എ.എസ് ശ്രീകുമാര്‍
അനുഗ്രഹീതമായ പൗരോഹിത്യത്തിന്റെ 30-ാം വാര്‍ഷിക നിറവിലാണ് ജോര്‍ജിയയിലെ ലോറന്‍സ്‌വില്‍ സെന്റ് മാര്‍ഗറീറ്റ് യുവില്‍ പാരീഷിന്റെ പാസ്റ്റര്‍ ഫാ. ടോമി ജോസഫ് പുളിയന്‍. മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാല്‍സ് ഫ്രാന്‍സലെയ്ന്‍സ് (എം.എസ്.എഫ്.എസ്) പാസ്റ്റര്‍ എന്നനിലയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സേവനമുഷ്ഠിക്കുന്ന ഫാ. ടോമി ജോസഫ് പുളിയന്‍ തനിക്ക് ദൈവത്തിന്റെ വരമായി ലഭിച്ച വൈദികവൃത്തിയില്‍ അങ്ങേയറ്റം സംതൃപ്തനും സന്തോഷവാനും കൃതാര്‍ത്ഥനുമാണ്. യേശുക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കുവാനായി പൗരോഹിത്യ ജീവിതം സമ്മാനിച്ചതിന് ദൈവത്തോടും സഭയോടും തന്റെ കുടുംബത്തോടുമെല്ലാം അകമഴിഞ്ഞ് നന്ദി പ്രകാശിപ്പിക്കുകയാണ് അജഗണങ്ങളുടെ പ്രിയയപ്പെട്ട ഫാ. ടോമി ജോസഫ് പുളിയന്‍.

കഴിഞ്ഞ ഫെബ്രുവരി 22-ാം തീയതിയാണ് സ്വന്തം പാരീഷില്‍ വച്ച് അദ്ദേഹത്തിന്റെ 30-ാം പൗരോഹിത്യ വാര്‍ഷികം വിവിധ ചടങ്ങുകളോടെ ആചരിച്ചത്. തദവസരത്തില്‍ ടോമി അച്ചന്‍ തിരഞ്ഞെടുത്ത തീം ”It is by his grace, not my merit that I am who Iam…” എന്ന പ്രസക്തമായ വാക്യമാണ്. എല്ലാം സര്‍വശക്തനില്‍ എളിമയോടെ സമര്‍പ്പിക്കുന്ന ഫാ. ടോമി ജെ പുളിയന്‍ പറയുന്നത്, ജീവിതത്തില്‍ ദുഖിക്കേണ്ടി വന്ന അവസരങ്ങളുണ്ടായിട്ടും തനിക്ക് ഒരിക്കല്‍ പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നാണ്.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയിലേയ്ക്ക് കുടിയേറിയവരാണ് ഫാ. ടോമി ജെ പുളിയന്റെ കുടുംബം. കേരളാ കോണ്‍ഗ്രസ് നേതാവായ പുളിയനാംപട്ടയില്‍ പി.എം ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും ഏഴുമക്കളില്‍ അഞ്ചാമനായ ഫാ. ടോമി ജെ പുളിയന്‍ ജനിച്ചു വളര്‍ന്നതും ഈ കുടിയേറ്റ ഭൂമിയിലാണ്. പാലായുടെ മാണിക്യമായ കെ.എം മാണിയുടെ സഹപാഠിയാണ് റ്റോമി അച്ചന്റെ മാതാവ് റോസമ്മയെങ്കില്‍ പിതാവ് പി.എം ജോസഫിന് പണ്ട് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കേരള നിയമസഭയിലേയ്ക്ക് മല്‍സരിച്ച ചരിത്രമുണ്ട്.
സ്‌കൂള്‍ കാലഘട്ടത്തില്‍ പള്ളികാര്യങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം 1982-ജൂണില്‍ സഭയുടെ സെമിനാരിയില്‍ ചേര്‍ന്നു. 1986-ല്‍ എം.എസ്.എഫ്.എസ് റിലിജിയസ് കോണ്‍ഗ്രിഗേഷന്‍ അംഗമായി. 1994 ഡിസംബര്‍ 27-ന് വൈദിക വൃത്തിയില്‍ അഭിഷിക്തനായി. തുടര്‍ന്ന് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ അസോസിയേറ്റ് പാസ്റ്റര്‍, പാസ്റ്റര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സെമിനാരി റെക്റ്റര്‍ തുടങ്ങിയ നിലകളില്‍ 8 വര്‍ഷവും 6 മാസവും സേവനമനുഷ്ഠിച്ച ഫാ. ടോമി ജെ പുളിയന്‍ 2003 സെപ്റ്റംബറില്‍ റ്റെന്നസിയിലെ നാഷ്‌വിലിലെത്തി രൂപതയുടെ ഭാഗമായി. എം.എസ്.എഫ്.എസ് യു.എസ്.എ വൈസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന്റെ അഡൈ്വസറായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചു.
ഹെന്‍ഡേഴ്‌സണ്‍വില്‍ ഔര്‍ ലേഡി ഓഫ് ലേക്ക് ചര്‍ച്ച് അസോസിയേറ്റ് പാസ്റ്റര്‍, ലൊറേറ്റോ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, സെന്റ് ജോസഫ് ചര്‍ച്ച് പാസ്റ്റര്‍, നാഷ്‌വില്‍ സെന്റ് തെരേസ ഓഫ് കല്‍ക്കട്ട സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍, വൊക്കേഷന്‍ ആന്റ് ഫോര്‍മേഷന്‍ ഫോര്‍ ഫ്രാന്‍സലെയ്ന്‍സ് ഡയറക്ടര്‍, മാഡിസണ്‍ സെന്റ് ജോസഫ് പള്ളി പാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം ഫാ. ടോമി 2017 ജൂലൈയില്‍ അറ്റ്‌ലാന്റ അതിരൂപതയിലെത്തി. 2014-ല്‍ യു.എസ് പൗരത്വം ലഭിച്ചിരുന്നു. ലോഗന്‍വില്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫ്രാന്‍സലെയ്ന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ടോമി ജെ പുളിയന്‍ 2027 ജൂലൈ മുതല്‍ ലോറന്‍സ്‌വില്‍ മാര്‍ഗറീറ്റ് യുവില്‍ പാരീഷിന്റെ പാസ്റ്ററായി സേവനും ചെയ്തു വരുന്നു.

സുവനീ ഹോളി ഫാമിലി കൗണ്‍സിസിങ് സെന്ററില്‍ പാര്‍ട്ട് ടൈം സൈക്കോ തെറാപ്പിസ്റ്റ് കൂടിയായ റ്റോമി അച്ചന്‍ ആര്‍ട്‌സ്, ജേര്‍ണലിസം, ഫിലോസഫി, തിയോളജി എന്നിവയില്‍ ബിരുദവും എജ്യുക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, മെന്റല്‍ ഹെല്‍ത്ത് കൈണ്‍സലിങ് എന്നിവയില്‍ മാസ്റ്റേഴ്‌സും കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട വൈദിക വൃത്തിയുടെ അസുലഭമായ ഈ സന്തോഷ വേളയില്‍ അദ്ദേഹം കൃതജ്ഞതാപൂര്‍വം മനസുതുറക്കുന്നു… നേര്‍കാഴ്ചയുടെ കോളമിസ്റ്റ് കൂടിയായ ടോമി അച്ചന്‍ എഴുതുന്ന ‘ഇന്‍സൈറ്റ്’ എന്ന പ്രതിവാര ഇംഗ്ലീഷ് പംക്തി ജനപ്രിയമാണ്. നേര്‍കാഴ്ചയ്ക്കുവേണ്ടി ഫാ. ടോമി ജെ പുളിയനുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…
? പൗരോഹിത്യത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ എങ്ങനെയാണ് അച്ചന്‍ ഒരു സ്വയം വിലയിരുത്തല്‍ നടത്തുക…
- വൈദിക വൃത്തിയില്‍ 30 വര്‍ഷമായി എന്നൊരു ഫീലിങ് എനിക്ക് ഇപ്പോഴില്ല. 30 കൊല്ലം എങ്ങനെ കഴിഞ്ഞുപോയി എന്നും എനിക്കറിയില്ല. എന്നാല്‍ ഈ ജീവിതം ഞാന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നതാണ് സത്യം. കാരണം ഞാന്‍ തിരഞ്ഞെടുത്തത് ശരിയായ വഴി തന്നെയാണ്. അതുകൊണ്ട് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നല്ല. കയ്പ്പും മധുരവുമുണ്ട്. പക്ഷേ, കൂടുതലും മധുരമേറിയ സംവല്‍സരങ്ങളാണ് കടന്നുപോയത്.

? ദൈവം ഫാ. ടോമി ജെ പുളിയനെ ശരിക്കും അനുഗ്രഹിച്ചു എന്ന് പറയാം, അല്ലേ…
- തീര്‍ച്ചയായും. 30 വര്‍ഷം ഞാന്‍ എത്രയോ കുര്‍ബാന ചൊല്ലിയിട്ടുണ്ട്. ഒരു ദിവസം ഒരു കുര്‍ബാന വച്ച് നോക്കിയാല്‍ ഈ കാലയളവില്‍ എത്രയോ ആയിരങ്ങള്‍ വരും. പിന്നെ, എത്ര കല്യാണങ്ങള്‍ ആശീര്‍വദിച്ചിട്ടുണ്ട്… എത്ര മരിച്ചടക്കുകള്‍ നടത്തിയിട്ടുണ്ട്… എത്ര മാമോദീസ മുക്കിയിട്ടുണ്ട്… അങ്ങനെ നോക്കുമ്പോള്‍ ദൈവം എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു എന്നുവേണം പറയാന്‍.
? ഈ പ്രത്യേക അവസരത്തില്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു…
- ആദ്യം ദൈവത്തോട്. രണ്ടാമത് എന്റെ സഭയോട്. പിന്നെ എന്റെ കുടുംബത്തോട്. മൂന്ന് സഹോദരന്‍മാരും മൂന്ന് സഹോദരിമാരും എനിക്കുണ്ട്. എന്റെ രണ്ട് അമ്മാവന്‍മാര്‍ അതായത് അമ്മയുടെ ആങ്ങളമാര്‍ അച്ചന്‍മാരാണ്. എന്റെ കുടുംബത്തില്‍ സന്യസ്തരുമുണ്ട്. അങ്ങനെ തീര്‍ത്തും റിലിജിയസായ ഒരു അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.

? കുടുംബ പശ്ചാത്തലമാണോ വൈദികനാവാന്‍ പ്രേരിപ്പിച്ചത്…
- അങ്ങനെ പറയാനൊക്കില്ല. പത്താം ക്ലാസ് പാസാകുന്നതുവരെ അച്ചനാവണമെന്ന ഒരു ചിന്ത എനിക്കുണ്ടായിരുന്നില്ല. എന്നെ സെമിനാരിയിലയയ്ക്കാന്‍ വീട്ടുകാര്‍ക്കും പദ്ധതിയുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് ആള്‍ട്ടര്‍ ബോയിയും മിഷന്‍ ലീഗ് വൈസ് പ്രസിഡന്റുമൊക്കെയായി പള്ളിക്കാര്യങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. പത്താംക്ലാസ് ജയിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് വൈദികനാവാന്‍ താത്പര്യമുണ്ടെന്നുള്ള കാര്യം ഞാന്‍ ചേട്ടനായ ബേബിച്ചനോട് പറഞ്ഞു. ചാച്ചനോട് പറയാന്‍ ചേട്ടന്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് നിന്റെ താത്പര്യമെങ്കില്‍ അമ്മയോട് പറ എന്നായി ചാച്ചന്‍. അമ്മയോട് പറഞ്ഞപ്പോള്‍ സന്തോഷവും ആശ്ചര്യവുംകൊണ്ട് അമ്മ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുകയായിരുന്നു.

? അമ്മച്ചിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ…
- അതെനിക്കറിയില്ല. അഞ്ച് അങ്ങളമാര്‍ക്ക് ഒരേയൊരു പെങ്ങളായിരുന്നു എന്റെ അമ്മ. സഹോദരങ്ങളില്‍ രണ്ടുപേര്‍ വൈദികര്‍. അവരെപ്പോലെ ഞാനും അച്ചനായി കാണണമെന്ന് അമ്മ ചിലപ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും. വലിയ ദൈവഭക്തിയുള്ളതാണ് അമ്മയുടെ കുടുംബം. പാര്‍ത്ഥന കഴിഞ്ഞേ അമ്മയ്ക്ക് മറ്റെന്തുമുള്ളൂ. എല്ലാ ദിവസവും മുട്ടിന്‍മേല്‍ നിന്ന് കൊന്ത ചൊല്ലാന്‍ അമ്മ ഞങ്ങളെ നിര്‍ബന്ധിക്കുമായിരുന്നു. അശ്രദ്ധ കാട്ടിയതിന് നല്ല അടിയും കിട്ടിയിട്ടുണ്ട്.

? സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് ഇത് വേണ്ടായിരുന്നു എന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ…
- അങ്ങനെയൊരു കടുത്ത ചിന്ത ഉണ്ടായിട്ടില്ല. പക്ഷേ മൈനര്‍ സെമിനാരിയിലെ ചില റൂള്‍സും റെഗുലേഷനും രീതികളുമൊക്കെ, ഇട്ടേച്ച് പോയേക്കാം എന്ന് എന്നെ തോന്നിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം വീട്ടില്‍ അറിയിച്ചപ്പോള്‍ താത്പര്യമില്ലെങ്കില്‍ പോരാമെന്ന് അവര്‍ പറഞ്ഞു.
? എന്നിട്ട്…
- ഫിലോസഫിയും ആര്‍ട്‌സില്‍ ബാച്ചിലര്‍ ഡിഗ്രിയും കഴിഞ്ഞപ്പോള്‍ പാസ്റ്ററല്‍ എക്‌സ്പീരിയന്‍സ് ലഭിക്കുന്നതിനായി ഒരു വര്‍ഷത്തെ ട്രെയിനിംഗിന് പോകണമായിരുന്നു. അപ്പോള്‍ നിര്‍ത്തിയാലോ എന്നു ഞാന്‍ വിചാരിച്ചു. എന്റെ പിതാവ് കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒക്കെയായി രാഷ്ട്രീയത്തില്‍ അക്കാലത്ത് സജീവമായിരുന്നു. സെമിനാരിയില്‍ നിന്ന് മടങ്ങിപ്പോയി എം.എയും എല്‍.എല്‍.ബിയുമൊക്കെ എടുത്ത് രാഷ്ട്രീയത്തിലിറങ്ങണം എന്നൊരു പ്ലാന്‍ എനിക്കുണ്ടായിരുന്നു. അതൊരു ടഫ് ടൈമായിരുന്നു. എന്റെ പ്ലാന്‍ ഞാന്‍ റെക്ടറോടു പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. എന്റെ സ്പിരിച്ച്വല്‍ ഡയറക്ടര്‍ അമ്മാവന്‍മാരുമായി സംസാരിച്ചു. തുടര്‍ന്ന് എന്നെ കൗണ്‍സിലിംഗിനൊക്കെ വിധേയനാക്കി. അതോടു കൂടി സെമിനാരി വിട്ടു പോകാനുള്ള എന്റെ ചിന്ത അസ്തമിക്കുകയായിരുന്നു.

? ഒരു വൈദികന്റെ ആത്മീയ ജീവിതം സഫലമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്…
- മൂന്നു കാര്യങ്ങളുണ്ട്. ക്രൈസ്റ്റുമായിട്ടുള്ള വ്യക്തിപരമായ ബന്ധമാണ് ഒന്ന്. ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നത് യേശുക്രിസ്തു രക്തവും ശരീരവും ആത്മാവും ഈശ്വരാംശവുമായി നിലകൊള്ളുന്നുവെന്നാണ്. അപ്പോള്‍ വ്യക്തിപരമായി നമ്മള്‍ യേശുവുമായി ഇടപഴകുന്നു. അതുകൊണ്ട് യേശുവുമായുള്ള ബന്ധമാണ് ഒന്നാമത്തെ കാര്യം. നമുക്ക് പ്രചോദനവും പ്രേരണയും കരുത്തും നല്‍കുന്നത് നമ്മള്‍ സേവനം ചെയ്യുന്ന സഭയാണ്. 2003-ല്‍ ഞാന്‍ അമേരിക്കയില്‍ എത്തി. 22 വര്‍ഷമായി ഞാനിവിടെ ഇടവകകളിലാണ് സേവനം ചെയ്തു വരുന്നത്. ഇടവക ജനങ്ങളുമായിട്ടുള്ള ഊഷ്മള മായ ബന്ധവും പ്രോത്സാഹനവുമാണ് എന്റെ വൈദിക ജീവിതം സഫലമാക്കുന്ന രണ്ടാമത്തെ കാര്യം. മൂന്നാമത്തേത് കുടുംബമാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, മറ്റു ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നു കിട്ടുന്ന അംഗീകാരവും സുപ്രധാനമാണ്. ഈ മൂന്നു കാര്യങ്ങളാണ് ഒരാളെ വൈദിക വൃത്തിയില്‍ പിടിച്ച് ഉറപ്പിച്ചു നിര്‍ത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
? ഇപ്പോള്‍ വൈദികവൃത്തി തിരഞ്ഞെടുക്കുന്നവര്‍ എത്രമാത്രം അതിനോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു…
- എനിക്ക് മുമ്പുള്ളവരുടെ പ്രതിബദ്ധത എനിക്കോ എന്നോടൊപ്പമുള്ളവര്‍ക്കോ ഉണ്ടെന്ന് തോന്നുന്നില്ല. സെമിനാരി റെക്ടര്‍ ആയിരുന്നപ്പോള്‍ ഞാന്‍ ഫോര്‍മേഷന്‍ കൊടുത്തവര്‍ക്ക് എന്റെ അത്രയും കമ്മിറ്റ്‌മെന്റ് ഉള്ളതായി തോന്നിയിട്ടില്ല. മൊത്തത്തില്‍ വാലു സിസ്റ്റത്തിന് സംഭവിക്കുന്ന ജീര്‍ണത ഏതു മേഖലയിലും പ്രകടമാണല്ലോ.
? വാസ്തവത്തില്‍ എന്താണ് പൗരോഹിത്യം എന്നു പറയുന്നത്…
- അത് ഒരു കരിയറോ പ്രൊഫഷനോ അല്ല. ഒരു ലൈഫ് ലോംഗ് കമ്മിറ്റ്‌മെന്റാണ്. ആ പ്രതിബദ്ധതയില്‍ ഇന്നൊരുപാട് വ്യത്യാസം വന്നിട്ടുണ്ട്. പൗരോഹിത്യത്തോടുള്ള കാഴ്ചപ്പാടിനും കാതലായ മാറ്റം വന്നിട്ടുണ്ട്. മിനിസ്ട്രി ലെവലില്‍ നിന്നും മാറി ഇതൊരു പ്രൊഫഷന്‍ ആയി കാണുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. നമ്മുടെ സാമൂഹികവും സാംസ്‌കാരികവും മതപരവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ ഭാഗമായേ അതിനെ കാണാനൊക്കൂ.

? അച്ചന്റെ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്താണ്…
- കുടുംബത്തെ കുറിച്ചാണ് ഞാന്‍ മിക്കപ്പോഴും സംസാരിക്കുന്നത്. കുടുംബം നന്നായാല്‍ എല്ലാം നന്നാവും. കുടുംബത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ അലയടികള്‍ സമൂഹത്തിലും സ്റ്റേറ്റിലും രാജ്യത്തും ലോകത്തുതന്നെയും ഉണ്ടാവും. മെച്ചപ്പെട്ട കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
? പൗരോഹിത്യം തിരഞ്ഞെടുക്കുന്നവരോടുള്ള അച്ചന്റെ ഉപദേശം എന്താണ്…
- പൗരോഹിത്യം ഒരു നിയോഗമാണ്. ദൈവത്തിനും സഭയ്ക്കും വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായിരിക്കണം വൈദികര്‍. അവര്‍ക്ക് സഹാനുഭൂതി ഉണ്ടാവണം. അനുതപിക്കുന്ന ഒരു മനസ്സുണ്ടാവണം. പൗരോഹിത്യം ഒരു പ്രൊഫഷനായി കണ്ടാല്‍ യേശുവുമായുള്ള അകലം വര്‍ദ്ധിക്കും.

കുരിശില്‍ യാഗമായി മാറിയ ക്രിസ്തുവിനെപ്പോലെ എന്നും ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നിരവധി പുരോഹിതര്‍ ഈ ഭൂമിയില്‍ നമുക്ക് വിളക്കായി തെളിഞ്ഞിട്ടുണ്ട്. പൗരോഹിത്യം എന്നത് ക്രിസ്തുവില്‍ നിന്നുള്ള ഒരു ബന്ധത്തിലേക്കുള്ള ആഹ്വാനമാണ്. അത് ശിഷ്യത്വത്തിലും തന്റെ ജനത്തിനായുള്ള സേവനത്തിലും അധിഷ്ഠിതമാണ്. പുരോഹിതന്‍ സുതാര്യനാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ക്രിസ്തുവിലൂടെ കാണപ്പെടുന്നത് അവനിലാണ്. അങ്ങനെ ചെയ്യുമ്പോള്‍, പുരോഹിതന്‍ സ്വന്തം പൂര്‍ത്തീകരണത്താലും വിശുദ്ധീകരണത്താലും അനുഗ്രഹിക്കപ്പെടുന്നു. പൗരോഹിത്യം ലോകത്തിലെ ക്രിസ്തുവിന്റെ വേലയുടെ തുടര്‍ച്ചയാണ്. ഫാ. ടോമി ജോസഫ് പുളിയന്‍ ആ തുടര്‍ച്ചയുടെ ഈടുറ്റ ഒരു കണ്ണിയുമാണ്.