ലിന്‍സി ഫിലിപ്‌സ്
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ മുപ്പതാം വയസിലേക്ക്. എല്ലാ മേഖലയിലേയും പ്രവര്‍ത്തനത്തില്‍ യൗവനത്തിന്റെ പ്രസരിപ്പുമായി നില്ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാം ഗ്ലോബല്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങളുമായി സംഘാടകര്‍. ലോകമെമ്പാടുമുള്ള ആറു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത് സംഘടനയുടെ ഗ്ലോബല്‍ സമ്മേളനം ലോക മലയാളികളുടെ സംഗമ വേദിയായി മാറും. ബാങ്കോക്കില്‍ ജൂലൈ 25 മുതല്‍ 28 വരെയാണ് സമ്മേളനം
ലോകത്തിന്റെ വിവിധ കോണുകളില്‍ കിടക്കുന്ന മലയാളികളെ ഒരു കുടക്കൂഴില്‍ അണിനിരത്തുന്നതില്‍ ഗംഭീര വിജയം നേടിയ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ മലയാളികള്‍ക്ക് മാതൃകയാണ്. സംഘാടനത്തിലും കൈവെച്ച മേഖലകളിലെ വിജയക്കുതിപ്പിലും ഏതൊരു സംഘടനയും അസൂയയോടെയാണ് ഗ്ലോബല്‍ മലയാളി കൗണ്‍സിലിനെ നോക്കിക്കാണുന്നത്..
ലോകത്ത് എവിടെയാണെങ്കിലും മലയാളികള്‍ക്ക് അവരുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതിനായി ഒരു വേദിയെന്ന ലക്ഷ്യത്തോടെയാണ് 1995 ല്‍ ഡബ്ലിയു എം സി രൂപീകൃതമായത്. 1995 ഏപ്രില്‍ ഏഴിന് ആദ്യത്തെ ആഗോള കണ്‍വന്‍ഷന്‍ ന്യൂജേഴ്സിയില്‍ നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ മലയാളി മേയര്‍ ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കൂട്ടായ്മ ഒരുങ്ങിയത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ആശയത്തിനു പിന്നിലുള്ള ചാലക ശക്തി സാമൂഹിക പ്രവര്‍ത്തകനായ വര്‍ഗീസ് തെക്കേക്കരയുടെയും പത്‌നി മറിയാമ്മ വര്‍ഗീസിന്റെയുമായിരുന്നു.
1995 ജൂലൈ മൂന്നിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്‍കോര്‍പ്പറേറ്റഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ടി എന്‍ ശേഷനായിരുന്നു ആദ്യ ചെയര്‍മാന്‍. കെ.പി.പി. നമ്പ്യാര്‍ പ്രസിഡന്റും അലക്‌സ് വിളനിലം കോശി ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിയില്‍ , ആന്‍ഡ്രൂ പാപ്പച്ചന്‍ (വി.പി. അഡ്മിന്‍), ഡോ. ജോര്‍ജ് ജേക്കബ് (വി.പി.), ഡോ. എ.കെ.ബി. പിള്ള (വി.പി.), ജോണ്‍ എബ്രഹാം (വി.പി.), ജോണ്‍ പണിക്കര്‍ (വി.പി.), തോമസ് ജേക്കബ് വടക്കേമണ്ണില്‍ (ട്രഷറര്‍), പി.റ്റി.ചാക്കോ,ശോശാമ്മ ജോണ്‍,പി.ജെ.മാത്യു,ജോണ്‍ പണിക്കര്‍, ലേഖ ശ്രീനിവാസന്‍, സക്കറിയ പി.തോമസ് എന്നിവര്‍ ചേര്‍ന്ന് സംഘടനയുടെ കെട്ടുറപ്പ് ശക്തമാക്കി.
ഇതില്‍ അലക്‌സ് വിളനിലം കോശി ഇന്നും ഡബ്ലിയു എം സി യുടെ സന്തതസഹചാരിയാണ്. നിലവിലെ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കലുമായി ചേര്‍ന്ന് ബാങ്കോക്കില്‍ വച്ച് ഈ ബൃഹത് സംഘടനയുടെ 30-ാം വാര്‍ഷികം കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഡബ്ലിയുഎംസിയിലെ ഓരോ അംഗത്തിന്റെയും ഏറെക്കാലത്തെ സ്വപ്നമാണ് സംഘടനയ്ക്ക് ആഗോളതലത്തില്‍ ഒരു ആസ്ഥാനം എന്നത് 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂജേഴ്സിയിലെ വുഡ്രിഡ്ജിംഗില്‍ ആസ്ഥാനമന്ദിരം പണികഴിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണസമിതി. മലയാളികളെ സഹായിക്കാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നുണ്ട്.
ലോകമെമ്പാടുമുള്ള മലയാളികളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വളര്‍ച്ചയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നതിനും നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ഒരു സംഗമസ്ഥാനമായി സംഘടന മാറി. ഓരോ മലയാളിയും അവന്റെ കുടുംബവും മുന്നേറിയാല്‍ മാത്രമേ കേരളം എന്ന സംസ്ഥാനം മുന്‍നിരയിലേക്ക് എത്തൂ എന്നുള്ള ദീര്‍ഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രൊഫഷണല്‍ മേഖലയിലെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സംഘടനയിലെ മുതിര്‍ന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തുപറയേണ്ടതാണ്. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികള്‍ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിലും സംഘടന ശ്രദ്ധേയമായ പ്രവർത്തനം നടത്തി.
30 വര്‍ഷത്തിനിടയില്‍ ഡബ്ലിയു.എം.സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തിന്റെ സുസ്ഥിരവുമായ ഭാവി മുന്‍നിര്‍ത്തിയാണ് സംഘടനയുടെ പ്രവര്‍ത്തനം..തൊഴില്‍പരമായ മുന്നേറ്റത്തിനാണ് ഡബ്ലിയു എം സി പ്രധാനമായം ലക്ഷ്യമിടുന്നത്.
ഡബ്ലിയു.എം.സിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കേരളം ആസ്ഥാനമായി പ്രിയദാസ് മംഗളേത്തിന്റെ നേതൃത്വത്തിൽ കേരള ഗ്രാമങ്ങളെ ദത്തെടുക്കുകയും വികസിപ്പിക്കുകയും ചെയ്ത പദ്ധതിയാണ്. എ.വി. അനൂപിന്റെയും ഡോ. കെ.എം. ചെറിയാന്റെയും നേതൃത്വത്തില്‍ ചെന്നൈയില്‍ 200-ലധികം സൗജന്യ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയകള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സഹായത്തോടെ നടത്തിയത് ഒരു നാഴികക്കല്ലായി മാറി.
ദക്ഷിണേഷ്യന്‍ പഠനങ്ങളുടെ ഭാഗമായി അമേരിക്കയിലെയും ഇന്ത്യയിലെയും നിരവധി സര്‍വകലാശാലകള്‍ ഇന്ന് ഉപയോഗിക്കുന്ന ‘ ‘കേരള പഠനങ്ങളുടെ ആമുഖം പ്രസിദ്ധീകരിക്കാന്‍ സഹായിച്ചു. മലയാളത്തിന്റെ പ്രാധാന്യം എറ്റവും ശ്രദ്ധേയമായി നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെ പ്രഫ. അയ്യപ്പ പണിക്കര്‍ തയ്യാറാക്കിയ ‘അടിസ്ഥാന മലയാളം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. യുവാക്കള്‍ക്കായി ‘ആള്‍ട്ടിയസ് പ്രോഗ്രാം’ അവതരിപ്പിച്ചു. വിദേശ പൗരത്വം നേടിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒസിഐ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സജീവമായ ഇടപെടല്‍ നടത്തിയതാണ് മറ്റൊരു ശ്രദ്ധേയ പ്രവര്‍ത്തനം.
കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങള്‍,യുദ്ധങ്ങള്‍ തുടങ്ങിമ ദുരന്ത സമയങ്ങളില്‍ ലോകത്തിന്റെ പല കോണുകളില്‍ ഇരുന്ന് സഹായം ചെയ്ത് മലയാളികള്‍ക്ക് കൈത്താങ്ങും അവരുടെ രക്ഷകരുമായി മാറി. ഡബ്ലിയു എം സി- യുടെ പരിസ്ഥിതി സംരക്ഷണ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ കേരളത്തിലെ നദികളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തില്‍ ലക്ഷക്കണക്കിന് പ്ലാവ് നട്ടുപിടിപ്പിക്കുകയും ചെയ്തു.ലഹരി മുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള പുതിയ പദ്ധതി സംഘടനയുടെ സംസ്ഥാനതല നേതാക്കളും വനിതാ ഫോറവും ഏറ്റെടുത്ത് വിജയകരമായി നടത്തുന്നുണ്ട്
ബാങ്കോക്കില്‍ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14 -ാമത് ഗ്ലോബല്‍ വിവാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ തിരുവനന്തപുരത്ത് ചെയ്തു. തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊല്ലം എംഎല്‍എ എം. മുകേഷ് നോര്‍ക്ക സെക്രട്ടറി ഡോ. കെ വാസുകിക്ക് ലോഗോ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. മലയാളികളെ മികച്ച നേതൃപാടവമുള്ളവരായി മാറ്റുന്നതില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണെന്നു മുകേഷ് എംഎല്‍എ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ കോണ്‍ഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ബാബു സ്റ്റീഫന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് പുറത്തുമുള്ള മികച്ച അവസരങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ മനസിലാക്കണമെന്നു ബാബു സ്റ്റീഫന്‍ പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി കെ വിജയചന്ദ്രന്‍ ആമുഖഭാഷണം നടത്തി. ഡോ എം. വി.പിള്ള, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, റാണി മോഹന്‍ദാസ്, സരണി ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. വേള്‍ഡ് മലയാളി കൗണ്‍ സില്‍ ഗ്ലോബല്‍ ട്രഷറര്‍ ഷാജി മാത്യുസ്വാഗതവും ഗോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി വൈചെയര്‍മാന്‍ സുരേന്ദ്രന്‍ കണ്ണാട്ട് നന്ദിയും പറഞ്ഞു.