ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് പോവുന്നതിനായി വ്യാജ രേഖകളും തെറ്റായ വിവരങ്ങളും വിസാ അപേക്ഷയ്ക്കൊപ്പം സമർപ്പിപ്പ 2000 ഇന്ത്യക്കാരുടെ വിസാ അഭിമുഖം റദ്ദാക്കി അമേരിക്ക.
ഇന്ത്യന്‍ അപേക്ഷകരുടെ വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയ വിവരം ഇന്ത്യയിലെ യുഎസ് എംബസിയാണ് പുറത്തു വിട്ടത്. ഏജൻസികളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിച്ച് വിസ അപ്പോയിന്റ്‌മെന്റിന് അനുമതി നേടിയ വ്യക്തികളെ ഇന്ത്യയിലെ കോണ്‍സുലര്‍ ടീം തിരിച്ചറിഞ്ഞതായി എംബസി എക്‌സില്‍ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കി.
അമേരിക്കയിലേക്കുള്ള വീസ നല്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാന എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില തട്ടിപ്പ് സംബന്ധിച്ച് അമേരിക്കൻ എംബസിയുടെ പരാതിയെത്തുടര്‍ന്ന് ഫെബ്രുവരി 27 ന് ഡല്‍ഹി പോലീസ് ഫയല്‍ ചെയ്ത കേസില്‍ തുടര്‍ച്ചയായ അന്വേഷണം നടന്നുവരികയാണ്. തുടര്‍ന്നാണ് യുഎസ് എംബസി വിസ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കര്‍ശനമാക്കി നടപടിയെടുത്തുതുടങ്ങിയത്.
വിസ ഏജന്റുമാരും അപേക്ഷകരും ഉള്‍പ്പെടെ പ്രതികള്‍ യുഎസ് വിസ നേടുന്നതിനായി ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, വിദ്യാഭ്യാസ രേഖകള്‍, തൊഴില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വ്യാജ രേഖകള്‍ നിര്‍മ്മിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പോലീസിന്റെ എഫ്‌ഐആര്‍. ഏജന്റുമാരുടെയും ഡോക്യുമെന്റ് വെണ്ടര്‍മാരുടെയും സഹായത്തോടെ അപേക്ഷകര്‍ തെറ്റായ ക്ലെയിമുകള്‍ സമര്‍പ്പിച്ച 21 കേസുകള്‍ യുഎസ് അധികൃതര്‍ കണ്ടെത്തി.ഈ സേവനങ്ങള്‍ക്ക് അപേക്ഷകരില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.