കാലിഫോര്‍ണിയ: 97-ാമത് ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ അവതാരകനായി എത്തിയ പ്രശസ്ത ഹാസ്യനടന് കോനന്‍ ഒബ്രിയന്‍, തന്റെ ആദ്യ ഓസ്കാര്‍ അവതരണത്തില്‍ തന്നെ ഇന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. വേദിയില്‍ എത്തിയ ഉടന്‍ തന്നെ ഇന്ത്യന്‍ ഭാഷയായ ഹിന്ദിയില്‍ സംസാരിച്ചാണ് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തത്.
”ലോഗോം കോ നമസ്കാര്‍. വഹാ സുബഹ് ഹോ ചുക്കി ഹേ, തോ മുഝേ ഉമ്മീദ് ഹേ കി ആപ് ക്രിസ്പി നാസ്തേ കേ സാഥ് ഓസ്കാര്‍ ദേഖേംഗേ…” (ഇന്ത്യയിലെ ജനങ്ങള്‍ക്ക് നമസ്കാരം. അവിടെ ഇപ്പോള്‍ രാവിലെയാണ്. അതിനാല്‍ ക്രിസ്പി പ്രഭാതഭക്ഷണത്തോടൊപ്പം നിങ്ങള്‍ ഓസ്കാര്‍ ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു) എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇന്ത്യന്‍ പ്രേക്ഷകരോടുള്ള അദ്ദേഹത്തിന്റെ ഈ സ്നേഹപ്രകടനം, ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്ക് ഒരു അത്ഭുതമായി മാറി. ഇന്ത്യന്‍ സമയം രാവിലെയായതിനാല്‍, പ്രഭാതഭക്ഷണത്തോടൊപ്പം ഓസ്കാര്‍ കാണുന്ന ഇന്ത്യന്‍ പ്രേക്ഷകരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അവതരണ ശൈലിയുടെ ഭാഗമായിരുന്നു.
‘കോണ്‍ക്ലേവ്’ എന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ”ഞാന്‍ ഒരു കത്തോലിക്കാ പയ്യനാണ്, എനിക്ക് കോണ്‍ക്ലേവ് ഇഷ്ടപ്പെട്ടു. നിങ്ങള്‍ കോണ്‍ക്ലേവ് കണ്ടിട്ടില്ലെങ്കില്‍, കത്തോലിക്കാ സഭയെക്കുറിച്ചുള്ള ഒരു സിനിമയാണ് അത്, പക്ഷേ വിഷമിക്കേണ്ട…” എന്നാണ്. മികച്ച നടിക്കുള്ള നോമിനേഷനില്‍ ഉള്‍പ്പെട്ട കാര്‍ല സോഫിയ ഗാസ്കോണിന്റെ പഴയ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. കോനന്‍ ഒബ്രിയന്‍ ആ വിവാദങ്ങളെക്കുറിച്ചും പരോക്ഷമായി പരാമര്‍ശിച്ചു.