ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബിജു ഡാലസിൽ വിനോദ സഞ്ചാര, റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നു.
ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണി അപകടത്തിൽപെട്ടത്.
ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസിൽ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഇവർക്കൊപ്പമുണ്ട്. 2 വർഷം മുൻപാണ് ഇരുവരും രാമമംഗലത്തു നിന്നു യുഎസിലേക്കു പോയത്. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാലസിൽ നഴ്‌സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ.
തോമസ് ആന്റണി ഡാലസിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു വിവരം. തോമസ് ആന്റണിയെപ്പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ലേയ്ക്ക് ഹബ്ബാർഡിൽ മുങ്ങി മരിച്ച രണ്ട് മലയാളി യുവാക്കളും നീന്തൽ വിദഗ്ദരാണെന്നു സുഹൃത്തുക്കൾ പറയുന്നു.എന്നാൽ ദുരൂഹതക്കൊന്നും അടിസ്ഥാനമില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാത്രി എട്ടിന് ശേഷമാണ് അപകടം.