വാഷിംഗ്ടൺ: ചന്ദ്രനിലിറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ പേടകമെന്ന ഖ്യാതി ബ്ലൂ ഗോസ്റ്റ് ലാൻഡറിന് .ഇതോട ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ.
ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ബ്ലൂ ഗോസ്റ്റ് ലാൻഡർ തന്നെയാണ്. ഫയര്‍ഫ്ലൈ എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. ബ്ലൂ ഗോസ്റ്റ് ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും.
ഇന്ത്യൻ സമയം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.04 ഓടെയായിരുന്നു ലാൻഡിംഗ്. 63 മിനുട്ട് നീണ്ട് നിൽക്കുന്നതായിരുന്നു ലാൻഡിംഗ് പ്രക്രിയ. മേർ ക്രിസിയം ഗർത്തത്തിലാണ് പേടകം ഇറങ്ങിയത്. നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്. 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങിയത്. ജനുവരി പതിനഞ്ചിന് ഫാൽക്കൺ ഒൻപത് റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.