ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). ബന്ദികളെയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടന്‍ കൈമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
“എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണം. നിങ്ങള്‍ കൊന്നൊടുക്കിയവരുടെ മൃതദേഹങ്ങളും കൈമാറണം. മാനസികനില തെറ്റിയവരാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്നത്. നിങ്ങളും ആ ഗണത്തില്‍പ്പെടുന്നവരാണ്,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
“തിരിച്ചടിക്കാന്‍ വേണ്ട എല്ലാ സഹായവും ഇസ്രായേലിന് അമേരിക്ക നല്‍കും. ഞാന്‍ പറഞ്ഞതുപോലെ നടന്നില്ലെങ്കില്‍ ഒരൊറ്റ ഹമാസ് അണി പോലും ജീവനോടെയുണ്ടാകില്ല. നിങ്ങള്‍ ജീവിതം തകര്‍ത്ത ബന്ദികളെ ഞാന്‍ കണ്ടിരുന്നു. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന അവസാനത്തെ മുന്നറിയിപ്പാണ്. ഗാസയില്‍ നിന്ന് ഹമാസ് ഒഴിഞ്ഞുപോകണം. ഗാസയിലെ ജനങ്ങളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് മുന്നില്‍ മനോഹരമായ ഭാവിയുണ്ടാകും. പക്ഷെ ബന്ദികളെ നിങ്ങള്‍ പിടിച്ചുവെച്ചാല്‍ അത് യാഥാര്‍ത്ഥ്യമാകില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിച്ചുവെന്ന് കരുതിയാല്‍ മതി. നല്ലൊരു തീരുമാനം കൈകൊള്ളുക. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരും,” ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായ ആദം ബോഹ്ലര്‍ ദോഹയില്‍ വെച്ച് ഹമാസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.