ഫ്ലോറിഡ: ഫ്ലോറിഡയിലെ പാംസ് വെസ്‌റ്റ് ആശുപത്രിയിൽ മാനസീക രോഗിയിൽ നിന്ന് ക്രൂര മർദ്ദനമേറ്റ ഇന്ത്യൻ വംശജയായ നഴ്സിന്കാഴ്ച്ച നഷ്ടപ്പെടാൻ സാധ്യത. പാംസ് വെസ്‌റ്റ് ആശുപത്രിയിൽ നഴ്‌സായ ലീലാ ലാലിന് (67) നാണ്ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച
സ്റ്റീഫൻ സ്‌കാൻ്റിൽബറി (33) എന്ന മാനസികരോഗിയാണ് ലീലാ ലാലിനെ ആക്രമിച്ചത്. ‘ബേക്കർ ആക്ട്’ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്കാന്റിൽബറി, ആശുപത്രിയിലെ മൂന്നാം നിലയിൽ വെച്ചാണ് ലീലാ ലാലിനെ ആക്രമിച്ചത്. കട്ടിലിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ ലീലാ ലാലിനെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ലീലാ ലാലിന്റെ മുഖത്തെ എല്ലുകൾ തകരുകയും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുരുതരമായി പരുക്കേറ്റ ലീലാ ലാലിനെ എയർലിഫ്റ്റ് ചെയ്ത് അടുത്തുള്ള ട്രോമ യൂണിറ്റിലേക്ക് മാറ്റി.
“എനിക്ക് അമ്മയെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീങ്ങിയിരുന്നു, മുഖത്തിൻ്റെ വലതുവശം മുഴുവൻ നീരുവെച്ച് വീർത്തിരുന്നു, , മുഖത്ത് പലയിടത്തും പൊട്ടലുകളുണ്ടായിരുന്നു, തലച്ചോറിൽ രക്തസ്രാവവുണ്ട്” ലീലാ ലാലിന്റെ മകൾ സിൻഡി പറഞ്ഞു.
സംഭവത്തിന് ശേഷം “ഞാൻ ഒരു ഇന്ത്യൻ ഡോക്ടറെ തല്ലിച്ചതച്ചു” എന്ന് സ്‌കാന്റിൽബറി പറഞ്ഞതായി പാം ബീച്ച് കൗണ്ടി ഡപ്യൂട്ടി സർജന്റ് ബെത്ത് ന്യൂകോമ്പ് കോടതിയിൽ മൊഴി നൽകി. ഇതേത്തുടർന്ന്, വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിനും ലീലാ ലാലിനെ ആക്രമിച്ചതിനും സ്കാന്റിൽബറിക്കെതിരെ കേസ് എടുത്തു.