മെറ്റയുടെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐടിടെക് രംഗത്തെ കരുത്തുറ്റ വനിതകളിലൊരാളുമായ ഷെറില്‍ സാന്‍ബെര്‍ഗിനെതിരെ വിവാദശരങ്ങളുയര്‍ത്തി ഫെയ്‌സ്ബുക് മുന്‍ ജീവനക്കാരിയുടെ പുസ്തകം. ഷെറില്‍ സിഒഒ ആയിരിക്കെ ഫെയ്‌സ്ബുക്കില്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന സാറ വിന്‍ വില്യംസ് എഴുതിയ കെയര്‍ലെസ് പീപ്പിള്‍: എ കോഷനറി ടെയ്ല്‍ ഓഫ് പവര്‍, ഗ്രീഡ് ആന്‍ഡ് ലോസ്റ്റ് ഐഡിയലിസം എന്ന പുസ്തകമാണ് ടെക് രംഗത്തെ ആടിയുലച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
2017ല്‍ മെറ്റയില്‍ നിന്നു സാറയെ പുറത്താക്കിയിരുന്നു. ഷെറിലിനെതിരെ മാത്രമല്ല, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെതിരെയും മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനം പുസ്തകത്തിലുണ്ട്. ഷെറില്‍ തന്നോട് ഒരു മേലുദ്യോഗസ്ഥയ്ക്കു ചേരാത്ത വിധം പെരുമാറിയെന്നാണു പുസ്തകത്തില്‍ സാറ ഉന്നയിക്കുന്ന ആരോപണം.
2016ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നിന്നു കലിഫോര്‍ണിയയിലേക്കു സ്വകാര്യ ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തന്നോടൊപ്പം കിടക്ക ഉപയോഗിക്കാന്‍ ഷെറില്‍ തുടരെത്തുടരെ ആവശ്യപ്പെട്ടെന്നു സാറ ആരോപണമുന്നയിക്കുന്നു. എന്നാല്‍ താന്‍ ആ ആവശ്യം നിരസിച്ചെന്നും അത് ഷെറിലിനെ അലോസരപ്പെടുത്തിയെന്നും സാറ പുസ്തകത്തില്‍ പറയുന്നു.
തന്റെ അസിസ്റ്റന്റായിരുന്ന സാദി എന്ന വനിതയോടുള്ള ഷെറിലിന്റെ പെരുമാറ്റവും സംശയകരമായിരുന്നെന്ന് സാറ വാദിക്കുന്നു. ഒരിക്കല്‍ യൂറോപ്പിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തപ്പോള്‍ ഇരുവര്‍ക്കുമായി 11 ലക്ഷം രൂപയിലധികം വിലവരുന്ന ഉള്‍വസ്ത്രങ്ങള്‍ ഷെറില്‍ വാങ്ങി. പ്രഫഷനല്‍ രീതികള്‍ ലംഘിച്ചുകൊണ്ട് ഇരുവരും പരസ്പരം മടിയിലുറങ്ങാറുണ്ടായിരുന്നെന്നും സാറ ആരോപിക്കുന്നു.
ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ ചൈനയുമായി ഷെയര്‍ ചെയ്യാന്‍ സക്കര്‍ബര്‍ഗ് അലോചിച്ചിരുന്നെന്നും പുസ്തകത്തിലുണ്ട്. ചൈനീസ് മാര്‍ക്കറ്റിലേക്കു കടക്കാനായായിരുന്നു ഇത്. സക്കര്‍ബര്‍ഗ് എല്ലാദിവസവും ഉച്ചയ്ക്കാണു ഉറക്കമെണീറ്റിരുന്നതെന്നും ആരെങ്കിലും തന്നെ ബോര്‍ഡ് ഗെയിമുകളില്‍ തോല്‍പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും പുസ്തകത്തിലുണ്ട് .ജോയല്‍ കപ്ലാന്‍ എന്ന ഫെയ്‌സ്ബുക്കിന്റെ പോളിസി ചീഫ് തന്നോട് അശ്ലീല പരാമര്‍ശം നടത്തിയെന്നും സാറ ആരോപിക്കുന്നു.
എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശരിയല്ലാത്ത ആരോപണങ്ങളാണു സാറ ഉന്നയിക്കുന്നതെന്നാണു മെറ്റയുടെ പ്രതികരണം. മോശം പ്രകടനം, പരുഷമായ പെരുമാറ്റം എന്നിവയുള്ളതിനാലായിരുന്നു ഈ നടപടി, മെറ്റ അറിയിച്ചു. സാറയ്‌ക്കെതിരെ അടിയന്തിര നിയമനടപടി സ്വീകരിച്ച മെറ്റ പുസ്തകത്തിന്റെ പ്രമോഷനുകള്‍ താല്‍കാലികമായി നിര്‍ത്തിവയ്പിച്ചിട്ടുണ്ട്. മെറ്റയിലെത്തുന്നതിനു മുന്‍പ് ലോകബാങ്കിലും ഗൂഗിളിലും ഷെറില്‍ ജോലി ചെയ്തിരുന്നു. കരിയറില്‍ അസാമാന്യ വിജയം നേടിയ ഷെറില്‍ ലോകപ്രശസ്തയാണ്.