രാജു മൈലപ്ര
ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ വനിതാ വിഭാഗമായ ഷീ മാറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം വര്‍ണ്ണശബളമായ പരിപാടികളോടെ വിപുലമായി ആഘോഷിക്കുന്നു. മാര്‍ച്ച് 8-ന് ശനിയാഴ്ച മൂന്നു മണി മുതല്‍ ടാമ്പായിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്.

തൊഴിലും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ സ്ത്രീകള്‍ ഇന്നു സമൂഹത്തിനു മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, സാമ്പത്തികം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകള്‍ കരുത്തരായി മുന്നേറുകയാണ്. ഓരോ വനിതാ ദിനവും സ്ത്രീത്വത്തിന്റെ ആഘോഷമാണ്. ആ ആഘോഷങ്ങളുടെ ഒരു ഭാഗമാകുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് വിമന്‍സ് ഫോറം ചെയര്‍ ഷേര ഭഗവത്തുള്ളയും മറ്റു ഭാരവാഹികളും അറിയിച്ചു.

‘അലോഹ’ എന്ന പേരില്‍ ഈ പരിപാടി പരമ്പരാഗതമായ ഹവായ്ന്‍ സ്‌റ്റൈലിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ വിജയഗാഥയ്ക്ക് എന്നും എപ്പോഴും കരുത്തേകുന്ന വിമന്‍സ് ഫോറത്തിന്റെ ഈ ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഇതൊരു വമ്പിച്ച വിജയമാക്കിത്തീര്‍ക്കണമെന്ന് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി അനഘ വാര്യര്‍, ട്രഷറര്‍ ബാബു പോള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.