വാഷിഗ്ടൺ: ഗൂഗിളിനെതിരേ കടുത്ത നടപടികളുമായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്. ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ വിറ്റഴിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡന്റെ ഭരണക്കാലത്ത് തുടങ്ങി വെച്ച നടപടിയാണ് ട്രംപ് ഭരണകൂടവും മുൻപോട്ട് കൊണ്ടുപോകുന്നത്ഓണ്‍ലൈന്‍ സെര്‍ച്ച് മേഖലയിലെ ഗൂഗിളിന്റെ കുത്തക നിലപാടിനെതിരെയാണ് നടപടി. 2024 ഓഗസ്റ്റില്‍ ജഡ്ജി അമിത് പി. മേത്ത ഗൂഗിളിന്റെ കുത്തക നിലപാട് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. വെബ് ബ്രൗസറുകള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും പണം നല്‍കി ഗൂഗിള്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ നിർദ്ദേശം നല്കുകയാണെന്നാണ് യുഎസ് ആരോപിക്കുന്നത്.ഗൂഗിളിന്റെ ഈ നീക്കം മത്സര വിപണിയെ തകർക്കുകയും ഒരു കമ്പനി മാത്രം വളരുന്നതിന് സാഹചര്യം ഒരുക്കുകയാണെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആരോപിക്കുന്നു. “എന്ത് സംഭവിച്ചാലും ഗൂഗിള്‍ ജയിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍. ഗൂഗിളിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിപണിയിൽ നാശം വിതയ്ക്കുന്ന ഒന്നാണ്. അതിനാൽ, അമേരിക്കൻ ജനതയ്ക്ക് ഒരു സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നതിന് പകരമായി ഗൂഗിളിന്റെ അനിയന്ത്രിതമായ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരികയാണെന്നും സര്‍ക്കാര്‍ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. 2021 ല്‍ മാത്രം ഗൂഗിള്‍ 26.3 ബില്യണ്‍ ഡോളര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി ചെലവഴിച്ചു. യുഎസിലെ ഏകദേശം 70 ശതമാനം സെര്‍ച്ചുകളും ഗൂഗിള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പോര്‍ട്ടലുകളിലൂടെയാണ് നടക്കുന്നതെന്ന് ജഡ്ജി മേത്ത കണ്ടെത്തി. അതിനാൽ, ആപ്പിള്‍, മോസില്ല, സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായുള്ള ഗൂഗിളിന്റെ പണമടച്ചുള്ള കരാറുകള്‍ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് നിർദ്ദേശം നൽകി. മറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഗൂഗിളിന്റെ റിസള്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കാനും ഗൂഗിളിന്റെ ഡാറ്റയിലേക്ക് പത്ത് വര്‍ഷത്തേക്ക് പ്രവേശനം നല്‍കാനും ഗൂഗിളിനെ നിര്‍ബന്ധിതമാക്കണമെന്നും യുഎസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ ഈ നീക്കത്തിനെതിരെ അപ്പീൽ നല്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ സാധിക്കുകയുള്ളുവെന്ന നിലപാടാണ് ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. മാറ്റ് കമ്പനികൾക്ക് പണം നൽകുന്നത് തുടരാൻ അനുവദിക്കണമെന്നും ഗൂഗിൾ ആവശ്യപ്പെടുന്നുണ്ട്. “സർക്കാരിന്റെ നിർദ്ദേശങ്ങൾ അമേരിക്കയുടെ ഉപഭോക്താക്കൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും ദോഷം ചെയ്യുമെന്ന്,” ഗൂഗിള്‍ വക്താവ് പീറ്റര്‍ ഷോട്ടന്‍ഫെല്‍സ് പറഞ്ഞു.