വാഷിംഗ്ടൺ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്ത് മാധ്യമ പ്രവർത്തകന്റെ മൈക്ക് തട്ടി. മൈക്ക് മുഖത്ത് തട്ടുന്ന ദൃശ്യം പ്രചരിച്ചതോടെ സുരക്ഷാവീഴ്ചയെന്ന് രൂക്ഷ വിമർശനം
അബദ്ധത്തിൽ റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടുന്നതാണെന്ന് വീഡിയോയിൽ വ്യക്തമാണ്. വാർ സമ്മേളനത്തിനിടെ ആയിരുന്നു തിക്കിത്തിരക്കി നിന്ന ഒരു റിപ്പോര്‍ട്ടറുടെ കയ്യിലുള്ള മൈക്കാണ് സെക്കന്റുകൾ ട്രംപിന്റെ മുഖത്ത് തട്ടിയത്. ഇത് കണ്ട് അൽപം പരുഷമായി റിപ്പോര്‍ട്ടറെ നോക്കുകയും പുരികം ഉയര്‍ത്തി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.
ജോയിന്റ് ബേസ് ആൻഡ്രൂസിൽ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു അപ്രതീക്ഷിതമായ സംഭവം. വാഷിംഗ്ടൺ ഡിസിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ക്യാമറയിൽ പതിഞ്ഞ സംഭവം പിന്നീട് വൈറലാവുകയായിരുന്നു. ‘ഇന്നത്തെ ടെലിവിഷൻ സ്ക്രീൻ അവര്‍ കൊണ്ടുപോയി, ഈ രാത്രി അവര്‍ തന്നെ വലിയ സ്റ്റോറിയായി മാറി’- എന്നായിരുന്നു ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞത്. ആദ്യം അസ്വസ്ഥനായെങ്കിലും രസകരമായിട്ടായിരുന്നു പിന്നീട് ട്രംപ് സംഭവത്തെ സമീപിച്ചത്.
എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സീക്രട്ട് ഏജന്റ്സ് എവിടെയെന്നും, ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായെന്നും ചോദിക്കുന്നു ചിലര്‍. അതേസമയം എങ്ങനെയാണ് റിപ്പോര്‍ട്ടര്‍ക്ക് ട്രംപിന്റെ ഇത്ര അടുത്ത് എത്താൻ സാധിച്ചതെന്നും ചോദ്യമുയര്‍ന്നു. അതേസമയം, വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ മാധ്യമങ്ങളെ വിമർശിച്ച് രംഗത്തുവന്നു. ഒരു റിപ്പോർട്ടർ എങ്ങനെയാണ് ട്രംപിന്റെ മുഖത്തോട് ഇത്ര അടുത്ത് ആ മൈക്ക് പിടിച്ചത്? ഇത് ശരിയാണെന്ന് തോന്നുന്നില്ല. സുരക്ഷ ശക്തമാക്കണമെന്നും അവർ പ്രതികരിച്ചു.