെ വളരെ വലുതും മുഴുവന്‍ സന്നാഹങ്ങളുമുള്ള സായുധ സൈന്യത്തിനെതിരായ പോരാട്ടത്തില്‍ യുക്രൈനിന് വാഷിംഗ്ടണിന്റെ സഹായം വളരെയധികം ആവശ്യമുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

‘‘നിങ്ങളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൊണാള്‍ഡ് ട്രംപിന് പ്രിയപ്പെട്ട വാര്‍ത്താ ചാനലാണ് ഫോക്‌സ് ന്യൂസ്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ യുഎസ് വര്‍ഷങ്ങളോളമായി വലിയ പിന്തുണയാണ് നല്‍കി വരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ അപ്രതീക്ഷിതവും അസാധാരണവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് സെലന്‍സ്‌കി സമാധാന ശ്രമവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

യുഎസിന് യുദ്ധസഹായമായി ധാതുക്കള്‍ നല്‍കാന്‍ യുക്രൈന്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, ട്രംപുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാന്‍ സെലന്‍സ്‌കിയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുക്രൈന് പിന്തുണ പ്രഖ്യാപിക്കാന്‍ കഴിയാതെ യൂറോപ്യന്‍ രാജ്യങ്ങളും ബുദ്ധിമുട്ടുകയാണെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.

യുഎസ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയ്ക്ക് നേരെ ആക്രോശിച്ചത്. സെലന്‍സ്‌കിയെ നന്ദിയില്ലാത്തവനാണെന്ന് അവര്‍ വിശേഷിപ്പിക്കുകയും തങ്ങള്‍ നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. ഒന്നുകില്‍ റഷ്യയുമായി കരാറില്‍ ഏര്‍പ്പെടണമെന്നും അല്ലെങ്കില്‍ യുഎസ് സഹായം ഉണ്ടാകില്ലെന്നും യുക്രൈന്‍ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്നും അത് നല്ലതായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞു.

വൈകാതെ തന്നെ ചര്‍ച്ച അവസാനിപ്പിച്ച് സെലന്‍സ്‌കി ഇറങ്ങിപ്പോകുകയായിരുന്നു. ‘‘സമാധാനം സ്ഥാപിക്കാന്‍ തയ്യാറാകുമ്പോള്‍ അദ്ദേഹത്തിന് തിരിച്ചുവരാവുന്നതാണെന്ന്’’ പിന്നാലെ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഓവല്‍ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സെലന്‍സ്‌കിയോട് അവിടെ നിന്ന് പോകാന്‍ പറഞ്ഞതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ പോരാട്ടം അവസാനിപ്പിക്കാന്‍ സെലന്‍സ്‌കി ‘‘ഉടന്‍’’ സമ്മതിക്കണമെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിനോട് ക്ഷമാപണം നടത്താന്‍ സെലന്‍സ്‌കി വിസമ്മതിച്ചു. ഞാന്‍ എന്തെങ്കിലും മോശമായ കാര്യം ചെയ്തതായി എനിക്ക് തോന്നുന്നില്ലെന്നും എന്നാല്‍ യുഎസുമായി കരാറില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായും’’ അദ്ദേഹം പറഞ്ഞു.

‘ഒറ്റയ്ക്കല്ല’

അതേസമയം ട്രംപും സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ യൂറോപ്പിലെ യുഎസിന്റെ സഖ്യകക്ഷികളായ രാജ്യങ്ങള്‍ പ്രതിസന്ധിയിലായി. അവരില്‍ ഭൂരിഭാഗവും സെലന്‍സ്‌കിയെ പിന്തുണച്ച് രംഗത്തെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വിജയം ഫലപ്രദമായി ഉറപ്പുവരുത്താന്‍ ട്രംപ് യുക്രൈനിനെ നിര്‍ബന്ധിക്കുമെന്നാണ് അവർ ആശങ്കപ്പെടുന്നത്.

‘‘നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന്’’ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് സെലന്‍സ്‌കിയ്ക്ക് പിന്തുണയര്‍പ്പിച്ച് പറഞ്ഞു. ട്രംപിനോടും സെലന്‍സ്‌കിയോടും ഫോണിലൂടെ സംസാരിച്ചതായും യുക്രൈനിന് അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്തതായും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. യുക്രൈനിന് വേണ്ടി അമേരിക്കയും യൂറോപ്പും അവരുടെ സഖ്യകക്ഷികളും തമ്മില്‍ വൈകാതെ തന്നെ ഒരു ഉച്ചകോടി നടത്തണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആഹ്വാനം ചെയ്തു.

ട്രംപും വാന്‍സും ചേര്‍ന്ന് പുടിന് വേണ്ടി വൃത്തികെട്ട കളി കളിക്കുകയാണെന്ന് യുഎസ് സെനറ്റിലെ ഡെമോക്രാറ്റിക് അംഗമായ ചക്ക് ഷൂമര്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, യുക്രൈനും വാഷിംഗ്ടണും തമ്മുള്ള ബന്ധം തകര്‍ന്നതില്‍ റഷ്യ സന്തോഷം പ്രകടിപ്പിച്ചു. സെലന്‍സ്‌കിയ്ക്ക് ഓവല്‍ ഓഫീസില്‍ നിന്ന് ശരിയായ അടി കിട്ടിയെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് പറഞ്ഞു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സെലന്‍സ്‌കിയെ കുറ്റപ്പെടുത്തി. അതേസമയം, യുക്രൈന്‍ വിദേശകാര്യമന്ത്രിയും സൈനിക മേധാവിയും സെലന്‍സ്‌കിയ്ക്ക് പിന്തുണ അറിയിച്ചു.

റഷ്യയുമായി സന്ധിയില്‍ ഏര്‍പ്പെടുന്നതിന് യുക്രൈന്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഒരു കൊലയാളിയുമായി ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. മുന്‍ പാശ്ചാത്യ പിന്തുണയോടെയുള്ള സമാധാന ശ്രമങ്ങള്‍ റഷ്യന്‍ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ഇതില്‍ ജെഡി വാന്‍സ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് ട്രംപും വാന്‍സും സെലന്‍സ്‌കിയെ ഉച്ചത്തില്‍ ശകാരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. തനിക്കെതിരേ ഇരവരും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സെലന്‍സ്‌കി അസ്വസ്ഥനാകുന്നത് വ്യക്തമായിരുന്നു.

കഴിഞ്ഞയാഴ്ച സെലന്‍സ്‌കിയെ ട്രംപ് സേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് പുടിന്‍ തന്റെ വാക്ക് പാലിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. മധ്യസ്ഥന്‍ എന്ന നിലയില്‍ പ്രധാന കക്ഷികളില്‍ ഒന്നിനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്ന് ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞിരുന്നു. അതേസമയം, സംസാരിക്കവെ ട്രംപ് യുക്രൈനിന്റെ പക്ഷത്തായിരുന്നുവെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

അതേസമയം, റഷ്യയുടെ യുക്രൈനിനെതിരായ യുദ്ധം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം യുക്രേനിയന്‍ സൈന്യം പിടിച്ചെടുത്ത റഷ്യയുടെ മേഖലയായ കുര്‍സില്‍ നിന്ന് റഷ്യന്‍ സൈന്യം യുക്രേനിയന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയതായി കീവ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments