വാഷിങ്ടൺ: ആണവകരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ബോംബിട്ട് തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിയോട് മിസൈലുകള്‍ സജ്ജമാക്കി നിര്‍ത്തിയ വിഡിയോ പുറത്തുവിട്ട് പ്രതികരിച്ച് ഇറാന്‍. വേണ്ടി വന്നാല്‍ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്താന്‍ പാകത്തില്‍ ആയുധവിന്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന മിസൈലുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുവെന്ന് ടെഹ്റാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്‍ബിസിക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ആണവകരാറില്‍ ഒപ്പിടാന്‍ രണ്ടാഴ്ച കൂടി ഇറാന് സമയം നല്‍കുമെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മിസൈല്‍ ആക്രമണം നടത്തി തകര്‍ത്തുകളയുമെന്നും കനത്ത താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയത്. ഇന്നുവരെ ഇറാന്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ ബോംബാക്രമണം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ താന്‍ ഇറാന്‍ ശ്രമിച്ചിട്ടില്ലെന്നും യുഎസിനെ വിശ്വസിക്കാന്‍ കൊള്ളത്തതിനാലാണ് കരാര്‍ നീളുന്നതെന്നും ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍ പറഞ്ഞു. ആദ്യം വിശ്വസിക്കാന്‍ കൊള്ളവുന്നവരാണെന്ന് യുഎസ് തെളിയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കില്ലെന്നും പരോക്ഷ ചര്‍ച്ചകള്‍ തുടരാമെന്നാണ് നിലപാടെന്ന് ഖമനയിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാന്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ആണവായുധം ഉണ്ടാക്കാന്‍ യുഎസ് അനുവദിക്കില്ലെന്ന് തന്നെയാണ് ട്രംപ് സര്‍ക്കാരിന്‍റെ നിലപാടെന്ന് വാഷിങ്ടണ്‍ ആവര്‍ത്തിച്ചു. ചര്‍ച്ചയ്ക്കായി ഇറാന്‍ തയ്യാറാകണമെന്നും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഭീഷണി മുഴക്കിയും സൈനികശക്തി കാട്ടിയും അമേരിക്ക സമ്മര്‍ദം ചെലുത്തേണ്ടെന്ന് വ്യക്തമാക്കിയാണ് ഭൂഗര്‍ഭ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മിസൈല്‍ സംവിധാനങ്ങളുടെ ചിത്രം ഇറാന്‍ പുറത്തുവിട്ടത്. 85 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പില്‍ മിസൈല്‍ സിറ്റിയെന്നാണ് പ്രദേശത്തെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് വിശേഷിപ്പിക്കുന്നത്. ഇറാന്‍റെ അതിനൂതന മിസൈലുകളെ കാണിക്കുന്നതിനൊപ്പം നിലത്ത് പെയിന്‍റ് ചെയ്തിരിക്കുന്ന ഇസ്രയേല്‍ പതാകയുടെ മേല്‍ സൈനികര്‍ നില്‍ക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്. വേണ്ടി വന്നാല്‍ മധ്യപൂര്‍വേഷ്യയിലെ തന്ത്രപ്രധാന യുഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയില്‍ വന്ന ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.