പി പി ചെറിയാൻ
ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന മാര്ഗരറ്റ്റ് താച്ചർ , ഇന്ദിരാഗാന്ധി , നോബൽ സമ്മാനാർഹയായ മലാല , സരോജിനി നായിഡു , മദർ തെരേസ്സ തുട ങ്ങി നിരവധി മഹിളാരത്നങ്ങളുടെ ജീവ ചരിത്രം ചൂണ്ടിക്കാട്ടി റോക്ക്ലാൻഡ് കൗണ്ടി, ന്യൂയോർക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയർ ആനി പോൾ അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര വനിതാ ദിനം സമൂഹത്തിൽ,അശരണരായ ,അനാഥരായ അവഗണനയനുഭവിക്കുന്ന സ്ത്രീകളുടെ ഉദ്ധാരണത്തിനായി പ്രവർത്തിക്കുവാൻ പ്രതിജ്ഞയെടുക്കുവാനുള്ള അവസരം കൂടിയാണ് ഡോ ആനി പോൾ ഓർമിപ്പിച്ചു

കേരള അസോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാർച്ച് 8 ശനി വൈകീട്ട് കെഎഡി/ഐസിഇസി ഹാളിൽ( 3821 ബ്രോഡ്വേ ഗാർലൻഡ്)സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ആനി പോൾ .

നിശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.സ്ത്രീകൾക്കെതിരെ ഉയരുന്ന ആക്രമണ പ്രവണതയും,പീഡനശ്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ മാനസികമായും ശാരീരികമായും ശക്തി പ്രാപിക്കാൻ കഴിയട്ടെയെന്നു പ്രസിഡന്റ് ആശംസിച്ചു , കേരളത്തിൽ ഈയിടെ സംഭവിച്ച ഒരു നഴ്സിന്റെയും രണ്ടു കുട്ടികളുടെയും മരണം മനുഷ്യമനഃസാക്ഷിയെ നടുക്കുന്നതാണെന്നും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാൻ പ്രചോദനാത്മകമായ ഒത്തുചേരലിലാണ് വനിതാ സംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് പറഞ്ഞു.തുടർന്ന്
മുഖ്യാതിഥി ഡോ ആനി പോളി നെ സദസിനു പരിചയപ്പെടുത്തി .

“ആക്ഷൻ ത്വരിതപ്പെടുത്തുക” സ്ത്രീകളിൽ സ്വയം പരിചരണം പ്രോത്സാഹിപ്പിക്കുക, സ്വയം ഒരു മുൻഗണന നൽകുക,നെറ്റ്വർക്കിംഗ് സ്ത്രീ ശാക്തീകരണം ,എന്നീ വിഷയങ്ങളെ കുറിച്ച് ഏമിതോമസ്,ഡോ പ്രിയ വെസ്ലി ,ഡോ ഷൈനി എഡ്വേഡ് എന്നിവർ പ്രസംഗിച്ചു.ഉഷ നായരുടെ കവിത പാരായണം ,ഡോ നിഷ ജേക്കബ് ,സോണിയ സബ്,ദീപ സണ്ണി എന്നിവരുടെ ഗാനാലാപനം ചടങ്ങിന്റെ മാറ്റ് വർധിപ്പിച്ചു .

പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്ന സ്ത്രീകളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു, പങ്കെടുത്ത എല്ലാവര്ക്കും ഡിന്നറും ക്രമീകരിച്ചിരുന്നു.
