വാഷിംഗടണ്‍: കൊളംബിയ സര്‍വകലാശാലയുടെ ഇടക്കാല പ്രസിഡന്റായ കത്രീന എ. ആംസ്ട്രോംഗ് സ്ഥാനമൊഴിഞ്ഞു. പാലസ്തീന്‍ പ്രക്ഷോഭണവുമായി ബന്ധപ്പെട്ടു അതിശക്തമായ പ്രക്ഷോഭം കൊളംബിയ സര്‍വകലാശാലയില്‍ നടന്നത് ലോകവ്യാപകമായി വന്‍ ചര്‍ച്ചയായതാണ്.
ട്രംപ് ഭരണകൂടത്തോടൊപ്പം ഫെഡറല്‍ ഫണ്ടിങ്ങിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകലാശാല യോജിച്ചതിന് ഒരു ആഴ്ചക്കു ശേഷമാണ് ഈ പ്രഖ്യാപനം.
കഴിഞ്ഞ ഓഗസ്റ്റിലാണ് മുന്‍ പ്രസിഡന്റ് നെമാറ്റ് മെനൂഷെ ഷാഫിക് രാജിവച്ചതിനെ തുടര്‍ന്ന് ആംസ്ട്രോംഗ് സ്ഥാനമേറ്റത്. ഗാസയിലെ പാലസ്തീന്‍ യുദ്ധത്തിന് അനുഭാവം പ്രകടിപ്പിച്ച് സര്‍വകലാശാലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.
സര്‍വകലാശാലയുടെ ഇര്‍വിംഗ് മെഡിക്കല്‍ സെന്ററിലേക്ക് തിരിച്ചുപോകുമെന്ന് ആംസ്ട്രോംഗ് വെള്ളിയാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് സഹതലവനായ ക്ലെയര്‍ ഷിപ്മാന്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ കാര്യനിര്‍വാഹക പ്രസിഡന്റായി പ്രവര്‍ത്തിക്കും.
‘കൊളംബിയ സര്‍വകലാശാലയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ആംസ്ട്രോംഗ് വ്യക്തമാക്കി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡേവിഡ് ഗ്രീന്‍വാള്‍ഡ് ആംസ്ട്രോംഗിന്റെ സേവനങ്ങളെ പ്രശംസിച്ചു.
‘സര്‍വകലാശാലയെ നേരിടുന്ന അനിശ്ചിതത്വത്തിന്റെ സമയത്ത് അവര്‍ നേതൃത്വം ഏറ്റെടുത്തു. അവര്‍ സര്‍വകലാശാലയ്ക്ക് സമര്‍പ്പിതയായിരുന്നു. തുടര്‍ന്നും സര്‍വകലാശാലയ്ക്ക് അവരില്‍ നിന്ന് മികച്ച സംഭാവനകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’
ആംസ്ട്രോംഗ് തന്റെ തിരിച്ചു പോകല്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും ഗവേഷണങ്ങളുമായി മുന്നോട്ടുപോകുകയാണ് പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചു. ഇതിനു പിന്നാലെ
കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തി. ക്യാമ്പസില്‍ പ്രോ-പാലസ്തീന്‍ ക്യാമ്പുകള്‍ സ്ഥാപിക്കുകയും, പിന്നീട് വിദ്യാര്‍ത്ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ കയ്യേറുകയും ചെയ്തു. പോലീസ് ഇടപെടലിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചത്.
കഴിഞ്ഞ ആഴ്ച കൊളംബിയയിലെ മുന്‍ വിദ്യാര്‍ത്ഥിയും പ്രക്ഷോഭ നേതാവുമായ പാലസ്തീന്‍ സ്വദേശി മഹ്മൂദ് ഖലീമിനെ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.