ന്യൂയോര്‍ക്ക്: ലിംഗ സമത്വത്തിനായി നിരന്തരം ചര്‍ച്ചകള്‍ നടക്കുമ്പോഴും ആഗോളതലത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും വലിയ വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളും പെണ്‍കുട്ടികളും വിവേചനം നേരിടാത്ത ഒരു ലോകം എന്ന ലക്ഷ്യത്തിനായി 189 ഗവണ്മെന്റുകള് അംഗീകരിച്ച 1995-ലെ ബീജിങ് ഡിക്ലറേഷന്റെ മുപ്പതാം വാര്‍ഷികത്തിലാണ് ഐക്യരാഷ്ട്ര സഭ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വിവേചനം നിലനില്ക്കുന്നു എന്ന വിഷയത്തില്‍ ആഗോള ശ്രദ്ധ പതിയണം എന്നും ആഗോള വനിതാ ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ ഏറ്റവും അധികം വെല്ലുവിളി നേരിട്ട വര്‍ഷമാണ് കടന്നുപോയത് എന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാസൂത്രണം എന്നിവയുള്‍പ്പെടെ പല വിഷയങ്ങളിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ലോകം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ 87 രാജ്യങ്ങള്‍ വനിതകളാണ് നിയന്ത്രിക്കുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മറുവശത്ത് ഒരോ പത്ത് മിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ തന്റെ പങ്കാളിയാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെടുന്നു എന്ന ഗുരുതരമായ കണ്ടെത്തലും യുഎന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. 2022 നെ അപേക്ഷിച്ച് മുന്‍ വര്‍ഷത്തില്‍ ലൈംഗികാതിക്രമങ്ങള്‍ 50 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിയെരിക്കപ്പെടുന്നു എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ‘തുല്യാവകാശം ഉയര്‍ത്തിക്കാട്ടുന്നതിന് വിരുദ്ധമായി, സ്ത്രീവിരുദ്ധത വര്‍ധിക്കുന്ന സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്.’ ഗുട്ടറസ് പറയുന്നു.
മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ മാത്രമാണ് ആരോഗ്യ സംരക്ഷണം, അക്രമത്തില്‍ നിന്നുള്ള സംരക്ഷണം, സാമൂഹിക സംരക്ഷണം എന്നിവ ലഭ്യമാകുന്നത്. ലോകത്തെ 200 കോടിയോളം സ്ത്രീകളും ഇത്തരം സംരക്ഷണത്തിന് പുറത്താണ് ജീവിക്കുന്നത്. ലോകത്തെ 88 ശതമാനം രാജ്യങ്ങളിലും സ്ത്രീ സംരക്ഷണ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് നിയമപരമായ അവകാശങ്ങളുടെ 64 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളു എന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.