വാഷിംഗ്ടണ്‍: അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിയായ ബദര്‍ ഖാന്‍ സൂരിയ്‌ക്കെതിരേ അമേരിക്കന്‍ ഭരണകൂടം ഹമാസ് ബന്ധം ആരോപിക്കുന്നതിനു പിന്നില്‍ ഭാര്യാപിതാവിന്റെ ഹമാസ് ബന്ധമെന്നു സൂചന. കുടുംബ ബന്ധമാണ് നിലവിലെ നടപടിക്ക് പിന്നിലെന്നാണ് സൂരി തന്നെ ആരോപിക്കുന്നത്. ലൂസിയാനയിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ബദര്‍ ഖാന്‍ സുരിയെ താമസിപ്പിച്ചിട്ടുള്ളത്. ബദര്‍ ഖാന്‍ സുരിയുടെ ഭാര്യയുടെ പലസ്തീന്‍ ബന്ധത്തിന്റെ പേരിലാണ് ബദര്‍ ഖാന്‍ സുരിയെ കസ്റ്റഡിയിലെടുത്തതെന്നാണ് കോടതിയില്‍ സൂരിയുടെ ഭാര്യ വിശദമാക്കിയത്. ഭരണഘടന അനുവദിക്കുന്ന സംവദിക്കാനുള്ള സ്വാതന്ത്രത്തില്‍ കവിഞ്ഞൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ബദര്‍ ഖാന്‍ സുരി കോടതിയില്‍ വിശദമാക്കി.
വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയിലെത്തിയതാണ് ബദര്‍ ഖാന്‍ സുരി. ബദര്‍ ഖാന്‍ സുരി ഏതെങ്കിലും തരത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അറിവില്ലെന്നാണ് സര്‍വ്വകലാശാല വക്താക്കളും വിശദമാക്കുന്നത്. ഗാസയില്‍ നിന്നുള്ള മഫാസ് അഹമ്മദ് യൂസഫ് ആണ് സുരിയുടെ ഭാര്യ. 2020 ന് ശേഷമാണ് ഇരുവരും അമേരിക്കയിലേക്ക് എത്തുന്നത്. 2014ല്‍ ദില്ലിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
മഫാസിന്റെ പിതാവ് അഹമ്മദ് യൂസഫ് മുമ്പ് ഹമാസ് സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് തര്‍ക്ക പരിഹാരത്തിനുള്ള ഹൗസ് ഓഫ് വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനായിരുന്നു അഹമ്മദ് യൂസഫ്. ഹമാസിന്റെ ഉപദേഷ്ഠാവായ ഒരു തീവ്രവാദിയുമായി ബദര്‍ ഖാന്‍ സുരിക്ക് ബന്ധമുണ്ടെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്‍ഡ് സെക്രട്ടറി ട്രീസിയ മക്ലാഫ്‌ലിന്‍ ആരോപിക്കുന്നത്. എന്നാല്‍ രണ്ട് തവണ മാത്രമാണ് ബദര്‍ ഖാന്‍ സുരി ഭാര്യാപിതാവിനെ കണ്ടിട്ടുള്ളതെന്നാണ് മഫാസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അമേരിക്കയില്‍ രണ്ട് ദശാബ്ദത്തോളം പിതാവ് താമസിച്ചിരുന്നുവെന്നും അമേരിക്കയിലാണ് താന്‍ ജനിച്ചതെന്നും അഞ്ചാം വയസിലാണ് ഗാസയിലേക്ക് എത്തിയതെന്നും മഫാസ് സത്യവാങ്മൂലത്തില്‍ വിശദമാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.