മനു നായർ
ഫീനിക്സ്: ഗിൽബെർട് സിറ്റി സംഘടിപ്പിച്ച ഗിൽബെർട് ഗ്ലോബൽ വില്ലജ് ഫെസ്റ്റിവൽ കേരളത്തിന്റെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. ആരിസോണയിലെ പ്രമുഖ പ്രവാസി സംഘടനകളായ കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ. എച്.എ) യും അയ്യപ്പ സമാജ് അരിസോണയും ചേർന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്റ്റാൾ സജ്ജീകരിച്ചത്. ഗിൽബെർട് സിവിക് സെന്റര് മൈതാനത്തുവച്ച് ശനിയാഴ്ച ഏപ്രിൽ ഒന്നാം തീയതിയാണ് ഈ മെഗാമേള നടന്നത്. നിരവധി രാജ്യങ്ങളെ പ്രതിനിദാനം ചെയ്തുകൊണ്ടുള്ള സ്റ്റാളുകളും, ഭക്ഷ്യ വസ്തുക്കളും, വൈവിധ്യങ്ങളായ കലാരൂപങ്ങളും അരങ്ങേറിയപ്പോൾ കാണികൾക്ക് അത് കൗതുകമുണർത്തുന്ന കാഴ്ചയായിമാറി .
ഗിൽബെർട് ഫെസ്റ്റിവലിൽ ഇന്ത്യയുടെ പ്രാതിനിധ്യമായി കെ.എച്.എ. യെ തെരഞ്ഞെടുത്ത നാൾമുതൽ സംഘടനയുടെ പ്രവർത്തകരായ കിരൺ മോഹൻ, ദിലീപ് പിള്ള , അനിത പ്രസീദ് , മഞ്ജു രാജേഷ് എന്നിവർ സ്റ്റാളിന്റെ മികച്ചരീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അതാന്ത പരിശ്രമത്തിലായിരുന്നു.
കേരളത്തിന്റെ പൗരാണിക പാരമ്പര്യം വിളിച്ചോതുന്ന നിലവിളക്ക്, കൈവിളക്ക്, ആറന്മുള കണ്ണാടി, നടരാജ വിഗ്രഹം, നെറ്റിപ്പട്ടം, ചെണ്ട , ചിലങ്ക എന്നിവയും, കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ചിത്രങ്ങൾ, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനങ്ങൾ, കേരളത്തിന്റെ സംസ്കാരവും പൈതൃകവും നാനാത്വത്തിലെ ഏകത്വവും വിവരിക്കുന്ന ഡോക്യുമെന്ററി എന്നിവ സ്റ്റാൾ സന്ദർശിച്ചവരുടെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചുമായി തയ്യാറാക്കിയ ചോദ്യോത്തര മത്സരത്തിനു ആവേശോജ്ജലമായ പ്രതികരണമാണ് ലഭിച്ചത്. മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കേരളത്തെക്കുറിച്ചും, ഇന്ത്യയുടെ പാരമ്പര്യവും, ഭാഷാ-സംസ്കാര വൈവിധ്യങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനും, വിനോദ സഞ്ചാരത്തിനുള്ള സാധ്യതകളെക്കുറിച്ച് ആരായാനുമായി ഒട്ടനവധി ആളുകൾ സ്റ്റാള് സന്ദര്ശിച്ചു വിവരങ്ങൾ ശേഖരിച്ചു. അമേരിക്കൻ ജനതയ്ക്ക് കേരളത്തിന്റെ സംസ്ക്കാരവും, പൈതൃകവും മനസ്സിലാക്കി കൊടുക്കുവാൻ ഈ മേളയിലൂടെ സാധ്യമായതിന്റെ ചാരിതാർധ്യത്തിലാണ് കെ.എച്.എ. യുടെ ഭാരവാഹികൾ.
കാലഗമനത്തിന്റെ ആര്ഭാടത്തിൽ മുങ്ങി ജീവിക്കുമ്പോഴും പഴമയുടെ പൊരുളും, പാരമ്പര്യത്തിന്റെ പെരുമയും, ഗൃഹാതുരത്വവും മനസ്സിൽ സൂക്ഷിക്കുന്നവരാണ് പ്രവാസികളെന്നുള്ള ഒരു ഓർമ്മപ്പെടുത്തലിനുകൂടി സാക്ഷിയായി ഈ മേള. സ്റ്റാളിന്റെ പ്രവർത്തനവുമായി സഹകരിച്ച എല്ലാ സംഘടനാ പ്രവർത്തകർക്കും, അഭ്യുദയാകാംക്ഷികൾക്കും, ഗിൽബെർട് സിറ്റി കാര്യാധികാരികൾക്കു മുള്ള നന്ദി കെ .എച്.എ യുടെയും അയ്യപ്പ സമാജ് അരിസോണയുടെയും ഭാരവാഹികളായ ശ്രീ ജിജു അപ്പുകുട്ടനും, ശ്രീ ദിലീപ് പിള്ളയും അറിയിച്ചു.