ന്യൂഡല്‍ഹി: ഗൂഗിള്‍ ഉളള്‍പ്പെടെയുള്ള കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആറുശതമാനം ഗൂഗിള്‍ നികുതി ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യ പിന്‍വലിക്കും. ഏപ്രില്‍ രണ്ടു മുതല്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചും തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഗൂഗിള്‍ ടാക്‌സ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ലോക്‌സഭയില്‍ ധനകാര്യബില്ലില്‍ ഇക്കാര്യം ഉള്‍പ്പെടിത്തിയിട്ടുണ്ട്.
ഈ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചാല്‍, 2025 ഏപ്രില്‍ ഒന്നു മുതല്‍ ഗൂഗിള്‍ നികുതി ഒഴിവാക്കപ്പെടും. ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.
2016-ല്‍ ആണ് ഇന്ത്യയില്‍ ഇക്വലൈസേഷന്‍ ലെവി അഥവാ ഗൂഗിള്‍ ടാക്‌സ് നിലവില്‍ വന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദേശ ഇ-കൊമേഴ്‌സ് കമ്പനികളുടെ വരുമാനത്തിന് നികുതി ചുമത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. സേവനം ലഭിക്കുന്ന ആള്‍ പണമടയ്ക്കുന്ന സമയത്ത് ചുമത്തുന്ന നികുതിയാണ് ഗൂഗിള്‍ ടാക്‌സ്. പരസ്യത്തിന് പകരമായി നികുതി അടയ്ക്കുന്ന കമ്പനി വിദേശിയായിരിക്കണം എന്നതാണ് വ്യവസ്ഥ.