വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച ഭരണ പരിഷ്‌കാരങ്ങള്‍ക്കൊണ്ടും നിലപാടുകൊണ്ടും എല്ലായ്‌പ്പോഴും മാധ്യമങ്ങളെ ആകര്‍ഷിച്ച അമേരിക്കന്‍ പ്രസിഡന്റും രാഷ്ട്രീയക്കാരനും, അതിലുപരി ഒരു മികച്ച ബിസിനസുകാരന്‍ കൂടിയാണ് ഡോണള്‍ഡ് ട്രംപ്. ട്രംപിനെ പോലെ തന്നെ കുടുംബവും പലപ്പോഴും, പല കാര്യങ്ങളിലും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇളയ മകന്‍ ബാരണ്‍ ട്രംപ് സാങ്കേതിക വിദ്യയില്‍ അസാധാരണ കഴിവുള്ള വ്യക്തിയാണെന്ന് ഇക്കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ മകള്‍ ഇവാന്‍കയും ലോകപ്രശസ്തയാണ്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയിരുന്ന ഒരാളായിരുന്നു അന്നത്തെ ഉപദേശക കൂടിയായ ഇവാന്‍ക. ഇപ്പോഴിതാ ഇവാന്‍കയുടെ ഒരു വിഡിയോ സൈബറിടത്തില്‍ വൈറലായിരിക്കുകയാണ്. ജാപ്പനീസ് ആയോധനകലയായ ജി-ജിറ്റ്സുവില്‍ ഇവാന്‍കയുടെ കഴിവിനെയാണ് എല്ലാവരും പുകഴ്ത്തുന്നത്.
വലന്റെ ബ്രദേഴ്സ് എന്ന ജി-ജിറ്റ്സു ട്രെയിനിങ്ങ് സ്ഥാപനത്തില്‍ ആയോധനകല അഭ്യാസത്തിനിടെ പകര്‍ത്തിയ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. പരിശീലകനെ മിന്നും വേഗത്തില്‍ ഇവാന്‍ക തോല്‍പിക്കുന്നത് ഈ വിഡിയോയില്‍ കാണാം. പ്രശസ്ത സൂപ്പര്‍മോഡല്‍ ജിസല്‍ ബുന്‍ഡ്ചെനിന്റെ ജീവിത പങ്കാളി ജോവാക്വിം വലന്റെ പരിശീലക സ്ഥാപനങ്ങളിലൊന്നാണ് വലന്റെ ബ്രദേഴ്സ്. ജുജിറ്റ്സുവിലെ പലയിനം അടവുകള്‍ ഇവാന്‍ക ചെയ്യുന്നത് ഈ വിഡിയോയിലുണ്ട്.
ജപ്പാനിലെ പ്രശസ്തരായ സമുറായ് പോരാളികളാണ് ഈ ആയോധനകല വികസിപ്പിച്ചത്. കരാട്ടെയോ കുങ്ഫുവോ പോലെയല്ല. അവയില്‍ നിന്നും വ്യത്യസ്തമായി വളരെയേറെ അടവുകളുള്ള ഈ ആയോധന കലയില്‍ എതിരാളിയെ തറപറ്റിക്കണം. ‘മനുഷ്യചെസ്’ എന്നുകൂടി അറിയപ്പെടുന്ന ഒരു ആയോധനകലയാണിത്.
ഡോണാള്‍ഡ് ട്രംപിന്റെയും ആദ്യഭാര്യ ഇവാനയുടെയും മകളായ ഇവാന്‍ക 1981ല്‍ ആണ് ജനിച്ചത്. കുടുംബ ബിസിനസിലേക്കു ചേരും മുന്‍പ് മോഡലായും റിയാലിറ്റി ഷോ താരമായും ഇവാന്‍ക പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ട്രംപ് ഓര്‍ഗനൈസേഷനില്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി. റിയല്‍ എസ്റ്റേറ്റ്, മാധ്യമ സംരംഭകനായ ജാറെദ് കഷ്നറെ 2009-ല്‍ വിവാഹം കഴിച്ചു. ആരബെല്ല, ജോസഫ്, തിയഡോര്‍ എന്ന 3 മക്കള്‍ ദമ്പതികള്‍ക്കുണ്ട്.