വാഷിംഗ്ടണ്‍ : അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ നിലവില്‍ എത്രശതമാനം തീരുവയാണോ ഈടാക്കുന്നത് അതേ തീരുവ തിരിച്ച് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ഈടാക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനപ്രതിനിധി സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ 100 ശതമാനം വരെ ഇറക്കുമതി തീരുവയാണ് നിലവില്‍ പല ഉത്പന്നങ്ങള്‍ക്കും ഈടാക്കുന്നത്. അതേ രീതിയില്‍ തിരിച്ചും ഈടാക്കുമെന്നും ഈ നടപടി ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യ അമേരിക്കയോട് 100 ശതമാനം താരിഫ് ഈടാക്കുന്നു. ഈ സംവിധാനം യുഎസിനോട് നീതി പുലര്‍ത്തുന്നില്ലെന്നും ട്രംപ് പറഞ്ഞു.
തീരുവക്കാര്യത്തില്‍ അമേരിക്കയുടെ ശത്രുവെന്നോ മിത്രമെന്നോ പരിഗണനയില്ല. താരിഫുകള്‍ അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനു മാത്രമല്ലെന്നും രാജ്യത്തിന്റെ ആത്മാവിനെ ചേര്‍ത്തുപിടിക്കുന്നതിനുമാണെന്നും ട്രംപ് വ്യക്തമാക്കി.
‘ന്യായമായ വ്യാപാരം’ എന്ന ആശയം ശ്രദ്ധയില്‍പ്പെടുത്തിയ ട്രംപ് ഇന്ത്യയും മറ്റ് പല രാജ്യങ്ങളും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അമിതമായ താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
”മറ്റ് രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി അമേരികയ്‌ക്കെതിരേ താരിഫ് ഉപയോഗിച്ചു, ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ അവ തിരിച്ച് ഈടാക്കാനാണ് ഞങ്ങളുടെ ഊഴം’ ട്രംപ് പറഞ്ഞു. ”
ഏപ്രില്‍ രണ്ടു മുതല്‍ പരസ്പര താരിഫുകള്‍ ചുമത്തുന്നതില്‍ ഏകീകരണം വരുത്തും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തത്തുല്യമായ താരിഫ് ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. പുതിയ താരിഫ് നീക്കം ഇന്ത്യന്‍ വ്യാപാരമേഖലയെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിഞ്ഞു കാണാം