എ.എസ് ശ്രീകുമാര്‍
വിശ്വാസത്തിലടിയുറച്ച് ഷിക്കാഗോയുടെ മണ്ണില്‍ ജീവിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സഭാമക്കളെ ഏകോപിപ്പിക്കുന്നതിനും കേരളത്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവരും ഇവിടെ ജനിച്ചു വളരുന്നവരുമായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ വിശ്വാസികള്‍ക്ക് അവരുടെ പൈതൃകവും സംസ്‌കാരവും സഭാപരമായ മൂല്യങ്ങളും ചോര്‍ന്ന് പോകാതെ വരും തലമുറയിലേയ്ക്ക് കൈമാറുന്നതിനും ‘മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ’ (എം.ഒ.സി.എസ്) പ്രതിജ്ഞാബദ്ധമാണെന്ന് ഷിക്കാഗോയിലെ ഒക്‌ലോണ്‍ സെന്റ് മേരീസ് ചര്‍ച്ച് അംഗവും മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ ഡയസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്ക ഡയസീഷ്യന്‍ അസംബ്ലി മെമ്പറുമായ ഡോ. ബിനു ഫിലിപ്പ് പറഞ്ഞു.

മലങ്കര സഭയുടെ ഉണര്‍വിന്റെ ചരിത്രമുഹൂര്‍ത്തമായ മാവേലിക്കര പടിയോല എന്ന ചരിത്ര ഉടമ്പടി തയ്യാറാക്കിയ പുതിയകാവ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗമായ ഡോ. ബിനു ഫിലിപ്പ്, കൈമൂട്ടില്‍ പരോതനായ എല്‍.ഐ.സി ഓഫീസര്‍ ഫിലിപ്പ് ഫിലിപ്പിന്റെയും ഹൈസ്‌കൂള്‍ അധ്യാപികയായി വിരമിച്ച മറിയാമ്മ ജോര്‍ജിന്റെയും പുത്രനാണ്. മാവേലിക്കര ബിഷപ്പ് മൂര്‍ കേളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സെന്റ് പോള്‍സ് യൂത്ത് ലീഗിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തായും മിഷന്‍ ബോര്‍ഡ് പ്രസിഡന്റുമായിരുന്ന സഭാരത്‌നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രിയ ശിഷ്യനായ ഡോ. ബിനു ഫിലിപ്പ്, അദ്ദേഹം തനിക്ക് പോസ്റ്റ് കാര്‍ഡിലെഴുതിയ കത്തുകള്‍ ഒരു അമൂല്യ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍ കേളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ ഇദ്ദേഹം 1992 മുതല്‍ ’93 വരെ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജൂനിയര്‍ റസിഡന്റ് ആയിരുന്നു.

അഹമ്മദാബാദിലെ എന്‍.എച്ച്.എല്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി ആന്റ് ഡി.എന്‍.ബി എടുത്തു. അവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന സിബിലിനെ വിവാഹം കഴിച്ച ശേഷം കോയമ്പത്തൂരിലെ പി.എസ്.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമുഷ്ഠിച്ചു. 1997-ല്‍ അമേരിക്കയിലെത്തിയ ഡോ. ബിനു ഫിലിപ്പ് ഇല്ലിനോയിയിലെ വിവധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍ സമ്പാദിച്ചു. ഇല്ലിനോയി ജെനീവ സിറ്റിയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ ഡെല്‍നര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് റേഡിയോളജിസ്റ്റായ ഡോ. ബിനു ഫിലിപ്പ് ഔദ്യോഗിക രംഗത്തെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അമൂല്യമായ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിത്വമാണ്.
റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക, അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജി തുടങ്ങിയ സംഘടനകളിലെ അംഗമായ ഡോ. ബിനു ഫിലിപ്പ് ഇല്ലിനോയി സ്റ്റേറ്റിലെ ലൈസന്‍സ്ഡ് ഫിസിഷ്യനും സര്‍ജനുമായി ഔദ്യോഗിക രംഗത്തും ശോഭിക്കുന്നു. റേഡിയോളജി വിഭാഗത്തിലെ ഔദ്യേഗിക ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റുന്നതിനൊപ്പം തന്റെ മാതൃദേവാലയമായ ഒക്‌ലോണ്‍ സെന്റ് മേരീസ് പള്ളിയിലൂടെ അദ്ദഹം സഭാ പ്രവര്‍ത്തനങ്ങളും അഭംഗുരം തുടരുന്നു.
ഷിക്കാഗോയിലെ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സഭാംഗങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് നോര്‍ത്ത് അമേരിക്കയാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ’ രൂപീകരിച്ചിരിക്കുന്നത്. മൂന്നാം തലമുറയിലെ കുട്ടികളെ വിശ്വാസ ധാരയിലൂടെ കൈപിടിച്ച് നടത്തുന്നതിനും ഏകാന്തതയനുഭവിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് തണലാവാനും ഈ സൊസൈറ്റി ലക്ഷ്യമിടുന്നുവെന്ന് ഡോ. ബിനു ഫിലിപ്പ് വ്യക്തമാക്കി. പുതു തലമുറയുടെ ഹൃദ്യമായ ആശയവിനിമയം, പരസ്പര സഹകരണം, ആരോഗ്യകരമായ ആത്മീയ ഇടപെടല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് ശക്തമായ സാമുദായിക അടിത്തറയുള്ള ഒരു സംഘടനയായി എം.ഒ.സി.എസ് നിലകൊള്ളും. ഒപ്പം ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാ അംഗങ്ങളുടെ ഏതൊരാവശ്യത്തിനും എം.ഒ.സി.എസിന്റെ സഹായമുണ്ടാവുമെന്ന് ഡോ. ബിനു ഫിലിപ്പ് പറഞ്ഞു.

ആത്മീയതയിലൂന്നിയ എം.ഒ.സി.എസ് എന്ന സാമൂഹിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനവും ഫാമിലി നൈറ്റും വരുന്ന മെയ് 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലില്‍ നടക്കാനിരിക്കെ സംഘടനയുടെ പ്രഥമ പ്രസിഡന്റായ ഡോ. ബിനു ഫിലിപ്പ് എം.ഒ.സി.എസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് അഭിമുഖ സംഭാഷണത്തിലൂടെ വിശദീകരിക്കുന്നു.
? മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ രൂപീകരിക്കാനുണ്ടായ സാഹചര്യം…
- ഇപ്പോഴത്തെ മൂന്നാം തലമുറയ്ക്ക് സ്വന്തം സമുദായത്തിന്റേതായ ഒരു ഫീലിംഗ് ഇല്ല. ആത്മീയ കാര്യങ്ങളില്‍ നിന്ന് കുട്ടികള്‍ അകന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. വിവിധ സ്റ്റേറ്റുകളിലെല്ലാം നിരവധി പള്ളികള്‍ ഉണ്ട്. എന്നാല്‍ ഇടവക അംഗങ്ങള്‍ തമ്മില്‍ ഈടുറ്റ ബന്ധം ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് കുട്ടികള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും ആത്മബന്ധം സ്ഥാപിക്കാനും പറ്റുന്നില്ല. യുവജനങ്ങളും ഇതേ അവസ്ഥയില്‍ തന്നെയാണ്. മക്കളൊക്കെ ജോലിയും മറ്റുമായി ദൂരസ്ഥലങ്ങളിലായതിനാല്‍ അവരുടെ വൃദ്ധ മാതാപിതാക്കള്‍ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് ഈ സൊസൈറ്റിക്ക് രൂപം കൊടുത്തത്.
? പുതിയ തലമുറ എന്തുകൊണ്ട് വിശ്വാസത്തില്‍ നിന്ന് അകന്നു പോകുന്നു…
- അവരുടെ പ്രവര്‍ത്തന മണ്ഡലം വളരെ പരിമിതമാണ്. ഓരോ പള്ളികളിലും വളരെ കുറച്ച് കുട്ടികള്‍ മാത്രമേ ഉള്ളു. ഈ സഭയില്‍ തന്നെയുള്ള കുട്ടികള്‍ക്ക് പരസ്പരം സമ്പര്‍ക്കം പുലര്‍ത്താനുള്ള വേദി തന്നെ നിലവിലില്ല. അതുകൊണ്ട് അവര്‍ വിശ്വാസത്തില്‍ നിന്ന് മനപ്പൂര്‍വമല്ലാതെ മാറിപ്പോവുകയാണ്.
? റിട്ടയര്‍ ചെയ്ത മാതാപിതാക്കളുടെ അവസ്ഥയും മാറേണ്ടതല്ലേ…
- അതെ, ഇഷ്ടപ്പെട്ട കൂട്ടുകാരും വിനോദ ഉപാധികളും ഒന്നുമില്ലാതെ വീടുകളില്‍ അടച്ചു പൂട്ടി കഴിയുന്നവരാണ് വയോധികര്‍ ഉള്‍പ്പെടെയുള്ള മാതാപിതാക്കള്‍. ഞായറാഴ്ചകളില്‍ മാത്രം പള്ളികളില്‍ പോയി കുര്‍ബാന കണ്ട് മടങ്ങി വരുന്നതൊഴിച്ച് അവര്‍ പുറത്തിറങ്ങുന്നില്ല. മറ്റൊരു കാര്യത്തിലും അവര്‍ വ്യാപൃതരുമല്ല.
? ഈ പ്രശ്‌നം എപ്രകാരമാണ് പരിഹരിക്കാന്‍ സാധിക്കുക…
- ഇതിനായി നമ്മള്‍ ഒരു കമ്മ്യൂണിറ്റി സെന്റര്‍ വിഭാവനം ചെയ്യുന്നുണ്ട്. പ്രായമേറിയവര്‍ക്കെല്ലാം അവിടെയെത്തി സംസാരിക്കുവാനും പലവിധ വിനോദങ്ങളിലും ആക്ടിവിറ്റികളിലും മറ്റും ഏര്‍പ്പെടുവാനും ഉള്ള സംവിധാനങ്ങള്‍ ഉണ്ടാക്കും. ഷിക്കാഗോ ലാന്‍ഡിന്റെ നല്ലൊരു ഏരിയയിലായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുക. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഒന്നിച്ചു ചേരുവാനുള്ള ഈ കമ്മ്യൂണിറ്റി സെന്റര്‍ എം.ഒ.സി.എസിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. മലങ്കര ഓര്‍ത്തഡോക്‌സ് കുടുംബാംഗങ്ങള്‍ക്ക് സായാഹ്നങ്ങളില്‍ ഒരുമിച്ച് കൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം സഭാ വിശ്വാസവും കൂടി ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റര്‍.

? എം.ഒ.സി.എസ് ഒരു സാമുദായിക സംഘടന ആയിട്ടാണോ പ്രവര്‍ത്തിക്കുക…
- ഒരു സാമുദായിക സംഘടനയ്ക്കുപരിയായി വിശ്വാസവും ആത്മീയതയും ചോര്‍ന്നു പോകാത്ത സാമൂഹിക സംഘടന എന്ന നിലയിലായിരിക്കും എം.ഒ.സി.എസ് പ്രവര്‍ത്തിക്കുക. ഏതെങ്കിലുമൊരു പാരീഷുമായി ബന്ധപ്പെട്ടല്ല ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനം. ഷിക്കാഗോ ലാന്‍ഡിലെ നാല് പള്ളികളിലുള്ളവരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍.
? ഏതൊക്കെയാണ് ആ പള്ളികള്‍…
- ഓക്‌ലോണിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മോയിസ്റ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബെല്‍വുഡിലുള്ള സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ചര്‍ച്ച്, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നീ പള്ളികളിലുള്ള അറുന്നൂറോളം കുടുംബങ്ങളാണ് എം.ഒ.സി.എസിലെ അംഗങ്ങള്‍. 1972-ല്‍ സ്ഥാപിച്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗങ്ങള്‍ പല കാലങ്ങളില്‍ വിഘടിച്ചു മാറിയാണ് മറ്റ് പള്ളികള്‍ സ്ഥാപിച്ചത്. ഇനി എല്ലാവരും ഒന്നാകാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ടാണ് ഒരു സൊസൈറ്റിയുടെ കീഴില്‍ ഏവരെയും അണിനിരത്തുന്നത്.
? ഷിക്കാഗോയിലെ സഭയുടെ വളര്‍ച്ചയെ പറ്റി…
- എഴുപതുകളില്‍ നാലോ അഞ്ചോ കുടുംബങ്ങള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴത് 600 കുടുംബങ്ങളായി വര്‍ദ്ധിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് അനേകം പേര്‍ ഡാളസിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്. അവരൊന്നും പോയില്ലായിരുന്നുവെങ്കില്‍ ഇപ്പോഴിവിടെ 1500-ഓളം കുടുംബങ്ങള്‍ ഉണ്ടാകുമായിരുന്നു.
? മറ്റ് സ്റ്റേറ്റുകളില്‍ എം.ഒ.സി.എസിന്റെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടോ…
- താത്പര്യമുള്ളവര്‍ക്ക് ആവാം. അങ്ങനെ എം.ഒ.സി.എസ് നോര്‍ത്ത് അമേരിക്കയാകെ വ്യാപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആ സ്വപ്നം സഫലമായാല്‍ ‘മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന വിപുലമായ ഒരു അംബ്രല്ല ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാനാവും. ഈ പേര് നമ്മള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
? എം.ഒ.സി.എസ് രൂപീകരിക്കാനുള്ള ലീഗല്‍ പ്രോസസ് എന്തായിരുന്നു…
- 2024 ഫെബ്രുവരി 10-ാം തീയതി മേല്‍ സൂചിപ്പിച്ച നാല് പള്ളികളിലെ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് ഈ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 26-ന് ഇല്ലിനോയി സ്റ്റേറ്റുമായി എം.ഒ.സി.എസ് രജിസ്റ്റര്‍ ചെയ്തു. അങ്ങനെ എം.ഒ.സി.എസ് എന്ന പേര് നിയമാനുസൃതം സ്ഥാപിച്ചു കിട്ടി. ജൂലൈ മാസത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റുമായി രജിസ്റ്റര്‍ ചെയ്തു. അങ്ങനെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍-ചാരിറ്റബിള്‍-നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായി എം.ഒ.സി.എസ് നിലവില്‍ വന്നു.
? എന്താണ് എം.ഒ.സി.എസിന്റെ ചാരിറ്റി പദ്ധതികള്‍…
- ഹെല്‍ത്ത് കെയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആളുകള്‍ക്ക് സൊസൈറ്റി സഹായം എത്തിച്ചു കൊടുക്കും. ഇതു സംബന്ധിച്ച് ഗൗരവമായ ആലോചനകള്‍ നടക്കുന്നുണ്ട്. റിട്ടയര്‍ ചെയ്ത് ഒറ്റപ്പെട്ടു കഴിയുന്ന മുതിര്‍ന്നവരെ പരിചരിക്കാന്‍ ആരും തന്നെ അടുത്തില്ലാത്ത അവസ്ഥയുണ്ട്. അവരെ സഹായിക്കാനും ശുശ്രൂഷിക്കാനും, ഈ മേഖലയില്‍ ജനസമ്മതി നേടിയ സംഘടനകളുമായി കൈ കോര്‍ത്തു കൊണ്ട് എം.ഒ.സി.എസ് സേവനം വ്യാപിപ്പിക്കും. വൃദ്ധരായ നമ്മുടെ മാതാപിതാക്കളെ കാണാന്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമെല്ലാം അവസരമുണ്ടാകും.
? വനിതകളെ സംബന്ധിച്ച്…
- അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഇതര സാമൂഹിക-സാംസ്‌കാരിക-സാമുദായിക സംഘടനകളില്‍ ഉള്ളതുപോലെ തന്നെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ ഫോറം നമ്മള്‍ രൂപീകരിക്കും. അതുപോലെ യൂത്ത് ഫോറവും കിഡ്‌സ് ഫോറവും ഉണ്ടാവും. വനിതകളുടെയും യുവാക്കളുടെയും കുട്ടികളുടെയുമൊക്കെ ആക്റ്റിവിറ്റികള്‍ ഇപ്പോള്‍ നടക്കുന്നത് അതാതു പള്ളികള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ എം.ഒ.സി.എസിന്റെ വിവിധ ഫോറങ്ങള്‍ നിലവില്‍ വരുന്നതോടു കൂടി അതിനെല്ലാം ഒരു ഏകീകൃത സ്വഭാവം കൈവരും.
? എം.ഒ.സി.എസിന്റെ ഭരണക്രമം എങ്ങനെയാണ്…
- രണ്ട് തരത്തിലുള്ള സംവിധാനമാണ് ഉള്ളത്. ആറ് പേരുള്ള ട്രസ്റ്റി ബോര്‍ഡും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ എക്‌സിക്ക്യൂട്ടീവ് ബോര്‍ഡുമാണ് ഭരണം നിര്‍വഹിക്കുന്നത്.
? ആര്‍ക്കൊക്കെയാണ് ഈ സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക…
- ഇല്ലിനോയി, ഇന്‍ഡ്യാന, വിസ്‌കോണ്‍സിന്‍, മിസോറി എന്നീ സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ അംഗത്വത്തിന് അര്‍ഹരാണ്. മിഷിഗണില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ താത്കാലിക മെമ്പര്‍ഷിപ്പ് കൊടുക്കുന്നുണ്ട്. അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ അമേരിക്കന്‍ സിറ്റിസണോ സ്ഥിര താമസക്കാരോ ആവണം. എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്കും അംഗമാകാം. 18 വയസ് കഴിഞ്ഞവര്‍ക്ക് വിവിധ ബോര്‍ഡുകളില്‍ ഭാരവാഹിത്വം വഹിക്കാന്‍ യോഗ്യതയുണ്ട്.
ഡോ. ബിനു ഫിലിപ്പിന്റെ ഭാര്യ ഡോ. സിബില്‍ ഫിലിപ്പ് ഇന്ത്യയില്‍ നിന്നും എം.ബി.ബി.എസ് കരസ്ഥമാക്കി അമേരിക്കയിലെത്തിയ ശേഷം സെന്റ് ഫ്രാന്‍സിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സും നേടി. കുറച്ചുകാലത്തെ പ്രാക്ടീസിനെ തുടര്‍ന്ന് ഷിക്കാഗോ മലയാളി അസോസിയേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി. നിലവില്‍ അസോസിയേഷന്റെ ജോയിന്റ് ട്രഷററായ ഡോ. സിബില്‍ ഫിലിപ്പ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകയും സജീവ പ്രവര്‍ത്തകയുമാണ്. നൃത്തത്തില്‍ പ്രാവീണ്യമുള്ള ഡോ. സിബില്‍ ഫിലിപ്പ് സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന വ്യക്തിത്വമാണ്.

ഡോ. ബിനു ഫിലിപ്പ്-ഡോ. സിബില്‍ ഫിലിപ്പ് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മികച്ച ഗായികയായ മൂത്ത മകള്‍ ക്രിസ്റ്റീന്‍ ഫിലിപ്പ് ഡാളസ് സെന്റ് അഗസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടര്‍ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാം ചെയ്യുന്നു. രണ്ടാമത്തെ മകന്‍ സിറില്‍ ഫിലിപ്പ് ഷിക്കാഗോ ഡി പോള്‍ യൂണിവേഴ്‌സിറ്റി ബാച്ചിലര്‍ ഓഫ് ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകന്‍ സ്റ്റെഫാന്‍ പിലിപ്പ് 12-ാം ക്ലാസില്‍ പഠിക്കുന്നു.

കര്‍മമേഖലയിലെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയിലും തന്റെ മാതൃസഭയെയും സഭാകുടുംബാംഗങ്ങളെയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള ഡോ. ബിനു ഫിലിപ്പിന്റെ സ്‌നേഹവും കരുതലും അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ്. അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന മാതൃകാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും വിജയപ്രദമാവട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.