വാഷിംഗ്ടണ്‍: രാജ്യത്തേക്ക് ഉള്ള എഫ്-1 അപേക്ഷകരുടെ അപേക്ഷകള്‍ കൂട്ടമായി തള്ളി അമേരിക്ക. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 41 ശതമാനം വിദേശ വിദ്യാര്‍ത്ഥികളുടെ വിസകളാണ് അമേരിക്കന്‍ ഭരണകൂടം തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതായത് 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കയിലെ അക്കാദമിക സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എഫ്-1 വിസ. പ്രതിവര്‍ഷം അനുവദിക്കുന്ന വിദ്യാര്‍ത്ഥി വിസയില്‍ 90 ശതമാനവും എഫ് 1 വിസ തന്നെയാണ്.
എഫ് 1 വിസക്കായി 2023-24 വര്‍ഷത്തില്‍ 6.79 ?ലക്ഷം അപേക്ഷകളാണ് വന്നത്. അതില്‍ 2.79 ലക്ഷം അപേക്ഷകളും അമേരിക്ക തള്ളിക്കളഞ്ഞു. 2022-23 വര്‍ഷത്തില്‍ 6.99 ലക്ഷം അപേക്ഷകള്‍ ലഭിച്ചപ്പോള്‍ അതില്‍ 2.53 ലക്ഷം അപേക്ഷകള്‍ തള്ളിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവര്‍ ഏതു രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന പട്ടിക ഇതുവരെ പുറത്ത് വന്നിട്ടില്ല.
കോവിഡിന് മുമ്പുള്ള കാലങ്ങളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ രീതിയില്‍ വര്‍ധനവ് വന്നിരുന്നു. 2023-24 വര്‍ഷമായതോടെ അപേക്ഷകരുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2023-24 വര്‍ഷത്തില്‍ 4.01 ലക്ഷം എഫ്-1 വിസകളാണ് അമേരിക്ക അനുവദിച്ചത്. അതിനു തൊട്ടുമുമ്പുള്ള വര്‍ഷം 4.45 ലക്ഷം എഫ് 1 വിസകളും ഇഷ്യൂ ചെയ്തു.