വാഷിംഗ്ടണ്‍: ഒരുവശത്ത് തീരുവ യുദ്ധം. മറുവശത്ത് നവീകരണ പദ്ധതികള്‍.രണ്ടാം വട്ടം ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയേറ്റെടുത്തതിനു പിന്നാലെ സമൂല അഴിച്ചുപണിയും മാറ്റങ്ങള്‍ക്കുമാണ് യുഎസ് വേദിയാകുന്നത്. ഏറ്റവുമൊടുവില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കുന്നതു സംബന്ധിച്ചുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കുന്നതിന്ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങുന്നതായി അമേരിക്കയിലെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
പൊതുവിദ്യാഭ്യാസത്തിനുള്ള ഫണ്ടുകള്‍ കുറച്ചുകൊണ്ടുവരുന്നതിനായി മുമ്പു തന്നെ ട്രംപ് അനുകൂല നിലപാടുകളാണ് കൈക്കൊണ്ടു വന്നിരുന്നത്. കഴിഞ്ഞ ദിവസം
ട്രംപിന്റെ ഈ നിലപാടിന് അനുകൂലമായി വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ സെനറ്റില്‍ അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു
എന്നാല്‍ ഇത്തരത്തിലൊരു നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. പൊതുവിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിക്കണമെങ്കില്‍ ഈ വകുപ്പ് അനിവാര്യമാണെന്ന നിലപാടിലാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍.ട്രെoപിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിദ്യാഭ്യാസത്തില്‍ നിന്നും ലാഭം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ ആരോപിച്ചു
വിദ്യാഭ്യാസ വകുപ്പ് ഉടന്‍ അടച്ചുപൂട്ടണമെന്ന് നേരത്തെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വരുമാനത്തില്‍ പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികലെ സഹായിക്കുന്നതിന് കോണ്‍ഗ്രസ് അനുവദിച്ച ഫെഡറല്‍ സ്‌കൂള്‍ ഫണ്ടിംഗ് തുടരുമെന്നും വാഗ്ദാനം ചെയ്തു.
ട്രംപും മസ്‌കും ചേര്‍ന്ന് കോണ്‍ഗ്രസ് അംഗീകാരമില്ലാതെ സര്‍ക്കാര്‍ പരിപാടികളും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് പോലുള്ള സ്ഥാപനങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ നീക്കം.