എ.എസ് ശ്രീകുമാര്‍
ലോകത്തെ ആഹ്ലാദിപ്പിച്ച് ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്‌ളോറിഡയുടെ തീരത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്യും. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബനോവും സ്‌പേസ് എക്‌സിന്റെ ഫ്രീഡം ഡ്രാഗണ്‍ പേടകത്തിലുണ്ട്. വെറും 8 ദിവസത്തേക്കുള്ള ദൗത്യത്തിനായി പോയി 9 മാസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടും മതിവരുന്നില്ല എന്ന തരത്തിലാണ് മടക്കയാത്രയ്ക്ക് മുമ്പ് സുനിത വില്യംസ് നടത്തിയ പ്രതികരണം.
കഴിഞ്ഞ ദിവസം സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്താസമ്മേളനത്തില്‍ ഭൂമിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. ”എല്ലാം മിസ് ചെയ്യും. ഈ അനുഭവത്തിന് വളരെയധികം നന്ദിയുണ്ട്. ഇത് ബുച്ചിന്റെയും എന്റെയും മൂന്നാമത്തെ ഐ.എസ്.എസിലേക്കുള്ള യാത്രയാണ്. ഇവിടെ നിന്നും ഞങ്ങള്‍ക്ക് ഒരുപാട് നല്ല അനുഭവങ്ങളായിരുന്നു ലഭിച്ചത്. അത് എങ്ങനെ സൂക്ഷിക്കണമെന്ന് അറിയില്ല. പ്രിയപ്പെട്ടവര്‍ക്ക് ഇതൊരു റോളര്‍കോസ്റ്റര്‍ റൈഡ് ആയിരുന്നു. ബഹിരാകാശ യാത്രികരുടെ മടങ്ങിവരവിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രിയപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു…” എന്നാണ് സുനിത പറഞ്ഞത്.
ഈസ്റ്റേണ്‍ ഡേ ലൈറ്റ് ടൈം ഇന്ന് 1.05 മാനാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് (ഐ.എസ്.എസ്) മടക്കയാത്ര ആരംഭിച്ചത്. അണ്‍ ഡോക്ക് ചെയ്ത ശേഷം പേടകം കടലിലിറങ്ങാന്‍ 18 മണിക്കൂറെടുക്കും. സുനിതയെയും കൂട്ടരെയും വരവേല്‍ക്കാന്‍ അമേരിക്കയും ലോകം തന്നെയും സന്തോഷത്തോടെ കാത്തിരിക്കുകയാണ്. 2024 ജൂണ്‍ ഏഴിന് ഐ.എസ്.എസിലെത്തി ജൂണ്‍ 13-ന് മടങ്ങാനായിരുന്നു ഇരുവരുടെയും പ്ലാനെങ്കിലും ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ബോയിങ് സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറാണ് മടക്കയാത്ര ഇത്രയും ദിവസം വൈകിപ്പിച്ചത്.
എന്നാല്‍ സുനിതയും ബുച്ചും ബഹിരാകാശത്ത് കുടുങ്ങിപ്പോയി എന്ന തരത്തിലാണ് ലോകമെമ്പാടും വാര്‍ത്തകള്‍ പ്രചരിച്ചത്. ഒന്‍പതു മാസത്തിലധികം സ്‌പേസില്‍ കഴിഞ്ഞ ഇരുവര്‍ക്കും ഭൂമിയിലെത്തുമ്പോള്‍ ഗൂരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുമെന്നും അവര്‍ രോഗികളായിത്തിരുമെന്നും മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വച്ച് അഭിപ്രായങ്ങള്‍ നിരന്നു. സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനാവുമോ..? ഇനി വന്നാല്‍ത്തന്നെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ പറ്റുമോ..? നാസയ്ക്ക് അവരെ നേരത്തെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കാത്തത് സാങ്കേതിക പിഴവാണോ..? തുടങ്ങിയ ചോദ്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നാസ പ്രഖ്യാപനം നടത്തിയിരുന്നു.
1986 ജനുവരി 28-ന് ഉണ്ടായ ചലഞ്ചര്‍ ദുരന്തത്തിനും 2003 ഫെബ്രുവരി ഒന്നാം തീയതി സംഭവിച്ച കൊളംബിയ അത്യാഹിതത്തിനും ശേഷം ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തും മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതുമായ ഒരു അമേരിക്കന്‍ ബഹിരാകാശ യാത്രയാണ് സുനിതയുടേതും ബുച്ചിന്റേതും. ത്രസ്റ്റര്‍ തകരാര്‍ കണ്ടെത്തിയതിന് ശേഷം സുനിതയെയും ബുച്ചിനെയും ഐ.എസ്.എസിലെത്തിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സൂളിനെ യാതൊരു കുഴപ്പവും കൂടാതെ ഭൂമിയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യിപ്പിച്ചിരുന്നു. വേണമെങ്കില്‍ നാസയ്ക്ക് അവരെ ബോയിങ് സ്റ്റാര്‍ലൈനറില്‍ തന്നെ മടക്കിക്കൊണ്ടുവരാമായിരുന്നു. എന്നാല്‍ നാസ ആ റിസ്‌ക് എടുത്തില്ല. ചലഞ്ചര്‍, കൊളംബിയ ദുരന്തങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ നാസ റിസ്‌ക്ക് എടുത്തിരുന്നില്ല.
കാരണം ഏതൊരു ബഹിരാകാശ പേടകവും ഭൂമിയിലേയ്ക്ക് തിരിച്ചിറങ്ങുന്നത് വളരെയേറെ അപകടം നിറഞ്ഞ സാഹചര്യത്തിലാണ്. പേടകത്തിലെ ത്രസ്റ്ററുകള്‍ യഥാസമയം പ്രവര്‍ത്തിപ്പിച്ച് വേഗത കുറച്ച് അതിനെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിപ്പിച്ച്, ആ സമയത്ത് അന്തരീക്ഷവുമായി ഉരസിയുണ്ടാവുന്ന അതിഭീകരമായ ചൂടിനെ അതിജീവിച്ച് കൃത്യമായ ഒരു ഉയരത്തിലെത്തുമ്പോള്‍ പാരച്യൂട്ടുകള്‍ നിവര്‍ന്ന് വളരെ സാവധാനം കടലില്‍ പതിക്കുന്ന തീതിയിലാണ് ഇപ്പോള്‍ മിക്ക ബഹിരാകാശ പേടകങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. കടലിലല്ലാതെ ഭൂമിയിലിറങ്ങുന്നവയുമുണ്ട്.
ത്രസ്റ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ദുരന്തം പ്രവചനാതീതമാണ്. ബോയിങ് സാറ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളില്‍ 28-ഓളം ത്രസ്റ്ററുകളുണ്ട്. അതില്‍ ചിലതിനാണ് ഹീലിയം ചോര്‍ച്ച മൂലം തകരാര്‍ സംഭവിച്ചിരിക്കാമെന്ന സംശയമുണ്ടായത്. വെറുമൊരു സംശയം. തകരാര്‍ മൂലം മതിയായ ത്രസ്റ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമോയെന്നായിരുന്നു ആ സംശയം. അതാണ് റിസ്‌ക് എടുക്കേണ്ടെന്ന് നാസ നിലപാടെടുത്തത്. പക്ഷേ ആളില്ലാതെ, അപകടം കൂടാതെ തന്നെ ബോയിങ് സാറ്റാര്‍ലൈനറിനെ ഭൂമിയിലെത്തിക്കുകയും ചെയ്തു.
ഈ ഘട്ടത്തില്‍ വേറൊരു പേടകം അയച്ച് നാസയ്ക്ക് സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാമായിരുന്നില്ലേയെന്നും അഭിപ്രായങ്ങളും ആക്ഷേപങ്ങളുമുണ്ടായി. ബഹിരാകാശത്തേയ്ക്ക് പോയി മടങ്ങുകയെന്നത് കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തി, തിരിച്ച് കൊച്ചിയിലേയ്ക്ക് പോകുന്നതുപോലെ അത്ര നിസ്സാരമല്ല. അത് ശതകോടികളുടെയും അതിസങ്കീര്‍ണമായ സാങ്കേതിക തികവിന്റെയും സുക്ഷ്മതയുടെയും ഒരു ഇടപാടാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള യാത്ര വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണ്.
ആരൊക്കെ പോകണം, അപ്പോള്‍ പോകണം, എന്ന് മടങ്ങണം, ഏത് പേടകത്തിലായിരിക്കണം യാത്ര, പേടകം എത്ര ദിവസം സ്‌പേസില്‍ തങ്ങണം, അതിന്റെ സ്‌പെസിഫിക്കേഷന്‍ എന്തായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ സുനിതയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഈ പ്രീ പ്ലാന്‍ഡ് ഷെഡ്യൂളിനെ ബാധിക്കാതെ, അധിക സാമ്പത്തിക ബാധ്യതയുണ്ടാവാതെ അവരെയെങ്ങനെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാം എന്ന കാര്യങ്ങള്‍ പുനക്രമീകരിക്കാന്‍ സമയമടെത്തുവെന്ന് മാത്രം. സുനിതയും ബുച്ചും ഐ.എസ്.എസില്‍ കുടുങ്ങിക്കിടന്നില്ല, അവര്‍ സാധാരണ ചെയ്യുന്നതുപോലെ പരീക്ഷണ നിരീക്ഷണങ്ങളുമായി ഈ 284 ദിവസം അവിടെ സന്തോഷത്തോടെ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ 16-ാം തീയതി സ്‌പേസ് എക്‌സിന്റെ ക്രൂ-10 ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ നാസയുടെ ആനി മക്ക്‌ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്‍ ഏജന്‍സിയായ ജാക്‌സെയുടെ തകുയ ഒനിഷി, റഷ്യ ഏജന്‍സിയായ റോകോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരുമായാണ് ഐ.എസ്.എസില്‍ എത്തിയത്. പകരം സുനിതയും ബുച്ചും അതിന് മുമ്പ് അവിടെയുണ്ടായിരുന്ന നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരുമാണ് ഇപ്പോള്‍ ഭുമിയിലേയ്ക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബറില്‍ വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ക്രൂ-9 ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ആണ് മടക്കം.
ക്രൂ-9-ല്‍ സെന കാഡ്മാന്‍, നിക്ക് ഹ്യൂ, സ്റ്റെഫാന്‍ വില്‍സണ്‍, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് സെപ്റ്റംബറില്‍ പോകേണ്ടിയിരുന്നത്. എന്നാല്‍ സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരേണ്ടതിനാല്‍ നിക്ക് ഹ്യൂ, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവര്‍ മാത്രമാണ് പോയത്. സെപ്റ്റംബറില്‍ ഐ.എസ്.എസിലെത്തിയതല്ലെ, അപ്പോള്‍ത്തന്നെ ക്രൂ-9-ല്‍ സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാമായിരുന്നുവല്ലോ എന്നും സംശയമുയര്‍ന്നു. അതിനും കൃത്യമായ ഉത്തരമുണ്ട്.
സുനിത വില്യംസും ബുച്ച് വിന്‍മോറും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മുതിര്‍ന്ന ആസ്‌ട്രോനോട്ടുകളാണ്. സുനിതയും ബുച്ചും ഉള്‍പ്പെടെ നാലുപേര്‍ മടങ്ങിയാല്‍ ഐ.എസ്.എസിനെ ആര് കമാന്‍ഡ് ചെയ്യും എന്നാരു പ്രശ്‌നം വന്നു. സുനിതയാണ് ഇതുവരെ കമാന്‍ഡ് ചെയ്തിരുന്നത്. ഐ.എസ്.എസിനെ കമാന്‍ഡ് ചെയ്യാന്‍ പരിചയസമ്പത്തുള്ള ആള്‍ വേണം. അതിന് ചില മാനദണ്ഡങ്ങളുണ്ട്. സെന കാഡ്മാനെയായിരുന്നു ഇതിനായി നേരത്തെ നിശ്ചയിച്ചിരുന്നത്. അദ്ദേഹം പോകാതിരുന്നതുകൊണ്ട് മറ്റൊരു സീനിയറായ ആസ്‌ട്രോനോട്ട് ഐ.എസ്.എസില്‍ എത്തുന്നതുവരെ സുനിതയ്ക്ക് അവിടെ തുടരേണ്ടത് അനിവാര്യമായിരുന്നു.
ഒരു വിമാനത്തിന്റെ പൈലറ്റിനെ മാറ്റുന്നതുപോലെ വളരെ ലളിതമായി ഐ.എസ്.എസിന്റെ കമാന്‍ഡറെ മാറ്റാനാവില്ല. കഴിഞ്ഞ ദിവസം എത്തിയ ക്രൂ-10 ദൗത്യസംഘത്തിലെ ആനി മക്ക്‌ലെയിന്‍ ആണ് ഇനി ഐ.എസ്.എസിനെ കമാന്‍ഡ് ചെയ്യുക. അതിനാല്‍ സുനിതയുടെ മടക്കം യാഥാര്‍ത്ഥ്യമായി. മറ്റൊന്ന് സുനിതയുടെയും ബുച്ചിന്റെയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങളാണ്. ഭൂമിയുടെ ഗ്രാവിറ്റിയില്‍ ജീവിക്കാന്‍ പാകത്തിലാണ്‌ലമനുഷ്യന്റെ ശരീരം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. അപ്പോള്‍ മാസങ്ങളോളം സീറോ ഗ്രാവിറ്റിയില്‍ കഴിഞ്ഞിരുന്നവര്‍ ഭൂമിയിലെത്തുമ്പോള്‍ തീര്‍ച്ചയായും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടാവും. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ അവര്‍ക്ക് മാരകമായ രോഗങ്ങളൊന്നുമുണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബഹിരാകാശത്തേയ്ക്ക് പോകുന്നവര്‍ ആറ് മാസം വരെ അവിടെ കഴിയാനുള്ള തയ്യാറെടുപ്പിലാണ്. ചില ഘട്ടങ്ങളില്‍ ഈ കാലയളവിന് ഏറ്റക്കുറച്ചിലുണ്ടാവും. ആസ്‌ട്രോനോട്ടുകളുടെ ശരാശരി ബഹിരാദാശ ദൗത്യകാലം ആറ് മാസമാണ്. ഒരു വര്‍ഷം വരെ സ്‌പേസില്‍ കഴിഞ്ഞവരുമുണ്ട്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ ശേഷം തുടരുന്ന ഒരു നിരന്തര പ്രക്രിയയാണിത്.