യുക്രെയ്നുള്ള എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവെയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ വാക്‌പോരുണ്ടായതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
“സമാധാനത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പങ്കാളികളും ആ ലക്ഷ്യത്തില്‍ അണിചേരണമെന്നാണ് ആഗ്രഹം,” വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുക്രെയ്‌നുള്ള സൈനികസഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുന്നത് വരെ ഈ നിര്‍ത്തലാക്കല്‍ തുടരുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. “ഇത് യുക്രെയ്‌നുള്ള സൈനികസഹായം സ്ഥിരമായി നിര്‍ത്തലാക്കലല്ല. മറിച്ച് താല്‍ക്കാലികം മാത്രമാണ്,” ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ സമാധാന കരാറിനെപ്പറ്റി ട്രംപ് ഈയടുത്തിടെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്തവര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. ഒരു സമാധാന കരാറിലെത്താന്‍ റഷ്യ തയ്യാറാണെന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും പിന്തുണ ലഭിക്കുന്നത് തുടരുന്നിടത്തോളം സെലന്‍സ്‌കി സമാധാന കരാറിന് തയ്യാറാകില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
ട്രംപിന് മറുപടിയുമായി സെലന്‍സ്‌കി
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഇപ്പോഴും വിദൂരമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. അമേരിക്കയുമായി ഉക്രെയ്‌ന് ദീര്‍ഘകാലത്തെ സൗഹൃദബന്ധമുണ്ടെന്നും ട്രംപുമായുള്ള ബന്ധം വഷളായെങ്കിലും അമേരിക്കന്‍ പിന്തുണ തുടരുമെന്നും സെലന്‍സ്‌കി പറഞ്ഞു.
എന്നാല്‍ സെലന്‍സ്‌കിയുടെ പ്രസ്താവന വളരെ മോശമായിപ്പോയെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ഇത് അധികകാലം സഹിക്കില്ലെന്നും യുക്രെയ്‌നുള്ള യുഎസ് പിന്തുണ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സൂചന നല്‍കിയിരുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണ ലഭിക്കുന്നിടത്തോളം കാലം സെലന്‍സ്‌കി സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
“സെലന്‍സ്‌കി നടത്തിയ ഏറ്റവും മോശം പ്രസ്താവനയാണിത്. അമേരിക്ക അധികകാലം ഇത് സഹിക്കില്ല. അമേരിക്കയുടെ പിന്തുണയുള്ളിടത്തോളം കാലം ഈ വ്യക്തി സമാധാനം ആഗ്രഹിക്കുന്നില്ല. സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎസില്ലാതെ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് യൂറോപ്പും വ്യക്തമാക്കിക്കഴിഞ്ഞു,” ട്രംപ് പറഞ്ഞു.
ട്രംപ്-സെലന്‍സ്‌കി വാക്‌പോര്
വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനായി സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാതുക്കരാറില്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായാണ് സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തിയത്. ഇതിനിടെയാണ് ഇരുവരും തമ്മില്‍ വാക്‌പോര് രൂക്ഷമായത്.
തുടര്‍ന്ന് ഇരുവരും ഒരു കരാറിലും ഒപ്പുവെച്ചില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചില്ല. സെലന്‍സ്‌കിയോട് എത്രയും വേഗം വൈറ്റ് ഹൗസ് വിടാനും ഉത്തരവിട്ടു. സെലന്‍സ്‌കി അനാദരവോടെ പെരുമാറിയെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. മൂന്നാം ലോകമഹായുദ്ധവുമായി ചൂതാട്ടം നടത്തുകയാണ് സെലന്‍സ്‌കിയെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു.
നയതന്ത്രത്തിലൂടെ യുക്രെയ്ന്‍-റഷ്യ സമാധാന കരാറിലെത്താന്‍ സാധിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള വാക്‌പോര് ആരംഭിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ മുന്‍ കരാറുകള്‍ നിരന്തരം ലംഘിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി ആരോപിച്ചു.
യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തെപ്പറ്റിയും സെലന്‍സ്‌കി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ വരെ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പുടിനെ ആരും തടഞ്ഞില്ലെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
“പുടിന്‍ ഞങ്ങളുടെ പൗരന്‍മാരെ കൊന്നൊടുക്കി. തടവുകാരെ കൈമാറിയില്ല. എന്ത് തരം നയതന്ത്രത്തെപ്പറ്റിയാണ് ജെ.ഡി. വാന്‍സ് പറയുന്നത്,” സെലന്‍സ്‌കി പറഞ്ഞു. ഇതോടെ ഇരുനേതാക്കളും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ രൂക്ഷമായി. കൂടാതെ മാനവവിഭവശേഷി പ്രശ്‌നങ്ങളുള്ളതിനാല്‍ യുക്രെയ്ന്‍ നിര്‍ബന്ധിത സൈനികസേവനത്തിനും പ്രാധാന്യം നല്‍കുന്നുവെന്നും യുഎസ് ആരോപിച്ചു.
“യുദ്ധം നടക്കുന്ന സമയത്ത് നിങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. നിങ്ങള്‍ക്ക് നല്ലൊരു സമുദ്രമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കത് മനസിലാകില്ല. പക്ഷെ ഭാവിയില്‍ നിങ്ങള്‍ക്കത് അനുഭവപ്പെടും,” സെലന്‍സ്‌കി പറഞ്ഞു.
ഈ പരാമര്‍ശം ട്രംപിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ജെ.ഡി. വാന്‍സ്- സെലന്‍സ്‌കി വാക്‌പോരിലേക്ക് ട്രംപ് കൂടി അണിചേരുകയായിരുന്നു.
“നിങ്ങള്‍ക്കറിയാത്ത വിഷയങ്ങള്‍ പറയരുത്. ഒരു പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന് നിര്‍ദേശം തരാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട. നിങ്ങള്‍ വളരെ മോശം അവസ്ഥയിലാണിപ്പോള്‍. ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ വെച്ചാണ് നിങ്ങള്‍ കളിക്കുന്നത്. നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിനായി ചൂതാട്ടം നടത്തുകയാണ്. ഈ രാജ്യത്തോടുള്ള അനാദരവാണ് ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്,” ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്‌നെ അമേരിക്ക സഹായിച്ചതിന് പ്രത്യുപകാരമായി ഒപ്പുവെക്കാനിരുന്ന ധാതുക്കരാര്‍ ഈ വാക്‌പോരിനെത്തുടര്‍ന്ന് ഒപ്പുവെച്ചിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് സെലന്‍സ്‌കിയെ വിമര്‍ശിച്ചു. സമാധാനം ആഗ്രഹിക്കാത്ത മനുഷ്യനാണ് സെലന്‍സ്‌കിയെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെടുന്ന കാലത്ത് കൂടിക്കാഴ്ച നടത്താമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.